വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

...അരസികന്മാർ കണ്ട 'ആർട്ട് ഷോ'... (കഥ)

നിയാഴ്ച രാവിലെ ഒന്ന് നേരം വെളുത്തു വരുമ്പോൾ തന്നെ, എല്ലാ ആഴ്ചയിലേയും പതിവ് പോലെ , പുതിയ എന്തോ ഉഡായിപ്പുമായി ഫോണിൽ അവന്റെ വിളി വന്നു ,


" അണ്ണാ , ഇന്ന് ഇവിടെ അടുത്തൊരു ആർട്ട് ഷോ ഉണ്ട്. 1300 - 1800  കാലഘട്ടത്തിലൊക്കെയുള്ള കുറെ ലോകപ്രശസ്ത ചിത്രങ്ങളും പ്രതിമകളും ഒക്കെയുണ്ട് . എനിക്ക് അതൊക്കെ കണ്ടാൽ കൊള്ളാമെന്നുണ്ട് , അണ്ണനും കൂടി വരോ ? "


" ഒന്ന് പോടെ , ഞാൻ ഇമ്മാതിരി ഐറ്റംസ് കാണാൻ പോകാറില്ല . ഡിസ്‌നിയുടെ പുതിയ കാർട്ടൂൺ സിനിമ ഇറങ്ങിയെന്നു കേട്ട് . അതിനു പോവാനാണെങ്കിൽ ഞാനും വരാം "


" എന്ത് അണ്ണാ നിങ്ങൾ ഇങ്ങനെ പറഞ്ഞു കളഞ്ഞത്. ജീവിതത്തിൽ എനിക്കാകെ അറിയാവുന്ന ഒരു കലാകാരൻ നിങ്ങളാണ്. നിങ്ങൾ കൂടിയുണ്ടെങ്കിൽ മനസ്സിലാവാത്ത കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാലോ എന്ന് കരുതിയാണ് . അണ്ണനില്ലേൽ വേണ്ട , എനിക്ക് ഇതൊന്നും കാണാൻ യോഗമില്ലെന്നു കരുതാം ... "


അവൻ ശരിക്കും എന്റെ വീക്ക് പോയിന്റിൽ തന്നെ കയറി സെന്റി അടിച്ചു. ഫേസ്ബുക്കിൽ ചളു പോസ്റ്റിടുന്ന എന്നെ കലാകാരൻ എന്ന്  വിളിച്ചതോടെ , മറിച്ചൊന്നും പറയാനാകാതെ ഞാൻ രോമാഞ്ചനായി തരിച്ചു നിന്നു. ഇനി അവൻ ആക്കിയതാണോ ! ഏയ്, ഞാൻ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കാൻ പാടില്ല. ശരി, എന്തായാലും ഒന്ന് പോയേക്കാം. എനിക്കും കാണാമല്ലോ എന്താണ് ഈ ആർട്ട് ഷോയെന്നു


" ഡേയ് , ശരി ശരി ... അപ്പോൾ നീ ഇങ്ങു പോര്. നമുക്ക് ഒന്നിച്ചു പോകാം "


" താങ്ക്സ് അണ്ണാ ... നിങ്ങളാണ് അണ്ണാ ഒരു യഥാർത്ഥ കലാകാരൻ. ഉടനെ കാണാം  "


അവൻ എന്നെ ഒന്ന് കൂടി സുഖിപ്പിച്ചു ഫോൺ വെച്ചു . എന്തായായിരിക്കും 'ആർട്ട് ഷോ ' , എങ്ങനെ ആയിരിക്കും 'ആർട്ട് ഷോ ' എന്നൊക്കെ ആലോചിച്ചു അങ്ങനെ ഞാൻ ബെഡിൽ തന്നെ അലസമായി കിടക്കുമ്പോൾ , വാതിലിൽ മുട്ടും കാളിങ് ബെല്ലടിയും. തുറന്നപ്പോൾ  അതാ മുൻപിൽ നിൽക്കുന്നു , സാക്ഷാൽ ലവൻ !


" എടേ, നീ ഇപ്പോൾ ഫോൺ അങ്ങ് വെച്ചതല്ലേയുള്ളു... നേരം ഒന്ന് നല്ലോണം വെളുക്കട്ടെ ... നമുക്ക് പതുക്കെ അങ്ങ് പോകാം "


അവൻ ഒരുതരത്തിലും എന്നെ വിടുന്ന ലക്ഷണം ഇല്ല ,


"  നിങ്ങൾ പെട്ടെന്ന് ഒരുങ്ങി വാ  .. അവിടെ വലിയ തിരക്കാണ് എന്നാണു കേട്ടത് ... അത് പോലെ ഒരു ദിവസം മുഴുവനും കാണാനുള്ളതുണ്ട് ... "


ഇനിയിപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. എത്രയും പെട്ടെന്ന് കൂടെ പോയി ആ ഷോ കണ്ടു തീർക്കാതെ ഇനിയവൻ അവന്റെ ഷോ നിർത്തില്ല. ' ബീയോണ്ട് ദി പാസ്ററ് ' എന്നെന്തോ ആണ് ഷോയുടെ പേര് ! എന്തായാലും , ഇനി വരുന്നത് വരുന്നിടത്തു വെച്ചു കാണാമെന്ന ധൈര്യത്തിൽ , രണ്ടും കൽപ്പിച്ചു , നേരെ ലോസ് എയ്ഞ്ചേൽസിലെ , ആർട്ട് ഷോ ലൊക്കേഷനിലേക്ക് .....


