വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

നഷ്ടവസന്തങ്ങൾ


" ഈ സമയത്ത്  മനസ്സിന് സ്വസ്ഥത ആണാവശ്യം...... സമാധാനവും..."  ഇതായിരുന്നു ഡോക്ടർ നൽകിയ നിർദ്ദേശം. വീട്ടിലോട്ടു തിരികെ കൊണ്ടുചെന്നാലുള്ള അവസ്ഥ ഓർത്താൽ ?  
     ഈയിടെയായി  ഉറങ്ങാൻ കിടന്നാൽ ' ഉറക്കം വരുന്നില്ല ' എന്നു പറഞ്ഞ് അമ്മ  എഴുന്നേറ്റ് മുറിക്കുള്ളിലൂടെ നടക്കുന്നു..... അടുക്കളയിൽ കയറിയാൽ കറിയുടെ ചേരുവകൾ ഒക്കെയും മറന്നുപോയി... നാമം ചൊല്ലാനിരുന്നാൽ മനസ്സിന് ഏകാഗ്രത കിട്ടുന്നില്ല.... എന്നു പറയുന്നു.... ഇങ്ങനെ അമ്മയുടെ അസ്വസ്ഥതകൾ ഏറി വന്നപ്പോഴാണ് ഏട്ടൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്  "ഇപ്പോൾ സ്വസ്ഥതയാണമ്മക്കാവശ്യം..... അതിനീ ഒറ്റമാർഗ്ഗമേയുള്ളൂ ....... കുറച്ചുദിവസം  ഇവിടെ തങ്ങുക..."  ഇതു പറയുമ്പോൾ ഏട്ടന്റെ സ്വരത്തിൽ ദുഃഖം കലർന്നിരുന്നു.  
  ഡോക്ടർ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം അമ്മക്കൊറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ " എനിക്കു വേഗം വീട്ടിൽ പോവണം " 
ഏട്ടൻ പോയിക്കഴിഞ്ഞതും അമ്മ വാശിപിടിച്ചുകൊണ്ടിരുന്നു " വേഗം  വീട്ടിൽ പോവാം നമുക്ക്.."        സാന്ത്വനവാക്കുകൾ എത്രപറഞ്ഞിട്ടും 'അമ്മ വാശിപിടിച്ചപ്പോൾ ക്ഷമനശിച്ചു ചേച്ചി ചോദിച്ചു " സ്വസ്ഥമായിരുന്നാൽ ഇവിടെ വന്നുകിടക്കേണ്ട  ആവശ്യമുണ്ടായിരുന്നോ...?"  അപ്പോൾ 'അമ്മ ശാന്തമായി ഞങ്ങളുടെ മിഴികളിൽ മാറിമാറിനോക്കിക്കിടന്നു .  
   സിസ്റ്റർ വന്നു അമ്മക്കൊരു ഗുളിക വിഴുങ്ങാനായി കൊടുത്തപ്പോൾ 'അമ്മ അതുകഴിക്കാൻ വിസമ്മതിച്ചു കൊണ്ട്  അവരോടു പറഞ്ഞു " എനിക്കൊരു അസുഖവുമില്ല . പിന്നെന്തിനാ ഈ മരുന്നൊക്കെ തരുന്നത്  "
" അതോ.... അമ്മയൊന്നു സ്വസ്ഥമായുറങ്ങി ഉണരുമ്പോഴേക്കും അമ്മയുടെ അസുഖമെല്ലാം പമ്പകടക്കും..." അവർ ചിരിച്ചുകൊണ്ട് മറുപടി നൽകി.
" അപ്പോൾ എനിക്കസുഖമുണ്ടല്ലേ..?" 'അമ്മ വീണ്ടും ചോദ്യം ചോദിച്ചു അവരെ കുഴക്കി. 
സിസ്റ്റർ അമ്മയോടു പറഞ്ഞു " 'അമ്മ സമാധാനമായി കിടക്കൂ... മറ്റൊന്നും ചിന്തിച്ചു മനസ്സു വിഷമിപ്പിക്കാതെ സ്വസ്ഥതയോടെ... സമാധാനത്തോടെ കിടക്കൂ.... ഞങ്ങളൊക്കെയില്ലേ ഇപ്പോൾ അമ്മയുടെ അരികിൽ......" 
'അമ്മ അവരുടെ കൈകളിൽപിടിച്ചുകൊണ്ട്  ചോദിച്ചു " നിന്റെ പേരെന്താ കുഞ്ഞേ...?" 
" നിർമ്മല"  സിസ്റ്റർ പറഞ്ഞു. 
'അമ്മ തലയാട്ടിക്കൊണ്ട് പറഞ്ഞു " നല്ല പേര് " 
" ഉവ്വോ " അവർ ചിരിച്ചുകൊണ്ട് അമ്മയുടെ തലയിൽ തടവിയിട്ടു പുറത്തേക്കു പോയി. 
    'അമ്മ ചുറ്റും കണ്ണോടിച്ചുകൊണ്ട് ഞങ്ങളോട് ചോദിച്ചു " ഇവരൊക്കെ ആരാ?... ഇവർക്കൊക്കെ എന്താണസുഖം... ചുറ്റും മൂന്നാലു ബെഡ്ഡുകൾ. അതിലെല്ലാം അസ്വസ്ഥത നിറഞ്ഞ മനസ്സുമായി വന്നവർ ആയിരുന്നു. 'അമ്മ ഇതു ചോദിച്ചു തീർന്നതും എന്തോ പൊട്ടിച്ചിതറുന്ന ശബ്ദം..... ഒപ്പം ഉച്ചത്തിലുള്ള സംസാരം " എനിക്കിതു വേണ്ടാ..." അങ്ങേയറ്റത്തെ ബെഡ്ഡിൽ നിന്നാണ്.  ഏതാണ്ട് തന്റെ അതേപ്രായം തോന്നിക്കുന്ന പെൺകുട്ടി ചായക്കപ്പ് ഭിത്തിയിലേക്കു വലിച്ചെറിഞ്ഞ്  അച്ഛനോട് ദേഷ്യപ്പെട്ടു " എനിക്കു ചായ വേണ്ടാ അച്ഛാ..... എനിക്കിതു വേണ്ടാ.... എന്നു പറഞ്ഞതല്ലേ..."  അച്ഛൻ മകളെ സമാധാനിപ്പിക്കുന്നു. അവളുടെ അമ്മയാവാം ചായ തുടച്ചുമാറ്റി പൊട്ടിച്ചിതറിയ ചായക്കപ്പിന്റെ അവശിഷ്ടങ്ങൾ പെറുക്കുന്നു.  'അമ്മ ചോദിച്ചു " ആ കുട്ടിക്കെന്തു പറ്റിയതാ ...?"
ചേച്ചി ഒച്ച താഴ്ത്തിപ്പറഞ്ഞു " വേഗം ഒരു റൂം ഒഴിവായിക്കിട്ടിയിരുന്നെങ്കിൽ...... വാർഡിൽ ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ട്.."
   അല്പം കഞ്ഞി നിർബന്ധിച്ച്  അമ്മയെ കഴിപ്പിച്ച് തങ്ങൾ രണ്ടും ഇത്തിരി കഴിച്ചെന്നു വരുത്തി കൈകഴുകി. 'അമ്മ മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു. തനിക്കോ, ചേച്ചിക്കോ ഉറങ്ങാനായില്ല. ചുറ്റും ഉള്ളവർ.... ..... അവരെ പരിചരിക്കാൻ കൂടെനിൽക്കുന്നവർ.......  കൂട്ടിരിപ്പുകാർ..... എല്ലാവരും തുല്യദുഃഖിതർ....
ഉറ്റവരോ ..... ബന്ധുക്കളോ ആവാം....... ആരും ആരോടും കൂടുതൽ വിശേഷങ്ങൾ ആരായുന്നില്ല.  തൊട്ടടുത്ത ബെഡ്ഡിലെ രോഗിയെ ശ്രദ്ധിക്കാതിരിക്കാനാവുന്നില്ല. സുന്ദരിയായ യുവതി..... എല്ലാവരോടും അവർ കുശലം ചോദിച്ചു നടക്കുന്നു... തൊട്ടുപുറകെ അവരുടെ കൂട്ടിരിപ്പുകാരി കാവലാൾ എന്നപോലെ അവർക്കു പുറകേ നടന്നു.   .ചോദിച്ചചോദ്യങ്ങളൊക്കെയും  അവർ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. കൂട്ടിരിപ്പുകാരിയായ ആസ്ത്രീ ചേച്ചിയോട് കുശലം പറയാൻ സന്മനസ്സു കാട്ടി " ന്റെ നാത്തൂൻ കുട്ടിയാ.... കുറച്ചീസായി ഒരെടങ്ങേറീ  കുട്ടീടെ പെരുമാറ്റത്തീ..... ഒറക്കം തീരെയില്ല.... "
ചേച്ചി അടക്കം ചോദിച്ചു " എന്തു പറ്റിയതാ?" 