ആർട്ട് ഷോയുടെ മുൻപിൽ ടിക്കറ്റ് കൗണ്ടറിൽ ഞാൻ വിചാരിച്ചതിലും വലിയ ആൾക്കൂട്ടം ! കയ്യിൽ ക്യാമറയും , നോട്ടു ബുക്കും , പേനയും , മൂക്കിൽ കണ്ണാടിയൊക്കെ ഉള്ള ഒരു വലിയ കൂട്ടം സായിപ്പന്മാരും മദാമ്മമാരും , പിന്നെ പേരിനു കുറച്ചു ഏഷ്യക്കാരും ! ഇന്ത്യാക്കാരുടെ എണ്ണം കുറവായതിനാൽ തന്നെ , കൊടുക്കുന്ന ടിക്കറ്റ് കാശു  മുതലാവുന്ന പണിയല്ലെന്നു തിരിച്ചറിഞ്ഞ ഞാൻ , അവനോടു ഒന്ന് കൂടി ചോദിച്ചു , ' കയറണമെന്നു നിനക്ക് ഉറപ്പാണോ , നമുക്ക് സിനിമയും പോപ്പ് കോണും പോരെ ... "


അവൻ എന്നെ രൂക്ഷമായി നോക്കി ! ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നത് കൊണ്ട് , വെറുതെ അണ്ണാ എന്ന് വിളിക്കുന്ന അവന്റെ വായിൽ നിന്നും വേറൊന്നും കേൾക്കണ്ടാ എന്നും കരുതി , ഞാൻ വേഗം പോയി രണ്ടു ടിക്കറ്റ് എടുത്തു .


കയറിയ ആദ്യം തന്നെ , കിഴക്കോട്ടു ചരിഞ്ഞു , നടുവിന് കയ്യും കൊടുത്തു  കിടക്കുന്ന , സ്ത്രീയുടെ പൂർണ നഗ്ന പ്രതിമ ! " അണ്ണാ , ഈ കാനായി കുഞ്ഞിരാമൻ ഇവിടെയും വന്നാ " , എന്ന അവന്റെ നിഷ്കളങ്കമായ അതിശയത്തിലുള്ള ചോദ്യം എന്നെയും ഒരു നിമിഷം സംശയത്തിലാക്കി. അടുത്ത് ചെന്ന് നോക്കുമ്പോൾ , 1765 ഇലെ ഏതോ ഫ്രഞ്ച് ശിൽപ്പി പണിഞ്ഞ പ്രതിമയാണ് ! എന്തായാലും , ഇനി വരാനുള്ള പൂരത്തിന്റെ ലക്ഷണം ഏതാണ്ട് പിടികിട്ടിയ ഞങ്ങൾ , വേറൊന്നും ചെയാനില്ലാത്തോണ്ട്, വെച്ച കാൽ മുഞ്ഞോട്ട് തന്നെ വെച്ചു.


ഈ കഥയുടെ കൂടെ, ഇവിടെ മാന്യമായി ഇടാൻ പറ്റുന്ന ഒരൊറ്റ ഫോട്ടോ പോലും അവിടെയില്ലായിരുന്നു എന്നതാണ് ഒരു വലിയ സത്യം ! ലളിതമായ മലയാളത്തിൽ സിമ്പിൾ ആയി ചുരുക്കി പറഞ്ഞാൽ , നിക്കറിടാത്ത കുറെ പ്രതിമകളും , തുണിയുടുക്കാത്ത കുറെ പെയിന്റിംഗ് ചിത്രങ്ങളും !! ( ആ മഹാ കലാകാരന്മാർ , ഈ കലാ അരസികനോട് പൊറുക്കട്ടെ ... ). അതിനാണ് 'ബീയോണ്ട് ദി പാസ്ററ് ' എന്നൊക്കെ വലിയ ഡെക്കറേഷൻ !!പക്ഷെ , എല്ലാം ഭയങ്കര ചരിത്ര സംഭവങ്ങൾ ആണ് പോലും . ഓരോ ചിത്രത്തിന്റെ അടിയിലും , ഇറ്റാലിയൻ , ഫ്രഞ്ച് , സ്പാനിഷ് എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്. മിക്ക കലാ രൂപത്തിന്റെയും മുമ്പിലും പോയി, കുറെ ആളുകൾ മണിക്കൂറോളം നോക്കി മിഴിച്ചു നിൽക്കും , എന്നിട്ടു ചിലപ്പോൾ എന്തോ മനസ്സിലായ പോലെ തലയാട്ടും , ശ്വാസം വിടും ,ചിലർ കണ്ണ് തുടയ്ക്കും !


കുറച്ചു ദൂരം ചെന്നപ്പോൾ വലിയ ആൾ കൂട്ടം, അവിടത്തെ ഒരു മെയിൻ ഐറ്റം പ്രതിമയാണ്. ഇടത്തോട്ട് നോക്കി നിന്ന്, വലത്തോട്ട് മൂത്രമൊഴിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ കൽ പ്രതിമ !!! കുറെ നേരം താടിയിൽ കൈവെച്ചു, പ്രതിമയും നോക്കി നിന്നു , ഞങ്ങളുടെ അടുത്ത് നിന്ന സായിപ്പ്  ഞങ്ങളോട് പറഞ്ഞു , 'വൗ , വാട്ട് എ റിയൽ മാസ്റ്റർ പീസ് ' ! ഞാൻ ഭയന്നതു പോലെ തന്നെ , എന്റെ കൂട്ടുകാരൻ അവന്റെ ആദ്യത്തെ സംശയവും എന്നോട് ചോദിച്ചു ,
" എന്തായിരിക്കും അണ്ണാ ,ഈ സാധാരണ പ്രതിമ  അങ്ങേർക്കു ഇത്രയും ഇഷ്ടപ്പെടാൻ കാരണം " ! ഞാൻ പറഞ്ഞു , മിക്കവാറും ഈ പ്രതിമ അയാൾക്ക് അയാളുടെ കുട്ടിക്കാലം ഓർമപ്പെടുത്തി കാണും , അയാളും ചെറുപ്പത്തിൽ ഇടത്തോട്ട് നോക്കി നിന്ന്, വലത്തോട്ടായിരിക്കാം മൂത്രമൊഴിച്ചിരിക്കുക !!! അല്ലാതെ വേറെയൊരു കാരണവും ഞാൻ ഇതിൽ കാണുന്നില്ല !!! എന്ത് കൊണ്ടോ , അവനും ഞാൻ പറഞ്ഞത് ശരിയാണെന്നു തോന്നിയത് കൊണ്ടാണെന്നു തോന്നുന്നു , അവൻ പിന്നൊന്നും  അധികം ചോദിച്ചില്ല !


അങ്ങനെ, പിന്നെയും കുറയെ മണിക്കൂറുകൾ , ഓരോ പെയിന്റിങ്ങും പ്രതിമകളും കണ്ടു കണ്ടു , അത് നോക്കി ആസ്വദിച്ചു നിൽക്കുന്നവരെ നോക്കി പുച്ഛത്തോടെ ഞങ്ങൾ നടന്നു നീങ്ങവെയാണ് , പെട്ടെന്നൊരു എണ്ണ ഛായ ചിത്രത്തിൽ എന്റെ ശ്രദ്ധ പതിഞ്ഞത്. ആകാശത്തു സൂര്യനെയും നോക്കി, ഏതോ കൊട്ടാരത്തിലെ മുറിയിലെ കട്ടിലിൽ അലസമായി കിടക്കുന്ന, പതിനാറാം നൂറ്റാണ്ടിലെ ഏതോ ഒരു ഫ്രഞ്ച് ചേച്ചി !  ആ ചിത്രത്തിലേക്ക് ഒരു നിമിഷം ഞാൻ നല്ലോണം സൂക്ഷിച്ചു നോക്കി , എന്നിട്ട് ഞാൻ അറിയാതെ പറഞ്ഞു പോയി , 'വൗ , വാട്ട് എ റിയലിസ്റ്റിക് റെപ്രസെന്റേഷൻ ഓഫ് പൊളിറ്റിക്കൽ ഡിസൊല്യൂഷൻ "


ഇത് കേട്ട എന്റെ കൂട്ടുകാരൻ അവിശ്വസനീയതയോടെ എന്നോട് ചോദിച്ചു , " എന്ത് !!! എന്നോട് പറ  , എന്താണ് ഈ ചിത്രത്തിൽ നിങ്ങൾ കാണുന്ന ആ ആസ്വാദനം ? " , ഞാൻ അവനോടു പറഞ്ഞു , 'ഉത്തരവാദിത്യമില്ലാത്ത രാജ്യ ഭരണം' , 'കാശിനോടുള്ള മനുഷ്യന്റെ ആർത്തി' , ' ജീവിതത്തിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ ' , 'സ്ത്രീകൾക്ക് എതിരെയുള്ള സമൂഹത്തിന്റെ ചൂഷണം' , എന്നതൊക്കെ  ഈ ചിത്രം എന്നെ ഒരു നിമിഷം ഓർമിപ്പിച്ചു !! അവൻ ആ ചിത്രം വീണ്ടും വീണ്ടും നോക്കി എന്നോട് പറഞ്ഞു , 'ഇതൊക്കെ എവിടെ , എങ്ങനെ ! , എനിക്കൊന്നും കാണാൻ പറ്റുന്നില്ലല്ലോ  ... ? " !!! ഞാൻ പറഞ്ഞു , "എടാ , നീ ആ ചിത്രത്തിലെ ചേച്ചിയെ ഒന്ന് സൂക്ഷിച്ചു നോക്കിയേ , നമ്മുടെ സോളാർ കേസിലെ സരിതയെ പോലെയല്ലേ ? അത്രേയുള്ളു ഞാൻ ഉദ്ദേശിച്ചത് " !


ചിലപ്പോൾ ഇത് പോലെയൊക്കെ തന്നെയാകും മറ്റുള്ളവരും ഈ കലകൾ ആസ്വദിക്കുക ! അവർക്കും ഓരോ ചിത്രങ്ങളും സൃഷ്ടികളും , അവരുടെ ജീവിതത്തിലെയോ സമൂഹത്തിലെയോ എന്തിനെയെങ്കിലുമൊക്കെ ഓർമ്മിപ്പിക്കുന്നുണ്ടാകും ! ഇനി മേലാൽ , ഇമ്മാതിരി അലമ്പ് പരിപാടിയിൽ എന്നെയും നിർബന്ധിച്ചു കൊണ്ട് വന്നു എന്റെ സമയം വെറുതെ കളയരുതെന്നു അവനോടു രണ്ടു ചൂടായി , മ്യൂസിയം വിട്ടിറങ്ങുമ്പോൾ, ഞങ്ങളുടെ മുൻപിൽ നടന്നു പോകുന്ന രണ്ടു പേര്  പരസ്പരം ആത്മാർത്ഥമായി പറയുന്നുണ്ടായിരുന്നു , 'ദിസ് ഈസ് ദി ബെസ്ററ് ഡേ ആൻഡ് ബെസ്ററ് ഷോ ഇൻ ലൈഫ് " എന്ന് !!!


നമ്മുടെ ജീവിതത്തിൽ പലതും ഇങ്ങനെയാണ് , നമുക്ക് ഒന്നും മനസ്സിലാകാതെ പോകുന്നതെല്ലാം നമുക്ക് ജീവിതത്തിൽ വലിയ മണ്ടത്തരം ആയി തോന്നിയേക്കാം ! പക്ഷെ , അത് മനസ്സിലാക്കി ആസ്വദിക്കാൻ കഴിയുന്നവർക്ക്, അതവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയും തോന്നാം !