അവരു പറഞ്ഞു " എന്തു പറയാനാ...  ഭർത്താവ് മറ്റൊരു സ്ത്രീയുമായി ലോഹ്യം.... അതറിഞ്ഞപ്പോൾ തുടങ്ങീതാ ഇങ്ങനൊരു മാറ്റം.. കല്യാണം കഴിഞ്ഞിട്ട് ആറുമാസേ ആയുള്ളൂ....   അവളുടെ തലേവര "
       വാർഡ് ഏറെക്കുറെ നിശബ്ദമാവാൻ തുടങ്ങിയിരുന്നു. നാത്തൂൻസ്ത്രീ എന്തൊക്കെയോ ആശ്വാസവാക്കുകൾ അടക്കത്തിൽ പറഞ്ഞ് ആ യുവതിയെ നിർബന്ധിച്ചുപിടിച്ചു കട്ടിലിൽ കിടത്തുന്നു.  . താനും, ചേച്ചിയും അമ്മയുടെ കാൽക്കീഴിൽ ചുരുണ്ടുകൂടിക്കിടന്ന് ചെറുതായി ഒന്നു മയങ്ങി. 
     നേരം വെളുത്തതും 'അമ്മ ഉണർന്ന് വീട്ടിൽ പോവാൻ നിർബന്ധം തുടങ്ങി. ഏട്ടനെത്തി ഡോക്ടറെ കണ്ടിട്ടുവന്നു പറഞ്ഞു " ഇന്നുകൂടെ നമ്മളൊന്നു ക്ഷമിക്കണം .... നാളെ റൂം തരാമെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ട് ". 'അമ്മ ഏട്ടനോട് സങ്കടം പറഞ്ഞു " മോനേ.. നമുക്കു വേഗം വീട്ടിൽ പോവാം..."  ഏട്ടൻ സ്നേഹരൂപേണ ശാസിച്ചു " പറയുന്നത് കേട്ട് 'അമ്മ രണ്ടുദിവസം ഇവിടെ തങ്ങൂ......" നാളെ രാവിലെ എത്താം എന്നുപറഞ്ഞ് ഏട്ടൻ പോയി. 
     അമ്മയ്ക്കു മരുന്നു കൊടുക്കാനായി നിർമ്മലസിസ്റ്റർ വന്നപ്പോൾ ചേച്ചിയോടായി പറഞ്ഞു " നേരേകാണുന്ന അങ്ങേയറ്റത്തെ റൂമാണ്.... നിങ്ങൾക്കു കിട്ടുന്നത്... നാളെ അവർ ഡിസ്ചാർജായി പോവും" .  " ഹാവൂ ആശ്വാസമായി...."  ചേച്ചി പറഞ്ഞു.

ചുറ്റും ഓരോ തരത്തിൽ അസ്വസ്ഥമായ മനസ്സുമായി എത്തിയവർ.... അവരുടെ ബന്ധുക്കളുടെ  പെടാപ്പാടുകൾ..... നേഴ്സുമാർ .... അറ്റൻഡർമാർ...... ഡോക്ടർമാർ....... എല്ലാവരെയും നോക്കിയും.... കണ്ടും...  ആ പകൽദിനം കഴിച്ചുകൂട്ടുമ്പോഴൊക്കെയും സിസ്റ്റർ കാട്ടിത്തന്ന 
ഞങ്ങൾക്കൊഴിഞ്ഞുകിട്ടിയേക്കാവുന്ന ആ റൂമിലേക്കായിരുന്നു ശ്രദ്ധ മുഴുവൻ.
രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ ഇടവേളയിലാണെന്നു തോന്നുന്നു ആ റൂമിൽ നിന്ന് അമ്മയും , മകളും എന്നു തോന്നിക്കുന്ന രണ്ടുപേർ പുറത്തേക്കിറങ്ങിവന്നു.... 'അമ്മ പ്രൗഢയായ ഒരു സ്ത്രീ.... ആ പെൺകുട്ടിയും ഏതാണ്ട് തന്റെ തന്നെ പ്രായം തോന്നിച്ചു. അവർ വെളിയിലേക്കിറങ്ങി റൂമിന്റെ വാതിൽചാരി തിരിഞ്ഞുവരുമ്പോഴേക്കും മകൾ സ്പീഡിൽ ഇടനാഴിയിലൂടെ നടന്നു മുന്നോട്ടു വരികയായിരുന്നു. അവർ ഓടിവന്ന് അവളുടെ തോളിൽ പിടിച്ചു. നടപ്പിൽ അവൾ അല്പം വേച്ചുപോവുംപോലെ..... അവളാരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ആ'അമ്മ നടന്നടുത്തു വരുമ്പോൾ അവരെത്തന്നെ ശ്രദ്ധിച്ചുനിന്ന എന്നെയും, ചേച്ചിയെയും ഒന്നു നോക്കി അവർ മുന്നോട്ടു നടന്നു.  ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കിയിട്ട് അവളുടെ കണ്ണുകളിൽ ഉറക്കത്തിന്റെ ആലസ്യത.. 
     അന്നു പകലത്രയും 'അമ്മ തളർന്നുറക്കമായിരുന്നു. മനസ്സിന്റെ അസ്വസ്ഥതകൾ മാറ്റാനായി അവർ കൊടുക്കുന്ന മരുന്നിന്റെ ഡോസുകൊണ്ട് 'അമ്മ സുഖമായുറങ്ങി. ചായക്കപ്പ് വലിച്ചെറിഞ്ഞ ആ പെൺകുട്ടി അന്നു ശാന്തമായിക്കിടന്ന് ഏതോ പുസ്തകം വായിക്കുന്നു.  അവളുടെ 'അമ്മ അവളുടെ കാലുകൾ തടവിക്കൊണ്ട് ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നു. തങ്ങളുടെ തൊട്ടടുത്ത ബെഡ്ഡിലെ സുന്ദരിയായ യുവതി എല്ലാവരോടും ചിരിച്ചും, വർത്തമാനം പറഞ്ഞും നടക്കുന്നു. കൂട്ടിരിപ്പുകാരി സ്ത്രീ നിഴൽപോലെ അവർക്കു പുറകെ.... ഇടക്കവർ യുവതിയെ നിർബന്ധിച്ചുകൊണ്ടുവന്നു കട്ടിലിൽക്കിടത്തി.  ഞങ്ങളുടെ അരികിലേക്ക് അവർ കുശലം പറയാൻ വന്നു 'അമ്മ നല്ലോണം ഒറങ്ങിയോ...  രാത്രീല്...." അവർ ചോദിച്ചു.  
ചേച്ചി പറഞ്ഞു " ഓ ഉറക്കം തന്നെ ഉറക്കം... " 
" അപ്പൻ രാവിലെ എത്തിക്കൊള്ളാം.... ന്ന് പറഞ്ഞിട്ട് കാണണില്ല.... വന്നിരുന്നേൽ എനിക്കൊന്നു വീട്ടിൽ പോയി വരാരുന്നു. ..   ' അവർ പറഞ്ഞു 
ചേച്ചി അവരുടെ സംസാരം കേട്ടിരുന്നു... ഇടയ്ക്ക് അവർ അങ്ങേയറ്റത്തെ ബെഡ്ഡിലേക്ക് നോക്കിയിട്ട് സ്വരം താഴ്ത്തിപ്പറഞ്ഞു " ദേ .... ആ കുട്ടീ ല്ലേ ...  ഇന്നലെ എന്താരുന്നു ബഹളം ..... പെട്ടെന്നാ വയലന്റാവുന്നെ .... കുട്ടി പഠിക്കാൻ ബഹുമിടുക്കിയാരുന്നത്രെ.... പരീക്ഷക്ക് മാർക്ക് കുറഞ്ഞുപോയതാ കാരണം ന്നാ..... കേട്ടെ.... "     . 

 പിറ്റേദിവസം രാവിലെ റൂം ശരിയായി എന്ന് സിസ്റ്റർ വന്നുപറഞ്ഞു.  എല്ലാം റെഡിയാക്കി അമ്മയെ കൂട്ടിക്കൊണ്ടുപോവാനായി അറ്റൻഡർ വീൽചെയറുമായി  വന്നു. ആ അമ്മയും, മകളും താമസിച്ചിരുന്ന റൂമല്ല അതിന്റെ അടുത്തായി വരുന്ന രണ്ടാമത്തെ റൂം. " അവർ മൂന്നാലു ദിവസം കൂടിയുണ്ടാവും..... അതുകൊണ്ടാ ഈ റൂമിൽ...." നിർമ്മല സിസ്റ്റർ പറഞ്ഞു. രോഗിക്കൊരു ബെഡ്ഡും സൈഡിലായി ചെറിയൊരു ബെഡ്ഡും, ടേബിളും, ചെയറും , അറ്റാച്ച്ഡ് ബാത്റൂമും കാറ്റും, വെളിച്ചവും കടക്കുന്ന മുൻവശത്തേക്കു വ്യൂ വരുന്ന ജനാലകളുള്ള നല്ല മുറിയായിരിന്നു ഞങ്ങൾക്ക് കിട്ടിയത്. 
'അമ്മ അപ്പോഴൊക്കെയും ' വീട്ടിൽ പോവാം ' എന്ന സ്ഥിരം പല്ലവി തന്നെ. 
    അന്ന് ഇത്തിരി താമസിച്ചാണ് ഏട്ടൻ എത്തിയത്. തിരക്കുകൾ ഏറെ ഉണ്ടായിരുന്നിട്ടും അതിനെല്ലാം ഇടയിൽനിന്ന്  ഓടിയെത്തിയതാണ് ഏട്ടൻ. റൂം കിട്ടിയതും ചേച്ചി ഏട്ടനോടായിപ്പറഞ്ഞു " ഇനി സമാധാനമായി.... വൈകുന്നേരങ്ങളിൽ എനിക്ക് വീട്ടിൽ പോവാമല്ലോ..... കുട്ടികളെയും., ചേട്ടനെയും തനിച്ചാക്കി..... അവിടെയിപ്പോൾ എന്തായിക്കാണുമോ..... എല്ലാം താറുമാറായിക്കാണും....."
" രാത്രി ഇവളെക്കൊണ്ടൊറ്റയ്ക്കു പറ്റിയെന്നു വരുമോ...? ഏട്ടൻ സംശയം പ്രകടിപ്പിച്ചു.  തനിക്കു ചെറിയൊരു സംഭ്രമം തോന്നിയിട്ടും മൗനം അവലംബിച്ചു.   ആദ്യം മുതൽ അമ്മയെ പരിചരിക്കാനെത്തിയ നല്ലവളായ നിർമ്മല സിസ്റ്ററിനോട് ചേച്ചി ഇക്കാര്യം സൂചിപ്പിച്ചു.     സിസ്റ്റർ ധൈര്യം പകർന്നു " ധൈര്യമായി പൊയ്ക്കൊള്ളൂ.... രാവിലെ വന്നാൽ മതി..... എന്താവശ്യമുണ്ടായാലും ഞങ്ങളൊക്കെയുണ്ട്...  അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല.... പിന്നെന്തിനാ പേടിക്കുന്നെ...." 
അത് കേട്ടതും ഏട്ടനും, ചേച്ചിക്കും ആശ്വാസമായീന്ന് തോന്നി.... ഏട്ടൻ അമ്മയോടെന്തൊക്കെയോ വിശേഷങ്ങൾ ചോദിച്ച് എന്നോടും ചേച്ചിയോടും യാത്രപറഞ്ഞു പോകാൻനേരം  തന്നോട് ചോദിച്ചു അമ്മയോടൊപ്പം നീ തനിച്ചു നിൽക്കുമോ?" " ഉവ്വ് " എന്നു തലയാട്ടിയിട്ടും ഏട്ടന്റെ മുഖത്ത് നേരിയ സംശയം ഉണ്ടായിരുന്നോ? പാവം ഏട്ടൻ! എല്ലാവർക്കുമിടയിൽക്കിടന്നു സംഘർഷം അനുഭവിക്കുന്നു. 
   അന്ന് വൈകുന്നേരത്തോടെ " നാളെ രാവിലെ എത്തിക്കൊള്ളാം " ന്ന് എനിക്കും , അമ്മയ്ക്കും ഉറപ്പു നൽകി ചേച്ചി വീട്ടിലേക്കു പോയി. നിർമ്മലസിസ്റ്റർ അമ്മയ്ക്ക് വൈകിട്ട് കഴിക്കുവാനുള്ള മരുന്നും, ഗുളികയും ബോക്സിൽ കൊണ്ടുവച്ചിട്ട് മയക്കത്തിലാണ്ടുകിടന്ന അമ്മയെ വിളിച്ചുണർത്തി " കഞ്ഞി കൊണ്ടുവന്നാൽ കഴിച്ച് മരുന്നു കഴിക്കണം അമ്മേ..."
അവർ തന്റെ നേരെ തിരിഞ്ഞ് "  അമ്മയ്ക്ക് ഭക്ഷണം കഴിഞ്ഞാലുടൻ മരുന്നെടുത്തു കൊടുക്കണം..... എന്താവശ്യമുണ്ടായാലും വിളിച്ചാൽ മതി ... ഞങ്ങളിവിടുണ്ട് " അതും പറഞ്ഞ് കതകുചാരി അവർ പോയി. 
കണ്ണു തുറന്നുകിടന്ന 'അമ്മ വീണ്ടും മയക്കത്തിലേക്കാണ്ടുപോവുന്നതു കണ്ട് താനമ്മയെ കുലുക്കിയുണർത്തി " അമ്മയിങ്ങനെ കിടന്നുറങ്ങണ്ടാ.... ഞാനിന്നു തനിച്ചല്ലേ ഉള്ളൂ... ചേച്ചിയില്ലല്ലോ ....".     " നീ തനിച്ചല്ലല്ലോ ഞാനില്ലേ "  അമ്മയുടെ ചോദ്യം  തന്നിൽ പ്രതീക്ഷ ഉണർത്തി .... 'അമ്മ പഴയ അമ്മയായോ....  മനസ്സ് സ്വസ്ഥമായിട്ടുണ്ടാകുമോ.... പഴയ പ്രസരിപ്പോടെ ഇനി എന്നാണമ്മയെ കാണാൻ കഴിയുക.....

 ഇപ്പോൾ താൻ തീർത്തും ഒരു അരക്ഷിതാവസ്ഥയുടെ നടുവിലാണ്.... ചേച്ചിക്ക്   ചേട്ടനും , കുഞ്ഞുങ്ങളും ഉണ്ട്... എല്ലാസമയവും  ചേച്ചി കൂടെയുണ്ടാവണമെന്നില്ല...  ഏട്ടന്റെ അവസ്ഥ പറയേണ്ടതില്ല.... എല്ലായിടത്തും എത്തിപ്പെടാനും ആരെയും പിണക്കാതെയും വിഷമിപ്പിക്കാതെയുമിരിക്കാൻ ഏട്ടൻ പരമാവധി ശ്രമിക്കുന്നു. ഇപ്പോൾ ഏട്ടത്തിയിൽ നിന്നും നൂറു പരാതികളും, പരിഭവങ്ങളും ഏട്ടൻ സഹിക്കുന്നുണ്ടാവണം..... പാവം ഏട്ടൻ..!!

അമ്മയ്ക്ക് കഞ്ഞി കൊടുത്ത് താനും അല്പം കഴിച്ചു. മരുന്ന് കഴിച്ചതും അമ്മകിടന്നു. താൻ കിടന്നുവെങ്കിലും ഉറക്കം വരുന്നില്ല... അമ്മയുടെ നേർത്ത കൂർക്കംവലിശബ്ദം കേൾക്കുന്നു. ഉറങ്ങിയുറങ്ങിത്തീർക്കട്ടെ അമ്മയുടെ ആകുലതകളെല്ലാം... വന്നുവന്ന് അച്ഛനെപ്പറ്റി ഒരുവാക്കുപോലും പറയാതിരിക്കാൻ താനും, ചേച്ചിയും, ഏട്ടനും ഇപ്പോൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അച്ഛന്റെ അവസാനസമയങ്ങളിലും, മരണസമയത്തും ഒക്കെ 'അമ്മ കാട്ടിയ മനോധൈര്യം കണ്ട്  തങ്ങൾ പലപ്പോഴും അതിശയിച്ചിട്ടുണ്ട് . 'എല്ലാം ഉള്ളിലടക്കിയതിന്റെ പാടാണ് ഇപ്പോൾ 'അമ്മ അനുഭവിക്കുന്നത് ' എന്നാണു ഡോക്ടർ പറഞ്ഞത്. അന്ന് 'അമ്മ ഉള്ളുതുറന്നൊന്നു കരഞ്ഞുതീർത്തിരുന്നെങ്കിൽ.... മനസ്സ് സ്വസ്ഥമായേനെ.... എല്ലാം ഉള്ളിലൊതുക്കി പുറമെ ധൈര്യം ഭാവിച്ചു നടന്ന 'അമ്മ.... എന്നിട്ടിപ്പോൾ എല്ലാം ഓർത്ത്....  പാവം 'അമ്മ.... ശാന്തമായുറങ്ങിക്കൊള്ളട്ടെ... 