< ദി ഏൻഡ് >




ഡോക്ടർ

രീരത്തിൽ ചുട്ടുപൊള്ളുന്ന ചൂട്, കടുത്ത തലവേദന. കയ്യിലുണ്ടായിരുന്ന പെയിൻകില്ലറിലോ, ആവിപിടുത്തത്തിലോ  കുറയുന്ന ലക്ഷണം കാണുന്നില്ല. ഇനിയിപ്പം ടൌണിലെ ഹോസ്പിറ്റലിൽ  പോയാലോ ഇന്നത്തെ വഴിയായി. ഫയലെടുപ്പിക്കാൻ ക്യൂനിന്ന്, പിന്നെ ഡോക്ടറുടെ റൂമിന് മുന്നില് ഊഴംകാത്തിരുന്നു മടുത്ത്  പേരു വിളിച്ചകത്തു ചെന്നാലോ പിന്നെ നൂറു ടെസ്റ്റ്.  ബ്ലഡ് ടെസ്റ്റ്, ഈ സീ ജി, എക്സ്റെ, ഇൻഫെക്ഷൻ ആയോന്നു ചെക്ക് ചെയ്യണം, ന്യൂമോണിയ സ്റ്റാർട്ട് ആയോന്നു നോക്കണം, 2 days observation എന്നുവേണ്ട  ഹോസ്പിറ്റൽ   എന്നു കേൾക്കുന്നതേ പേടിയായിത്തുടങ്ങിയിരിക്കുന്നു. 
     അയൽവാസിയും, സുഹൃത്തുമായ പത്മടീച്ചർ ഇന്നലെയും ഉപദേശിച്ചിട്ടു പോയതല്ലേ തൊട്ടടുത്തുള്ള ചെറിയ ഹോസ്പിറ്റലിൽ പോവാൻ.  " പുതുതായി വന്ന ഡോക്ടർ മിടുമിടുക്കനാണത്രേ...... നല്ലകൈപ്പുണ്യമുള്ള  ഡോക്ടർ. ഹാർട്ട്..... ബീ പീ..... മണ്ണാങ്കട്ട ഇതൊന്നും രോഗിയുടെ കേൾക്കെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് നമ്മെ ബേജാറാക്കില്ല. പുഞ്ചിരിയോടെയും, ക്ഷമയോടെയും നമ്മുടെ രോഗവിവരം കേട്ടിരിക്കും. അത്രയ്ക്കു സീരിയസ് ആയി എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം മറ്റുള്ളിടത്തെക്ക്  റഫർ ചെയ്യും. ഇതിപ്പം ഒരിഞ്ചക്ഷൻ കൊണ്ട് മാറാവുന്നതെയുള്ളൂ.... ഒന്നു പോയി നോക്ക്..". 
 ടീച്ചർ ഒന്നൂടെ ഊന്നിപ്പറഞ്ഞതാണ്.... ഒന്നു പോയി നോക്കിയാലോ.... 
     
          ശരീരത്തിൽ തോന്നുന്ന അസഹ്യമായവേദന സഹിച്ച് ഡ്രസ്സ് മാറി വേഗം മുറ്റത്തെക്കിറങ്ങി. വഴിയിൽക്കണ്ട  ആദ്യ ഓട്ടോയിൽക്കയറി ഹോസ്പിറ്റലിലേക്ക്. പരിചയക്കാരനായ ഡ്രൈവറും ഡോക്ടറെ വാനോളം പുകഴ്ത്തി സംസാരിച്ചു... " ഇതിപ്പം ഒറ്റ ഇൻജക്ഷൻ കൊണ്ടു മാറും തീർച്ച....  ".   അയാൾ ഉറപ്പിച്ചു പറഞ്ഞതും മനസ്സിന് ബലമായി.  ഓട്ടോയിൽ ചെന്നിറങ്ങി ഹോസ്പിറ്റലിലേക്ക് കയറിയപ്പോഴേ തോന്നി ആകെക്കൂടി നല്ല വെടിപ്പും, വൃത്തിയും. കുറച്ചുനാൾ മുൻപ് ഒരു ബന്ധുവിനെ കാണാനായി ഈ ഹോസ്പിറ്റലിൽ വന്നപ്പോൾ മനംമടുപ്പിച്ചിതാണ് ഇവിടുത്തെ വൃത്തിഹീനതയും, നിറം മങ്ങിയ കർട്ടനുകളും.  ഇപ്പോൾ മൊത്തത്തിൽ നല്ല വെളിച്ചംപോലെ. ചീട്ടെഴുതുന്നിടത്ത് സുന്ദരിയായ പെൺകുട്ടി മന്ദഹാസത്തോടെ പേരുവിവരങ്ങൾ ചോദിച്ചറിഞ്ഞെഴുതി കാർഡു തന്നു ഭവ്യതയോടെ 
" വെയിറ്റ് ചെയ്യൂ ചേച്ചീ.... ഇപ്പോൾ വിളിക്കാം " എന്നു പറഞ്ഞു.   അന്ന് ബന്ധുവിനെ സന്ദർശിക്കാൻ വന്നപ്പോൾ ഇതേ കൌണ്ടറിൽ ഇരുന്ന സ്ത്രീയോട് പേഷ്യന്റിന്റെ  വിവരം തിരക്കുമ്പോൾ അസഹിഷ്ണുതയോടെ തല ഒന്നുയർത്തി നോക്കാൻ പോലും മിനക്കെടാതെ അവർ " അപ്പുറത്തുപോയി തിരക്കൂ..." എന്നു പറഞ്ഞ് ഇൻസൾട്ട് ചെയ്തതാണ് അപ്പോൾ ഓർമ്മയിൽ വന്നത്. 