    രണ്ടുദിവസം കൊണ്ട് എല്ലാം ശീലമായിത്തുടങ്ങിയിരുന്നു. നിർമ്മലസിസ്റ്ററുടെ സഹകരണം മനസ്സിനേറെ ആശ്വാസമായി.  പകൽ രാവിലെ എത്തിയാൽ ചേച്ചി കൂടുതൽ സമയവും അമ്മയോട് വീട്ടുവിശേഷങ്ങളും, കുട്ടികളുടെ കുസൃതികളും ഒക്കെ പറഞ്ഞ് ഇരുന്നു. അമ്മയുടെ മുഖത്ത് അപ്പോഴൊക്കെ തെളിച്ചം പരക്കുന്നത് കാണാം. വിരസത തോന്നുമ്പോഴൊക്കെ താൻ റൂമിനു പുറത്തെ ഇടനാഴിയിലൂടെ നടക്കും. എന്നും രാവിലെ ഒരു പത്തുമണിസമയം ആവുമ്പോൾ താൻ വെറുതെ ഡോർ തുറന്ന് പുറത്തേക്ക് നോക്കിനിൽക്കുക പതിവാണ്. തങ്ങളുടെ മുറിയുടെ അടുത്തായി രണ്ടാമത്തെ മുറിയിൽ താമസമുള്ള ആ അമ്മയും... മകളും... ആ 'അമ്മ മകളെയുമായി ഇടനാഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കുന്നത് ആസമയത്തെ പതിവുകാഴ്ചയാണ്. പ്രൗഢയായ ആ സ്ത്രീ ഒരിക്കൽ പോലും സംസാരിക്കാൻ കൂട്ടാക്കിയിട്ടില്ല. അടുത്തുവരുമ്പോൾ ഒരു പുഞ്ചിരി സമ്മാനിച്ച് അവർ കടന്നുപോകും. അപ്പോഴൊക്കെയും അവർ ഒരു കൈകൊണ്ട് മകളെ ചേർത്തുപിടിച്ചിരിക്കയാവും. അവൾ ഒരു സ്വപ്നാടനത്തിലെന്നപോലെയാണ്  നടക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ചുറ്റും നടക്കുന്നതെന്തെന്നറിയാതെ അലസമായ ഒരു നടത്തം. 
നിർമ്മലസിസ്റ്റർ വരുമ്പോഴൊക്കെ അമ്മയോട് ആശ്വാസവാക്കുകൾ പറയുകയും, വിശേഷങ്ങൾ തിരക്കയും ചെയ്തു. അന്ന് ഏട്ടൻ വന്ന് കുറേനേരം അമ്മയുടെ അരികിൽ ഇരുന്നു. 'അമ്മ എന്തൊക്കെയോ വീട്ടിലെ വിശേഷങ്ങൾ ചോദിച്ച് ഉറക്കത്തിലേക്കു വീണു. ഏട്ടൻ ഞങ്ങളോട് തിരക്കി " അമ്മയ്ക്ക് മാറ്റമായിത്തുടങ്ങീല്ലേ ..."  
" ഉവ്വ് " ചേച്ചി ശരിവച്ചു. ഏട്ടന്റെ നിസ്സഹായാവസ്ഥ ഓർത്താവാം ചേച്ചി പറഞ്ഞു " ഡിസ്ചാർജായാൽ ഒരാഴ്ച 'അമ്മ എന്നോടൊപ്പം നിൽക്കട്ടെ ക്ഷീണം ഒക്കെ നന്നായി മാറിയിട്ട് അമ്മയെ അങ്ങോട്ടു കൊണ്ടുപോയാൽ മതി... തന്നെയുമല്ല ഇവൾക്ക് ഒരാഴ്ച കൂടി കഴിഞ്ഞാൽ ക്ലാസ്സ് തുടങ്ങുകയല്ലേ...." .  ഏട്ടന്റെ മൗനം സമ്മതമാണെന്ന് തനിക്കും, ചേച്ചിക്കും മനസ്സിലായി.  ഏട്ടൻ ഇടനാഴിയിലൂടെ പുറത്തേക്കു നടന്നുപോകുന്നതും നോക്കി താനും, ചേച്ചിയും നിന്നു. 

    അടുത്ത ദിവസം നിർമ്മലസിസ്റ്റർ തന്നെയാണ് ചേച്ചിയോട് പറഞ്ഞത് " അപ്പുറത്തെ റൂം കാലിയാവുകയാണ്... ആകുട്ടിയും, അമ്മയും ഡിസ്ചാർജാവുകയാണ്... ആ കുട്ടിക്കൊത്തിരി മാറ്റം ആയി. " എന്തോ സ്വപ്നം കണ്ടു പേടിച്ചുണ്ടായ അസ്വസ്ഥത " ആണെന്നായിരുന്നു ആ 'അമ്മ പറഞ്ഞിരുന്നത്. ഇതിനകം ചായക്കപ്പ് വലിച്ചെറിഞ്ഞ വാർഡിലെ പെൺകുട്ടി എല്ലാം ഭേദമായി തിരികെപ്പോയെന്നും, എല്ലാവരോടും കുശലം പറഞ്ഞു നടന്ന യുവതിയെ അവരുടെ അസുഖം പൂർണ്ണമായും ഭേദമാകാതെ  അവരുടെ അച്ഛൻ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയിയെന്നും ' എന്തോ ചെയ്ത്തുദോഷം കൊണ്ടാ ന്റെ കുട്ടിക്കിങ്ങനെയൊക്കെ സംഭവിച്ചത്...  അതിനു പരിഹാരം കാണാണ്ട് അവൾടെ സൂക്കേട് മാറില്ലത്രേ..." എന്നു പറഞ്ഞ് വാശിപിടിച്ചാണ് അവരുടെ അച്ഛൻ ഡിസ്ചാർജ് വാങ്ങിച്ചു കൊണ്ടുപോയതെന്നും ഒക്കെ നിർമ്മല സിസ്റ്റർ വിശേഷങ്ങൾ കൈമാറി അമ്മയോട് കുശലവും പറഞ്ഞു പോയി. 
ചേച്ചി ഏതോ വീക്കിലിയും മറിച്ചിരുന്നു സമയംപോക്കി. 'അമ്മ മെല്ലെ മയക്കത്തിലേക്ക് വീണിരുന്നു. ഡോറിൽ ആരോ മൃദുവായി തട്ടുന്ന ശബ്ദം കേട്ടാണ് ഡോർ തുറന്നത്.... ആ പെൺകുട്ടി.... അതിശയം തോന്നി.... മുടി രണ്ടായി മെടഞ്ഞിട്ട്.... കണ്ണെഴുതി... പൊട്ടുതൊട്ട്..... അവൾ.... കുറച്ചു ചോക്ലേറ്റ് എന്റെനേർക്കു നീട്ടി .. അവളെ അല്പം ഉന്മേഷവതിയായാണ് അന്ന് കാണാൻ കഴിഞ്ഞത്.... ഉറക്കച്ചടവോടെ തന്നെ മറികടന്നു പോവുമ്പോൾ ഒരിക്കലെങ്കിലും അവൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാവുമോ....?  തൊട്ടു പുറകിൽ അവളുടെ 'അമ്മ.. ചേച്ചി വീക്കിലി മടക്കിവച്ച് എഴുന്നേറ്റുവന്നു.  അവർ ചോദിച്ചു " 'അമ്മ ഉറക്കമാണല്ലേ.... ഇപ്പോഴെങ്ങനെ..  ആശ്വാസമുണ്ടോ ...." 