അധികം വൈകാതെ തന്നെ തന്റെ പേരു വിളിച്ചു. അകത്തു കയറിചെല്ലുമ്പോൾ  പത്മടീച്ചർ പറഞ്ഞപോലെ തന്നെ സുമുഖനും, ചെറുപ്പക്കാരനുമായ ഡോക്ടർ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. വിശദമായ പരിശോധനകൾക്കുശേഷം  മരുന്നിനു കുറിച്ചുതന്നു....ഒപ്പം ഒരിൻഞ്ചെക്ഷനും . " രണ്ടു ദിവസത്തെ റെസ്റ്റ് കൊണ്ട് മാറാവുന്നതേയുള്ളൂ...   മറ്റു കുഴപ്പമൊന്നുമില്ല " എന്ന ഡോക്ടറുടെ വാക്കുകൾ മനസ്സിന് ആശ്വാസമേകി. കൌണ്ടറിൽ കണ്ട പെൺകുട്ടിയേക്കാൾ സുന്ദരിയായ മറ്റൊരു പെൺകുട്ടി ( നേഴ്സ് ) തന്നെയും കൂട്ടി ഇൻജെക്ഷൻ റൂമിലേക്ക്....  അവൾ മരുന്നു നിറച്ച സിറിഞ്ചുമായി അടുത്തു വരുമ്പോൾ തന്നെ ചെറുതായി വിറക്കാൻ തുടങ്ങിയിരുന്നു..... അവൾ അടുത്തുവന്നു 
സൌമ്യമായി പറഞ്ഞു " ചേച്ചീ.... കൈ നീട്ടൂ....."       ' ഹൊ..... കണ്ണടച്ച് ശ്വാസം പിടിച്ച് ഇരുന്നു. " ചേച്ചീ....." അവൾ തട്ടി വിളിക്കുമ്പോൾ  ആണ് കണ്ണു തുറന്നത്. ദൈവമേ ഇവൾ കുത്തിവച്ചത്  അറിഞ്ഞതുപോലുമില്ലല്ലൊ.....
" ഇവിടടുത്താണോ വീട്?" അവൾ ചോദിച്ചു. 
" അതെ" : ഞാൻ
അവൾ വേഗം മരുന്നെടുത്തു തന്നു... അതുമായി വീട്ടിലേക്ക്. അന്നു വൈകുന്നേരമായപ്പോഴേക്കും പനി വിട്ടുമാറി ആശ്വാസം. 
പത്മടീച്ചർ  വൈകിട്ടു വന്ന് അസുഖവിവരം തിരക്കി. ടീച്ചർ പറഞ്ഞു " ഞാനപ്പഴേ പറഞ്ഞില്ലേ.... ഇപ്പോൾ ആശ്വാസമായില്ലേ...."
" ഉവ്വ് " ഞാൻ ശരിവച്ചു. 
പിന്നീട് ചിലപ്പോഴൊക്കെ വന്നുപോകുന്ന  ചെറിയ ചെറിയ ചില്ലറഅസുഖങ്ങൾ, കുട്ടികളുടെ പനി.... ചുമ എന്നു വേണ്ട എന്തു തോന്നിയാലും ഓടി തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക്....  അങ്ങനെ ഞാനും, പത്മടീച്ചറും വിടുത്തെ സ്ഥിരം പേഷ്യൻസായി.  ഞങ്ങളുടെ ഫാമിലിഡോക്ടറായി ഞങ്ങൾ അദ്ദേഹത്തെ  സ്വയം പ്രഖ്യാപിച്ചു.  ഞങ്ങളെന്നല്ല നാട്ടുകാർ എല്ലാംതന്നെ  എന്തസുഖം വന്നാലും തൊട്ടടുത്തുള്ള  ഹോസ്പിറ്റലിലേക്ക്.  ദിവസങ്ങൾ കടന്നുപോകവേ  ഹോസ്പിറ്റലിൽ പുതിയ പരിഷ്കാരങ്ങളും വന്നുകൊണ്ടിരുന്നു. ഞങ്ങൾ നാട്ടുകാർ അവയെയൊക്കെ ഹാർദമായി സ്വാഗതം ചെയ്തു. ഇതിനകം ആദ്യമായി പരിചരിച്ച ആ സുന്ദരി നേഴ്സുമായി ചെറിയ അടുപ്പം ഉടലെടുത്തിരുന്നു.  കുട്ടികളെ കാണുമ്പോൾ അവൾ അവരോടു സ്കൂൾ വിശേഷങ്ങൾ തിരക്കി.... തന്നോടു കുശലം ചോദിച്ചു. അങ്ങനെ ' അലീന ' എന്ന നേഴ്സ് തനിക്കടുപ്പമുള്ളവളായി. അവൾ വീട്ടുവിശേഷങ്ങൾ പറഞ്ഞു. ഒരേ നാട്ടുകാരാണെന്നറിയുമ്പോൾ  അവൾക്കും, തനിക്കും കൌതുകമായി. 
ഡോക്ടർക്ക് അവളോടു പ്രത്യേകമായ ഒരുകരുതലും, സ്നേഹവും ഉള്ളതുപോലെ തോന്നി. അധികാരഭാവത്തിൽ  അവളെ പലപ്പോഴും ശാസിക്കുന്നതും, അവൾ ഭയഭക്തിബഹുമാനത്തോടെ നില്ക്കുന്നതും കണ്ടിട്ടുണ്ട്. 
     ഹോസ്പിറ്റലിൽ പുതിയ പുതിയ നേഴ്സ് മാർ വന്നുചേർന്നുകൊണ്ടിരുന്നു. എല്ലാം കാണാൻ നല്ല സൌന്ദര്യവും, ഐശ്വര്യവും ഉള്ള പെൺകുട്ടികൾ.  അവർ തൂവെള്ള സാരിയുമുടുത്ത് മാലാഖമാർ മാതിരി ഹോസ്പിറ്റലിൽ ഒഴുകി നടന്നു. ലാബിൽ,ഫാർമസിയിൽ, ഫിസിയോതെറാപ്പിക്ക് എന്നുവേണ്ട.... ആകെക്കൂടി പരിഷ്ക്കാരങ്ങൾ പുരോഗമിച്ചുകൊണ്ടേയിരുന്നു.  ഇളംനീലകർട്ടനുകൾ ഹോസ്പിറ്റൽമുറികളുടെ  ജനാലകൾക്കു  ചാരുത വർദ്ധിപ്പിച്ചു. ഒപ്പം ഹോസ്പിറ്റലിന്റെ മുൻവശം മനോഹരമായ ഗാർഡൻ വച്ചുപിടിപ്പിച്ചു. നിരവധി മഞ്ഞപ്പൂക്കളും, റോസാപ്പൂക്കളും, പത്തുമണിപ്പൂക്കളും  കൊണ്ട് ഗാർഡൻ കൂടുതൽ മനോഹരമായി. ഡോക്ടർ പേഷ്യൻസുമായി  അടുപ്പം ഉണ്ടാക്കിയെടുത്തു. ഞാനും, പത്മടീച്ചറും  ദൂരെ ജോലിസ്ഥലത്തു നിന്ന് വിളിക്കുന്ന ഞങ്ങളുടെ ഭർത്താക്കന്മാരോട്  വീട്ടുവിശേഷങ്ങളെക്കാളേറെ  ഡോക്ടറെപ്പറ്റിയും, ഹോസ്പിറ്റലിനെപ്പറ്റിയും പുകഴ്ത്തിപ്പറഞ്ഞു. 