ചേച്ചി ' ഉവ്വെന്നു ' തലയാട്ടി.  ഇത്രയും ദിവസത്തിനുള്ളിൽ ആദ്യമായി അവർ രണ്ടുവാക്ക് പറയാൻ സന്മനസ്സു കാട്ടിയല്ലോ എന്നു തോന്നി. " ഞങ്ങളിന്നു പോകയാണ്" അവർ പറഞ്ഞു. ചോക്ലേറ്റ് തന്റെ കൈകളിൽ വച്ചുതന്ന് അവൾ എന്റെയും, ചേച്ചിയുടെയും മുഖത്തേക്ക് മാറിമാറി നോക്കി. അവർ മകളോട് പറഞ്ഞു " പോവാം" . അവൾ ഇടനാഴിയിലൂടെ അമ്മയുടെ കൈപിടിച്ച് നടന്നുനീങ്ങി.... എതിരെ വന്ന സിസ്റ്റർക്കു ചോക്ലേറ്റ് കൊടുക്കുമ്പോൾ അവർ  ചോദിക്കുന്നത് കേട്ടു.." എപ്പഴാ പോകുക.." അവർ എന്തോ മറുപടി പറഞ്ഞു. സിസ്റ്റർ അവളുടെ താടിയിൽപ്പിടിച്ച് എന്തോ കുശലം പറഞ്ഞു. 
'അമ്മ മെല്ലെ ഉറക്കത്തിൽ നിന്നുണർന്ന് വെള്ളം ചോദിച്ചു. ചേച്ചി ഫ്ളാസ്കിൽ നിന്ന് ചൂടുവെള്ളം പകർന്നു കൊടുത്തിട്ട് അമ്മയോടു ചോദിച്ചു " ഇങ്ങനെ കിടന്നാൽ മതിയോ..? നമുക്ക് വീട്ടിൽ പോവണ്ടേ...."
'അമ്മ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും രണ്ടുദിവസമായി 'അമ്മ വീട്ടിൽ പോവാം എന്ന് നിർബന്ധം പിടിക്കുന്നേ ഇല്ല. കൂടുതൽ സമയവും മയക്കം തന്നെ മയക്കം. ചേച്ചി നെടുവീർപ്പിട്ടു " അമ്മയുടെ ക്ഷീണം മാറിക്കിട്ടിയിരുന്നെങ്കിൽ... "

വൈകുന്നേരം ചായകുടി കഴിഞ്ഞ് ചേച്ചി വീട്ടിലേക്കു പോവാൻ യാത്രപറഞ്ഞ് ഡോർ തുറന്നു. വെളിയിൽ ഒരു ബഹളം. താനും , ചേച്ചിയും ബഹളം കേട്ട ഭാഗത്തേക്ക് ശ്രദ്ധിച്ചു. ഒന്നുരണ്ടുപേർ ചേർന്ന് ആരെയോ ബലമായി പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുവരുന്നു. അടുത്തു വരുമ്പോൾ കാണാം രാവിലെ ചോക്ലേറ്റ്  തന്നു യാത്ര പറഞ്ഞു പോയ ആ പെൺകുട്ടി...... പുറകെ അവളുടെ 'അമ്മ എന്തെല്ലാമോ സമാധാനവാക്കുകൾ പറഞ്ഞ് അവളെ വിളിക്കുന്നു. അവൾ ഒന്നും ശ്രദ്ധിക്കാതെ ഒച്ച വച്ച് അവളെ ബലമായി പിടിച്ചിരിക്കുന്ന ആളുകളിൽ നിന്ന് കുതറിയോടാനായി ശ്രമിക്കുന്നു. അവർ ബലമായി പിടിച്ചു വലിച്ച് അവളെ അകത്തേക്ക് കൊണ്ടുപോയി. ചേച്ചി പറഞ്ഞു " ഡോർ അടച്ചേക്കൂ..... 'അമ്മ ഇതു കേട്ടാൽ....  നീ അകത്തു കയറി കതകടച്ചേക്കൂ........ഞാൻ നാളെ രാവിലെ ഇങ്ങെത്താം.." .  ചേച്ചി ഇടനാഴിയിലൂടെ പുറത്തേക്കു നടന്നുനീങ്ങി. പാതിചാരിയ ഡോറിനിടയിലൂടെ അവളുടെ ബഹളവും, കരച്ചിലും നേർത്തു നേർത്തു വന്നു. ഞാൻ മെല്ലെ വാതിൽ ചേർത്തടച്ചു. 

ആ രാത്രി 'അമ്മ സുഖമായുറങ്ങി . തനിക്കുറക്കം വരുന്നില്ല. മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കോർത്തുവലിക്കുന്നു.  അവൾ ആ കുട്ടി..ഇവിടെ കണ്ട പല മുഖങ്ങളും മനസ്സിൽ തെളിഞ്ഞു വന്നു.... ആരും ആർക്കും പിടി കൊടുക്കാതെ .... ഉള്ളു തുറക്കാതെ.... സ്വയം ഉൾവലിയുംപോലെ.... സുന്ദരിയായ ആ യുവതിയുടെ ബന്ധുവായ ആ സ്ത്രീ ഒഴികെ ആരും പരസ്പരം വിശേഷങ്ങൾ കൈമാറിക്കണ്ടില്ല. അവർ ഒരു സാധുവായതിനാലാവാം  അവരുടെ വിഷമതകൾ പങ്കുവയ്ക്കാൻ  മനസ്സ് കാട്ടിയത്. ഈ അമ്മയെയും, മകളെയും എത്രയോ തവണ നേർക്കുനേർ കണ്ടിരിക്കുന്നു. ഒരിക്കൽ പോലും അവർ സംസാരിക്കാൻ കൂട്ടാക്കിയിട്ടില്ല. എങ്കിലും ആ കുട്ടിയെപ്പറ്റി അറിയാൻ ഒരു വല്ലാത്ത ആകാംക്ഷയായിരുന്നു. മകളുടെ സമപ്രായം തോന്നിക്കുന്ന തന്നെ കാണുമ്പോൾ ഒരിക്കലെങ്കിലും തന്നോടൊരു വാക്കു ചോദിക്കുമെന്നാശിച്ച്  പലപ്പോഴും പാതിചാരിയ ഡോറിൽ പിടിച്ച് അവരെ നോക്കി നിന്നിട്ടുണ്ട്.   ഇവിടുള്ള രോഗികൾ അല്ലെങ്കിൽ അസ്വസ്ഥമായ മനസ്സുമായി വന്നവർ ഒക്കെയും ഡോക്ടർ കൊടുക്കുന്ന കനത്ത ഡോസിലുള്ള മരുന്നിന്റെ ശക്തിയിൽ രാവും, പകലും തിരിച്ചറിയാതെ ഉറങ്ങുന്നു. ...അവരെ ഉറക്കുന്നു...   ഇതിൽ ചിലർ എല്ലാം മറന്ന് ഉറക്കത്തിൽ തന്നെ.... ചിലർ എന്നിട്ടും ഉറക്കം നഷ്ടപ്പെട്ടു നടക്കുന്നു. കൂട്ടിരിപ്പുകാർ അല്ലെങ്കിൽ വേണ്ടപ്പെട്ടവർ അവരവരുടെ മുറികളിൽ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നു.  ഇടക്കെപ്പോഴോ 'അമ്മ ബാത്ത്റൂമിൽ പോവാനായി എഴുന്നേറ്റു... ഉറക്കപ്പിച്ചിൽ വേച്ചു പോവാതിരിക്കാൻ താനമ്മയെ ഒരു കൈത്താങ്ങു കൊടുത്തു ബാത്ത്റൂമിൽ കൊണ്ടുപോയി തിരികെക്കൊണ്ടു കിടത്തി. പുതപ്പെടുത്തു നന്നായി പുതപ്പിച്ചു കൊടുക്കുമ്പോൾ 'അമ്മ ചോദിച്ചു " മോളുറങ്ങിയില്ലേ... കിടന്നുറങ്ങൂ.... " ലൈറ്റ് ഓഫ് ചെയ്ത് പുതപ്പെടുത്തു പുതച്ചു താനും കിടന്നു. വീണ്ടും ചിന്ത ആ  പെൺകുട്ടിയിലേക്കായി... 
രാവിലെ പതിവിലും നേരത്തെ ചേച്ചി എത്തി...  . നിർമ്മലസിസ്റ്റർ  ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോവാൻ നേരം റൂമിലേക്ക് വന്നു. ചേച്ചി ആകുട്ടിയെപ്പറ്റി സിസ്റ്ററോട് തിരക്കി.സിസ്റ്റർ പറഞ്ഞു " എന്തുപറയാനാ.... എത്ര സന്തോഷമായി വീട്ടിലേക്കു പോയവരാണ്.... എന്ത് സംഭവിച്ചുവെന്നറിയില്ല.... ആ സ്ത്രീ പറയുന്നത് ഇടയ്ക്കു വച്ച് വീടടുക്കാറായിരുന്നു കാറിൽ നിന്നിറങ്ങിയോടാൻ ശ്രമം നടത്തി... കരഞ്ഞു ബഹളം വയ്ക്കാൻ തുടങ്ങി. സമനില നഷ്ടപ്പെട്ടപോലെ പെരുമാറാൻ തുടങ്ങിയതും കാർ തിരികെ ഹോസ്പിറ്റലിലേക്ക്.... അങ്ങനെ വീണ്ടും അവൾ ഇവിടെത്തി....  ആകെ കഷ്ടമായിപ്പോയി ആകുട്ടീടെ കാര്യം" അവർ പറഞ്ഞു. 