ഒരു ഞായറാഴ്ചനാൾ ...... ഭർത്താവ്  ഫോണിൽ വിളിക്കുമ്പോൾ കടുത്ത തലവേദനകൊണ്ടു ബാം പുരട്ടി കിടക്കുകയായിരുന്നു. " ടൌണിലെ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പോയി കംപ്ളീറ്റ് മെഡിക്കൽചെക്കപ്പ് ചെയ്യിക്കണം..... നിനക്കിടക്കിടെ ഇങ്ങനെ പനി വരുന്നത് എന്താണെന്നറിയാൻ " എന്ന ഭർത്താവിന്റെ  ഉപദേശത്തെ നിരുപാധികം നിഷേധിച്ചു കൊണ്ട് ഞാൻ  
" ഡോക്ടറിവിടെയുള്ളപ്പോൾ ഒരു സൂപ്പർസ്പെഷ്യാലിറ്റിയുടെയും  ആവശ്യമില്ലെന്നും സൈനസെറ്റിസിന്റെ  പ്രോബ്ലം ഉള്ളതുകൊണ്ടാണ്  ഇടയ്ക്കു പനി വരുന്നതെന്ന് ഡോക്ടർ പറഞ്ഞെന്നും ഒരുമാസം തുടർച്ചയായി മരുന്ന് കഴിച്ചാൽ ഇത് മാറിക്കിട്ടുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും അതിൻപ്രകാരം ഡോക്ടർ തന്ന മരുന്ന് കഴിക്കുന്നുണ്ടെന്നും " പറഞ്ഞപ്പോൾ അദ്ദേഹം നിശബ്ദനായി. 
ഇതിനിടയിൽ നാട്ടുകാരിൽ ചിലർ ഡോക്ടറെപ്പറ്റി  അപവാദവും പ്രചരിപ്പിക്കാൻ തുടങ്ങി " ഡോക്ടർ ആളത്ര ശരിയല്ലെന്നും സുന്ദരികളായ നേഴ്സ് മാരെ അപ്പോയിന്റ് ചെയ്യുന്നതിൽ മറ്റെന്തോ ഉദ്ധേശ്യമുണ്ടെന്നും  ഒക്കെ നാട്ടിൽ കുബുദ്ധികൾ പ്രചരിപ്പിക്കാൻ തുടങ്ങി. താനും, പത്മടീച്ചറും  നാട്ടുകാരിൽ നല്ലൊരു വിഭാഗവും ഇതൊന്നും ഗൌനിച്ചതുമില്ല.... വിശ്വസിച്ചതുമില്ല " ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാൻ കഴിഞ്ഞാലും മനുഷേന്മാരുടെ വാമൂടിക്കെട്ടാൻ  കഴിയില്ലല്ലോ". 

ഒരിക്കൽ വലിയമ്മച്ചിക്ക് പനി മൂർച്ചിച്ചു ഉച്ചസ്ഥായിയിലെത്തി നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലെത്തിയപ്പോൾ ഡോക്ടർ വീട്ടിൽ വന്നു ചികിത്സിച്ചു സേവനം നടത്തി. കൂടാതെ അലീന സിസ്റ്ററിനെ പ്രത്യേകമായി വല്യമ്മച്ചിയെ ശ്രദ്ധിക്കാൻ ഏർപ്പാടാക്കി തരികയും ചെയ്തു. അങ്ങനെ സുന്ദരിയായ അലീന സിസ്റ്റർ ഹോസ്പിറ്റൽ വണ്ടിയിൽ രാവിലെയും, വൈകുന്നേരവും മുടങ്ങാതെ വന്ന് വല്യമ്മച്ചിക്കു ഇൻജെക്ഷൻ കൊടുക്കയും, ടെംമ്പറേച്ചർ നോക്കയും പരിചരിക്കയും ചെയ്ത് വല്യമ്മച്ചി പൂർണ്ണസുഖം പ്രാപിച്ചു. താൻ കാപ്പിയും, പലഹാരങ്ങളും കൊടുത്തു അലീന സിസ്റ്ററിനെ സൽക്കരിച്ചു. വല്യമ്മച്ചി അവളെ വാനോളം പുകഴ്ത്തി സംസാരിച്ചു. ഹോസ്പിറ്റൽ ജീവനക്കാരിൽ ഭൂരിഭാഗവും തങ്ങൾക്കു ചിരപരിചിതരായി.  