അന്നുച്ചയോടടുത്ത സമയം.... ആദ്യമായാണ് അമ്മയെക്കാണാനായി രണ്ടു സന്ദർശകർ എത്തിയത്. തങ്ങളെ അതിശയിപ്പിച്ചുകൊണ്ട്  കരുണേട്ടനും..... പത്മിനിയേടത്തിയും....  തങ്ങളുടെ അയൽക്കാർ... ഉറ്റവരേക്കാൾ സ്നേഹവും, ആത്മാർത്ഥതയും പരസ്പരം കാത്തുസൂക്ഷിക്കുന്ന നല്ലവരായ അയൽവാസികൾ. അമ്മയെക്കണ്ടതും പത്മിനിയേടത്തിയുടെ കണ്ണുകൾ നിറഞ്ഞു. കരുണേട്ടൻ പരാതി പറഞ്ഞു. " ന്നാലും ഡോക്ടറെ ഒന്ന് കാണിച്ചു വരട്ടെ എന്ന് പറഞ്ഞുപോയവർ ഇതിപ്പം എത്ര ദിവസമായി.....ഇതിനുള്ള ദീനം എന്നതാ അമ്മയ്ക്ക്?... ഈ ആസ്പത്രി ഒന്നു കണ്ടുപിടിക്കാൻ പെട്ട പാട്... " അമ്മയുടെ അടുത്തു വന്നുനിന്ന് കരുണേട്ടൻ പറഞ്ഞു " പോവണ്ടേ നമുക്ക് വീട്ടിലേക്ക്.... ഇവിടിങ്ങനെ കിടന്നാൽ എങ്ങനാ ശരിയാകുന്നെ.... എന്തെല്ലാം കാര്യങ്ങൾ കിടക്കുന്നു വീട്ടില്... അമ്മയിങ്ങനെ കിടന്നാൽ കാര്യം വല്ലതും നടക്കുമോ...." 'അമ്മ ചിരിച്ചു. 
അവരെ രണ്ടാളെയും കണ്ടതും 'അമ്മ ഉത്സാഹത്തോടെ എണീറ്റിരുന്ന് വിശേഷങ്ങൾ തിരക്കി. " നമ്മുടെ പറമ്പിലെ ഏത്തവാഴകൾ കുലച്ചു നിൽക്കുന്നു... തേങ്ങയിടാൻ സമയമായിരിക്കുന്നു ..... " കരുണേട്ടൻ അമ്മയെ ഓരോന്നോർമ്മിപ്പിച്ചുകൊണ്ടിരുന്നു.
പിന്നെ കരുണേട്ടന്റെ സ്വതസിദ്ധമായ ചിരിയോടെ അമ്മയോട് ചോദിച്ചു " ഇതൊക്കെ കളഞ്ഞേച്ച് 'അമ്മ ഇവിടെ വന്നുകിടന്നാൽ എങ്ങനാ ശരിയാവുക.....വേഗം വീട്ടിലോട്ടു വന്നാട്ടെ.... അമ്മയ്ക്കസുഖമാണ് എന്നാരാ പറഞ്ഞേ..."
കരുണേട്ടന്റെ സംസാരം കേട്ട് തങ്ങളെല്ലാവരും ചിരിച്ചു. 'അമ്മ പറഞ്ഞു " ഉടനെ ഞാനങ്ങെത്തും... എനിക്കാശ്വാസമുണ്ട്"
യാത്ര പറഞ്ഞിറങ്ങാൻ നേരം 'അമ്മ കേൾക്കാതെ കരുണേട്ടൻ ഞങ്ങളെ ഓർമ്മപ്പെടുത്തി " അമ്മയുടെ മുറിയിൽ നിന്ന് അച്ഛന്റെ ആ ഫോട്ടോ തൽക്കാലം ഒന്നു മാറ്റിവയ്ക്കൂ മോളേ...... വരുന്നുടനെ ആ ഫോട്ടോ കാണണ്ട.... പിന്നെ വീണ്ടും അമ്മയ്ക്ക് സങ്കടമാകും...  . എല്ലാം ഒന്നു ശരിയാവട്ടെ.... വിഷമിക്കണ്ടാ.... വരട്ടെ.... " അവർ യാത്ര പറഞ്ഞിറങ്ങി. 
കരുണേട്ടനും, പത്മിനിയേടത്തിയും പോയപ്പോൾ മുതൽ 'അമ്മ വീട്ടിലെ ഓരോ വിശേഷങ്ങൾ ഞങ്ങളോട് പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് വീട്ടിലേക്കു പോവാൻ അമ്മയ്ക്ക് തിടുക്കമായതുപോലെ.... അവരുടെ സന്ദർശനവും, സ്നേഹരൂപേണയുള്ള ശാസനയും , ആശ്വസിപ്പിക്കലും ഒക്കെ അമ്മയിൽ ഒരു നല്ല മാറ്റം തന്നെ വരുത്തിയെന്നു വേണം പറയാൻ. 
രണ്ടു ദിവസങ്ങൾക്കൂടി കഴിഞ്ഞപ്പോൾ ഡിസ്ചാർജായി പോവാൻ ഡോക്ടർ അനുമതി നൽകിയതും 'അമ്മ ഏറെ ഉന്മേഷവതിയായി. 
തലേന്നു രാത്രിയിൽ തന്നെക്കൊണ്ട് 'അമ്മ എല്ലാം അടുക്കിപ്പെറുക്കി ബാഗിലാക്കിച്ചു. രാവിലെ തന്നെ ചേച്ചിയെയും കൂട്ടിയാണ് ഏട്ടൻ എത്തിയത്. ഡോക്ടറുമായുള്ള ദീർഘകാലസൗഹൃദമാവാം ഏട്ടൻ ഏറെനേരമായി ഡോക്ടറുടെ മുറിയിൽ സംസാരത്തിലായിരുന്നു. ചേച്ചി വന്നതും ബാക്കിയുണ്ടായിരുന്ന സാധനങ്ങളെല്ലാം ബാഗിൽ പാക്ക് ചെയ്തു.... അമ്മയെ സാരി ഉടുക്കുന്നതിൽ സഹായിച്ച്...  മുടിചീവിക്കൊടുക്കുന്നതിനിടയിൽ  പറയുന്നതു കേട്ടു " ധൃതിയൊന്നും വയ്ക്കേണ്ട 'അമ്മ..... ഒരാഴ്ച കഴിഞ്ഞേ ഞാനങ്ങോട്ടു വിടുകയുള്ളൂ...." 
താൻ വെറുതെ പുറത്തേക്കിറങ്ങി. തൊട്ടടുത്ത രണ്ടാമത്തെ റൂമിലെ ആ പെൺകുട്ടി.... സന്തോഷമായി എല്ലാവരോടും യാത്ര പറഞ്ഞുപോയ അമ്മയും...മകളും....ആളൊഴിഞ്ഞു പോയാൽ ഇവിടെ ഉടനെ തന്നെ മറ്റൊരാൾക്കുവേണ്ടി ആ മുറി സജ്ജമാക്കിയിരിക്കും.... ഇവിടെ പക്ഷെ മറ്റൊരാൾ വരുംമുന്പേ അവർ തിരികെ ആ മുറിയിലേക്ക് തന്നെ വന്നു എന്നുള്ളതും അവരുടെ വിധിയാവാം.....  അന്നുമുതൽ സദാസമയവും ആ മുറി അടഞ്ഞുതന്നെ കിടക്കുന്നു. അവൾക്കെങ്ങനെ എന്ന് പലപ്പോഴും ആകാംക്ഷയുണ്ടായിട്ടുണ്ടെങ്കിലും ചേച്ചിയോ, താനോ അങ്ങനെയൊരു കാര്യം അമ്മയുടെ കേൾക്കെ ചർച്ചാവിഷയമാക്കിയില്ല. ആധികൾ മാറി സ്വസ്ഥതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അമ്മയുടെ മനസ്സിലേക്ക് ഇനിയും ഇത്തരം സംഭവങ്ങൾ വലിച്ചിഴക്കേണ്ട എന്നു ഞങ്ങൾ കരുതി. 