അങ്ങനെയിരിക്കെ ഭർത്താവ്  ലീവിന് വന്നു. തന്റെ നാട്ടിലെത്തിയ മിടുക്കനായ ഡോക്ടറെ ഒന്ന് കാണുക.... പരിചയപ്പെടുക എന്ന ഉദ്ധേശ്യത്തോടെ അദ്ദേഹത്തെ  കാണാനായി  പോയി.  കുശലം പറച്ചിലിനിടയിൽ  ഡോക്ടർ ഹോസ്പിറ്റലിന്റെ ഇന്നത്തെ പോക്കിനെപ്പറ്റി അഭിപ്രായം തിരക്കി.  ഭർത്താവ് ഹോസ്പിറ്റലിന്റെ മാറ്റത്തെപ്പറ്റി മതിപ്പോടെ സംസാരിച്ചപ്പോൾ ഡോക്ടർക്ക് ഇനിയും ഈ ഹോസ്പിറ്റലിനെപ്പറ്റി ഒരുപാട് സ്വപ്നങ്ങൾ ഉണ്ടെന്നും സാമ്പത്തികം ഒരു ഘടകമാണെന്നും സംഭാഷണമദ്ധ്യേ  വെളിപ്പെടുത്തി. നാട്ടിലെ കുപ്രചാരണങ്ങൾ തന്നെ മാനസ്സികമായി തളർത്തുന്നുവെന്നും  ഡോക്ടർ പറഞ്ഞതായി  അദ്ദേഹം പറഞ്ഞു. തന്റെയും, പത്മടീച്ചറിന്റെയും ഡോക്ടറിനെയും ഹോസ്പിറ്റലിനെയും പറ്റിയുള്ള മതിപ്പുകൾ ശരിവച്ചാണ് അദ്ദേഹം ലീവ് കഴിഞ്ഞു തിരികെപ്പോയത് . 

രണ്ടുനാളത്തെ അവധി കഴിഞ്ഞ ഒരു തിങ്കളാഴ്ച നാളിൽ മോൾക്കു കടുത്ത പനി.  പെട്ടെന്നുതന്നെ ഓട്ടോ വിളിച്ച് അവളെയുമായി ഡോക്ടറുടെയടുത്തേക്ക് ..... അവിടെ ചെല്ലുമ്പോൾ ആകെയൊരു മൂകത. കൌണ്ടറിലിരുന്ന  പെൺകുട്ടിയുടെ തണുത്ത പ്രതികരണം മനസ്സിൽ സംശയം ഉദിച്ചു. 
" ഡോക്ടർ ഉണ്ടോ?" 
" വന്നിട്ടില്ല ചേച്ചീ..." അവളുടെ മറുപടി. 
മോൾക്കു പനി കലശലാണെന്നറിയിച്ചപ്പോൾ "  വിളിക്കാം " എന്നവൾ പറഞ്ഞു. പതിനഞ്ചു മിനിട്ടിനകം ഡോക്ടർ വന്നു " മോളെ വിശദമായി പരിശോധിച്ച് മരുന്നിനു കുറിച്ചു.  പിന്നെ മെല്ലെ  ഡോക്ടർ പറഞ്ഞു " ചേച്ചീ ഇന്നു രാവിലെ ഇവിടെ ഒരു വിശേഷമുണ്ടായി അറിഞ്ഞിരുന്നോ ?" 
"ഇല്ല"  ഞാൻ പറഞ്ഞു.
ഡോക്ടർ: " നമ്മുടെ അലീന സിസ്റ്ററില്ലേ അവൾ ഒളിച്ചോടിപ്പോയി" 
"ഈശ്വരാ ..... ആരുടെ കൂടെ? ഉദ്വേഗം അടക്കാൻ കഴിയാതെയുള്ള എന്റെ ചോദ്യത്തിന് 
" ഇവിടെ സ്ഥിരം വരുന്ന ഒരു ഡ്രൈവറുടെ കൂടെ "  ഡോക്ടറുടെ മറുപടി. 
" അയാൾ......" അർദ്ധോക്തിയിൽ എന്തു ചോദിക്കണമെന്നറിയാതെ  ആദ്യം ഞാനൊന്നു കുഴങ്ങി. 
" 'അയാൾ ആളെങ്ങനെ ' എന്ന എന്റെ ചോദ്യം  ഗൗനിക്കാതെ ഡോക്ടർ  പറഞ്ഞു   "ഞാനവളുടെ അച്ഛനോട് എന്ത് സമാധാനം പറയും. എന്റെ അകന്ന ബന്ധുവാണ് അവൾ. വീട്ടിൽ സാമ്പത്തികബാധ്യതയുള്ളതാണ് . അവൾ രക്ഷപെടട്ടെ എന്നേ ഞാൻ കരുതിയുള്ളൂ. മാനംമര്യാദക്കു ജോലിചെയ്തു ജീവിക്കേണ്ട പെണ്ണ് എന്നോടിതു ചെയ്തല്ലോ. ഞാനിനി ആ മനുഷ്യന്റെ മുഖത്തെങ്ങനെ നോക്കും. എന്നെ വിശ്വസിച്ചല്ലേ അയാൾ ഇത്രദൂരം അവളെ എന്നോടൊപ്പം അയച്ചത് ". 
ഐശ്വര്യവും, കുലീനതയും നിറഞ്ഞ അലീനയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. ഈ കുട്ടിക്കിതെങ്ങനെ തോന്നി . 
"പ്രേമമല്ലേ .... പ്രേമിക്കുന്നത് പാപമാണോ....? " ഒരു പുനർചിന്തനം മനസ്സിലുണർന്നപ്പോൾ  ഡോക്ടറോടു ചോദിച്ചു " അവരിപ്പോൾ എവിടെയാണെന്ന്  കണ്ടുപിടിച്ച് അവരെ...." 
ടേബിളിലേക്ക് മിഴിയൂന്നി കുനിഞ്ഞിരുന്ന ഡോക്ടർ പെട്ടെന്ന് മുഖമുയർത്തി എന്റെ ചോദ്യം മുഴുവനാക്കാൻ സമ്മതിക്കാതെ പറഞ്ഞു  " എന്തിന്? ഇനി എന്തിനവളെ തിരയണം... തിരഞ്ഞുപിടിച്ച് അനുഗ്രഹിച്ചാശീർവദിക്കാനോ ?"
എന്ത് മറുപടി പറയണമെന്നറിയാതെ ഡോക്ടറുടെ മുഖത്തേക്ക് നോക്കിയിരുന്ന എന്നോട് ഡോക്ടർ പറഞ്ഞു " അയാൾക്ക് ഭാര്യയും, രണ്ടുകുട്ടികളുമുള്ളവനാണ്" .