ഏട്ടൻ ഡോക്ടറുടെ അരികിൽ നിന്നും ഇനിയും വരാൻ വൈകുന്നു. താൻ മെല്ലെ ഇടനാഴിയിലൂടെ നടന്നു. ഇതുവരെ അടഞ്ഞുകിടന്ന അവളുടെ മുറിയുടെ വാതിൽ പാതിചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ... താൻ മുന്നോട്ടു നടക്കുന്നുവെന്ന ഭാവേന ഒളികണ്ണാൽ പാതിചാരിയിട്ട കതകിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി. അവൾ മൂടിപ്പുതച്ച് സുഖനിദ്രയിൽ. അവളുടെ 'അമ്മ അരികിൽ ഇരിക്കുന്നു. പുറം തിരിഞ്ഞിരിക്കുന്നതിനാൽ ആ അമ്മയുടെ മുഖം തനിക്കു കാണാനാവുന്നില്ല.  കനത്ത ഡോസിലുള്ള മരുന്നിന്റെ ശക്തിയിൽ അവൾ തളർന്നുറങ്ങുകയാണ്. എണീറ്റാൽ ആദ്യം കണ്ടമാതിരി അവൾ വേച്ചു വീഴുമായിരിക്കാം.. ഇനിയും അവൾ ഉറങ്ങി ഉറങ്ങി എത്രദിനം വീണ്ടെടുക്കുമായിരിക്കും അവളുടെ അസ്വസ്ഥമായ മനസ്സ് ഒന്നു സ്വസ്ഥമായിക്കിട്ടാൻ. ഉണരുംതോറും അവർ മരുന്നു കൊടുത്തുകൊണ്ടേയിരിക്കും .... വീണ്ടും വീണ്ടും ഉറക്കത്തിലേക്കു വഴുതിവീണ് എല്ലാം മറന്നുകിടക്കാൻ .... എത്ര ലോലവും, ദുർബലവുമായ ഒന്നാണ് മനുഷ്യമനസ്സ് .... ഒരുനിമിഷം  മതി എല്ലാം തകർന്നു തരിപ്പണമാവാൻ....  "അവളുടെ മനസ്സ് വേഗം സ്വസ്ഥമാവട്ടെ.." താൻ മനസ്സിൽ അവൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോഴും അമ്മയുടെ മുഖം ഓർമ്മ വന്നു. താൻ വേഗം നടന്നു മുറിയിലെത്തുമ്പോൾ ഏട്ടൻ എത്തിയിരുന്നു.  'അമ്മ ചോദിച്ചു " നമുക്ക് വീട്ടിൽ പോവണ്ടേ... നീയിതെവിടെപ്പോയി...?"
അമ്മയുടെ മുഖത്ത്  ഉത്സാഹം  . നിർമ്മലസിസ്റ്റർ വന്നു. അമ്മയും, തങ്ങളും സിസ്റ്ററിനോട് യാത്ര പറഞ്ഞു. സിസ്റ്റർ പുഞ്ചിരിയോടെ പറഞ്ഞു " എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും അമ്മേ...."
'അമ്മ ഉത്സാഹപൂർവം മുന്നോട്ടു നടന്നുവെങ്കിലും കാലിനു ചെറിയൊരു ഇടറിച്ച തോന്നിയതിനാലാവാം ഏട്ടൻ അമ്മയുടെ കൈകളിൽ പിടിച്ചപ്പോൾ 'അമ്മ പറഞ്ഞു " വേണ്ട മോനേ..... 'അമ്മ തനിയെ നടന്നോളാം... അമ്മയുടെ അസുഖം ഒക്കെ മാറി.." 
ആത്മവിശ്വാസത്തോടെയുള്ള അമ്മയുടെ വാക്കുകൾ കേട്ട് തങ്ങൾ മൂവരും ചിരിച്ചു. ഏട്ടനും, ചേച്ചിയും ചേർന്ന് അമ്മയെ കാറിലേക്ക് കയറ്റുന്നതിനിടയിൽ താൻ വെറുതെ തിരിഞ്ഞൊന്നു നോക്കി.... തീർത്തും ശാന്തമായിക്കിടക്കുന്ന ആസ്പത്രിപരിസരം...  ഇവിടെനിന്നു നോക്കിയാൽ തനിക്കിപ്പോഴും കാണാൻ പറ്റുന്നുണ്ട് .... ഇടനാഴിയിൽ..... നേരെ അറ്റത്തുള്ള അവളുടെ മുറി.... അടഞ്ഞുകിടക്കുന്ന ആ മുറി .... പാവം കുട്ടി... അവൾ...! 
പെട്ടെന്ന് തന്റെ മനസ്സ് അസ്വസ്ഥമായി..... നെഞ്ചിൽ നേർത്ത ഒരു വിങ്ങൽ.... 
" വേണ്ട.... ഇനി തിരിഞ്ഞൊരു നോട്ടം വേണ്ട....  ഈ ചിന്തപോലും മനസ്സിൽ വേണ്ട..... ഇവിടേയ്ക്ക് ഇനിയൊരു തിരിച്ചുവരവ് വേണ്ടേ വേണ്ട....  താനും, ചേച്ചിയും കാറിന്റെ പിൻസീറ്റിൽ കയറി... ഏട്ടൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങുമ്പോൾ താൻ മനസ്സിൽ നിന്ന് ഈ ഓർമ്മകൾ മായ്ക്കാൻ ശ്രമിക്കുകയായിരുന്നു..... ഇവിടെ കണ്ട മുഖങ്ങൾ.... ഓർമ്മകൾ.... അമ്മയുടെ അസ്വസ്ഥതകൾ...... എല്ലാം വെറും തോന്നലോ..... സ്വപ്നമോ.... മാത്രമാണ്.... അങ്ങനെ കരുതാനാണ് എനിക്കിഷ്ടം...  അങ്ങനെതന്നെയാണ്.... ഇതൊരു ദുഃസ്വപ്നം മാത്രമായിരുന്നു.... കാറിന്റെ ഇരമ്പലിൽ താൻ കണ്ണുകൾ ഇറുകെയടച്ചിരുന്നു.... അപ്പോൾ സ്വസ്ഥമായ മനസ്സുമായി  'അമ്മ മുൻസീറ്റിൽ ചാരിക്കിടന്നു മയങ്ങുകയായിരുന്നു. 