ഡോക്ടർ മരുന്നുകുറിപ്പെഴുതിത്തന്ന് ധൃതിയുണ്ടെന്നു പറഞ്ഞു പോയി. മരുന്നു വാങ്ങാൻ നിൽക്കുമ്പോൾ ഫാർമസിയിൽ കണ്ടപെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി. ആദ്യം ഹോസ്പിറ്റലിൽ വരുമ്പോൾ കൌണ്ടറിൽ കണ്ട അതേ കുട്ടി... അവളുടെ മുഖം മ്ലാനമായിരുന്നു. താനവളോട് ഒന്നും ചോദിച്ചതുമില്ല.

ആഴ്ചകൾക്കു ശേഷം നാട്ടിൽ പറച്ചിൽ കേട്ടു ' ഡോക്ടർ ഇവിടം വിട്ടു പോകയാണ് '.
നാട്ടുകാർ പലതും പറഞ്ഞു. 
ഒരു ദിവസം വൈകിട്ട് പത്മടീച്ചർ വന്നു പറഞ്ഞു " നാളെ വൈകിട്ട് നമുക്കത്രടം വരെയൊന്നു പോയാലോ... ഡോക്ടറെ ഒന്നു കണ്ടു വിവരങ്ങൾ അറിഞ്ഞു വരാം ". ഞാനും ശരി വച്ചു. 
ഞങ്ങൾ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ ഡോക്ടറുണ്ടായിരുന്നു. കൌണ്ടറിൽ ആ പെൺകുട്ടിയും, ഫാർമസിസ്റ്റും ഒന്നുരണ്ടു പേഷ്യൻസും മാത്രം.  ഞങ്ങൾ ഡോക്ടറുടെ റൂമിലേക്ക് അനുവാദം വാങ്ങി കടന്നുചെല്ലുമ്പോൾ ഡോക്ടറാരോടോ ഫോണിൽ സംസാരിക്കയായിരുന്നു. ഞങ്ങളെക്കണ്ടതും  കൈകൊണ്ടാഗ്യം കാട്ടി ഇരിക്കാൻ പറഞ്ഞു. 
ഫോൺ വച്ചു കഴിഞ്ഞ് മുഖവുരയൊന്നുമില്ലാതെ പത്മടീച്ചറിനെ നോക്കി പറഞ്ഞു " ഞാൻ പോകയാണ് ടീച്ചർ... ഒരു മാറ്റം അനിവാര്യമായി തോന്നി". 
" ഇനിയിപ്പം ഡോക്ടർ എവിടേക്കാ? "  ഞാൻ ചോദിച്ചു.
അല്പം ദൂരെയുള്ള ഒരു സ്ഥലത്തേക്ക് ഡോക്ടർ രണ്ടു ദിവസത്തിനുള്ളിൽ പോകയാണെന്നും, നിങ്ങളുടെയൊക്കെ സഹകരണത്തിനും, സ്നേഹത്തിനും നന്ദിയുണ്ടെന്നും പറയുമ്പോൾ ഡോക്ടറുടെ മുഖത്ത് നിരാശ പടർന്നിരുന്നു. 
ഡോക്ടർക്ക് എല്ലാ ആശംസകളും, നന്മകളും നേർന്ന് യാത്ര പറഞ്ഞു പോരാനിറങ്ങുമ്പോൾ  ഡോക്ടർ പറഞ്ഞു " സന്തോഷങ്ങളും ഒപ്പം കുറെ ദുഖങ്ങളും നൽകിയിട്ടുണ്ടെങ്കിലും നിങ്ങളുടെ നാടിനെ ഞാൻ അത്യധികം സ്നേഹിക്കുന്നു... കാരണം ഇവിടുത്തെ ജനങ്ങൾ നന്മയുള്ളവരാണെന്നു ഞാൻ വിശ്വസിക്കുന്നു".
തിരിച്ചുള്ള നടത്തത്തിനിടയിലും  താൻ അലീനസിസ്റ്ററിനെപ്പറ്റി  ചിന്തിച്ചു... അയാൾ ഉപേക്ഷിച്ചു പോയ കുഞ്ഞുങ്ങളെയും, അമ്മയെയും ഓർത്തു. എപ്പോഴോ പത്മടീച്ചർ പറഞ്ഞു " നല്ല ഒരു മനുഷ്യനായിരുന്നു... ഇനിയിപ്പം ആരാ... എപ്പഴാ.... വരിക ഒന്നുമറിയില്ല " 
ഞാൻ പറഞ്ഞു " അതെ ടീച്ചർ ഇനിയിപ്പം വല്ല തലവേദനയോ.... പനിയോ വന്നാൽ മൈലുകൾ താണ്ടി വണ്ടീം... വള്ളോം പിടിച്ചു പോവേണ്ടേ പട്ടണത്തിലേക്ക് .... " 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശുഭം 

Search This Blog