***********************************************************************************
                                     ശുഭം                               ചെറുകഥ 
                                                                          ഗീതാ ഓമനക്കുട്ടൻ 


ചതുപ്പിലെ തുമ്പികൾ


ന്നിനുമേലൊന്നെന്ന മട്ടിൽ രണ്ട് തെങ്ങുകൾ കയറ്റി വെച്ചാലത്രയും ഉയരമേ ആ കുന്നിനുണ്ടാവൂ. കുന്നിനു താഴെ ഒരു വശത്തായി മണ്ണിൽ ഒട്ടിപ്പിടിച്ചതു പോലെയിരിക്കുന്ന ഓലക്കുടിലുകൾക്കുള്ളിൽ കൂനിപ്പിടിച്ചിരിക്കുന്ന പഴമക്കാർ, നിലാവ് നിറയുന്ന രാത്രികളിൽ തിമിരം മറച്ചു തുടങ്ങിയ കണ്ണുകൾ തിരുമ്മിക്കൊണ്ട് പഴയ ഓർമ്മകൾ ചികഞ്ഞ്, ഒരു കാലത്ത് ആ കുന്നിനെ പുതച്ചിരുന്ന പച്ചക്കാടുകളെ കുറിച്ച് പറയാറുണ്ട്. പക്ഷെ എത്ര ശ്രമിച്ചിട്ടും പുതുതലമുറക്കാർക്കത് സങ്കല്പ്പിച്ചെടുക്കാനായില്ല. എല്ലാ വർഷവും കുന്നിനു മുകളിൽ കാലവും കണക്കുമറിയാതെ, ചറപറാന്ന് പെയ്തിറങ്ങുന്ന മഴ, ഒരുതരം വൈരാഗ്യബുദ്ധിയോടെ മണ്ണും പാറയും വലിച്ച് താഴെ കൊണ്ടിടും. അങ്ങനെയാണവിടമൊരു ചതുപ്പായി മാറിയത്. ചതുപ്പിൽ പണ്ടെന്നോ പൊന്നിനോ പെണ്ണിനോ വേണ്ടി പടവെട്ടി മരിച്ച പടയാളികളുടെ മൂർച്ചയേറിയ വാളിന്റെ ഓർമ്മകൾ സൂക്ഷിക്കുന്ന കൈതകൾ വിടർന്നു നില്പ്പുണ്ട്. ഓർമ്മകൾക്ക് തണുപ്പു പകരാനെന്ന വണ്ണം വലിയ ഇലകളുള്ള കാട്ടുചേമ്പ് നിറയെ വളർന്നു പൊങ്ങിയിട്ടുണ്ട്. അവിടെമാകെ ചുവന്നതുമ്പികൾ സ്വൈര്യമായി പറന്നു നടന്നു. അവ ആത്മാവുകളാണ്‌. പടവെട്ടി അകാലമൃത്യുവടഞ്ഞ ധീരന്മാരുടെ, മോക്ഷമറിയാത്ത ആത്മാവുകൾ. തുമ്പികൾക്ക് അയുസ്സ് ഒരു ദിവസം മാത്രം. വെറുമൊരു രാവും പകലും കൊണ്ടവസാനിക്കുന്ന ജന്മങ്ങൾ. ഇന്നു കാണുന്ന തുമ്പിയേ ആവില്ല നാളെ കാണുക. ചിലപ്പോൾ രാത്രി മുഴുക്കെയും തുമ്പികൾ തങ്ങളാരാണെന്നും, എന്തിനാണിവിടെ വന്നുപെട്ടതെന്നും ഓർത്തുകൊണ്ടേയിരിപ്പുണ്ടാവും. പുലർച്ചയ്ക്ക്, പുകമഞ്ഞു തുളച്ചു വരുന്ന സൂര്യന്റെ ആദ്യകിരണം, സ്വർണ്ണനിറമുള്ള ചിറകുകളിൽ പതിക്കുമ്പോൾ അവയ്ക്ക് പൂർവ്വജന്മത്തെക്കുറിച്ചോർമ്മ വരികയും കൈതകളുടെ വാൾത്തലപ്പുകളിൽ ചെന്നിരുന്നു നെടുവീർപ്പിടുകയും ചെയ്യും. സന്ധ്യക്ക് മുൻപ് വീണ്ടും ജനിക്കാനാശിച്ചു കൊണ്ട് നക്ഷത്രങ്ങളുടെ നേർക്ക് കണ്ണു തുറന്ന്പിടിച്ച് പറന്നുയരും. ഇതൊക്കെയും പഴമക്കാർ പതിവായി പറയുന്ന പഴംകഥകൾ. തലമുറകളായി ഈ കഥകൾ മാത്രമെ അവർക്ക് കൈമാറാനുണ്ടായിരുന്നുള്ളൂ. അതായിരുന്നു അവരുടെ പാരമ്പര്യസ്വത്ത്. ഓസ്യത്തിലെഴുതാതെ കൈമാറിയിരുന്ന സ്വത്ത്.

കുന്നിനപ്പുറത്തേക്ക് എത്തിനോക്കിയാൽ പുൽമേടുകൾ കാണാം. അവിടേക്ക് പുല്ലരിയാൻ പോകുന്നവരുടെ കൂട്ടത്തിൽ അപ്പുണ്ണിയും അമ്മണിയുമൊക്കെയുണ്ട്. ദൂരെ എവിടെയോ മനുഷ്യർക്ക് മതഭ്രാന്ത് പിടിച്ച് തമ്മിൽ വെട്ടിയും കുത്തിയും കൊല്ലാൻ ശ്രമിച്ചപ്പോൾ പ്രാണനും മുറുക്കെപിടിച്ചോടി വന്നതാണ്‌ അവരിവിടെ. പുല്ലരിയുന്ന നേരം ചിലരുടെ കൈയ്യിലും കാലിലും ചിലപ്പോൾ അരിവാള്‌ തെന്നി ചെന്ന്‌ വെട്ടു വീഴും. ചുവന്നവര തെളിയുമ്പോഴെ അമ്മിണി ഓടിമാറും. ഉയർന്നു നില്ക്കുന്ന പുല്ലുകൾക്ക് കീഴെയിരുന്നവൾ നിർത്താതെ കിതയ്ക്കും. അപ്പുണ്ണി ചെന്നാശ്വസിപ്പിക്കും. എന്തൊക്കെ കാഴ്ച്ചകളാണ്‌ അവളുടെ ഉള്ളിൽ കുടുങ്ങി കിടക്കുന്നതെന്ന് ഒരിക്കലും അപ്പുണ്ണി അവളോട് ചോദിച്ചിട്ടില്ല. ചോദിച്ചാൽ കൂടി ചിലപ്പോൾ അവൾക്ക് ഉത്തരം പറയാൻ കഴിഞ്ഞുവെന്നു വരില്ല. ഇനി കഴിഞ്ഞാൽ തന്നെ അവളുടെ മറുപടിയിൽ പോലും ചോര കിനിയുമെന്ന് അപ്പുണ്ണിക്ക് തോന്നിയിട്ടുണ്ടാവും. അപ്പുണ്ണിക്ക് മുതുകിലൊരു നീണ്ട പാടുണ്ട്. വെട്ടു കൊണ്ട പാട്. ഒരു രാത്രി നേരത്തായിരുന്നു വെട്ടു കൊണ്ടത്. ഇരുട്ടിന്റെ നിറമുള്ള മനുഷ്യർ വെളിച്ചത്തിന്റെ നിറമുള്ള വാളു കൊണ്ടാണ്‌ വെട്ടിയത്. അപ്പുണ്ണി ഓടി, ദിക്കറിയാതെ ദിശയറിയാതെ. മിടിച്ച് മിടിച്ച് ഹൃദയം പൊട്ടിത്തെറിക്കും എന്നു തോന്നിയിട്ടും ഓടി. പിന്നിൽ നിന്നും വലതു തോളെല്ലിനു കീഴെയായിട്ടാണ്‌ വെട്ടു വീണത്. ആ വെട്ട് മുന്നിലാവാത്തത് നന്നായെന്ന് അപ്പുണ്ണി ഇടയ്ക്കിടെ അമ്മിണിയോട് പറയും. മുന്നിലായിരുന്നെങ്കിൽ കുളിക്കുമ്പോഴോ കണ്ണാടിക്കു മുന്നിൽ നില്ക്കുമ്പോഴോ അത് കാണേണ്ടി വരുമായിരുന്നു. ചില കാഴ്ച്ചകളെന്നും കാണുന്നത് വലിയ ഭാഗ്യമാണ്‌. ചിലത് കാണാതിരിക്കുന്നതും. ചതുപ്പിനു കിഴക്കു വശത്തായി ഒരു ഓലപ്പുരയുണ്ട്. അവിടെയാണ്‌ മേരിക്കുട്ടിയുടെ താമസം. അവളുടെ ശരിയായ പേര്‌ ജാനകി എന്നായിരുന്നു. കെട്ടിയോൻ വാസു പണക്കാരനാവാൻ പട്ടണത്തിൽ പണിക്കു പോയതാണ്‌. ഏതോ ചതിയിൽ പെട്ട് വൃക്ക നഷ്ടമായി. തിരികെ വന്നത് അകത്ത് ഒറ്റ വൃക്കയും പുറത്ത് കുറേ തുന്നൽപ്പാടുകളുമായിട്ടാണ്‌. അതും വെച്ചയാൾ വിറകുവെട്ടാനും വെള്ളംകോരാനും അപ്പുണ്ണീടെ കൂടെ പുല്ലരിയാനുമൊക്കെ പോയി. തളർന്നു വീണ്‌ മരിക്കുകയായിരുന്നു. ആ ദിവസം ജാനകി ചോറും പൊതിഞ്ഞു വരികയായിരുന്നു. കെട്ടിയോൻ പാതിവെട്ടിവെച്ച പുല്ലിൽ, വാട്ടിയ ഇലയിൽ പൊതിഞ്ഞു കൊണ്ടു വന്ന ചോറും കറിയും വീണുചിതറി. അങ്ങനെയാണ്‌ ജീവിതത്തിനോട് പോരടിച്ച് മരിച്ച വാസുവും ചതുപ്പിലൊരു തുമ്പിയായി പുനർജ്ജനിച്ചത്. ഒരാഴ്ച്ച കഴിഞ്ഞ് ജാനകിയും പുല്ലരിയാൻ വന്നു തുടങ്ങി. ആരോടോ അരിശം തീർക്കാനെന്ന മട്ടിലാണവൾ പുല്ലരിഞ്ഞത്. കുറച്ച് നാള്‌ കഴിഞ്ഞ് അമ്മിണി ചില കഥകൾ കേട്ടു, ജാനകീടെ ഓലപ്പുരയിൽ ചില രാത്രികളിൽ വിളക്കണയാറില്ലെന്ന്. അമ്മിണി അതൊന്നും വിശ്വസിക്കാനേ പോയില്ല. അവൾ അവളെ പോലും വിശ്വസിക്കാൻ അനുവദിച്ചില്ല. എന്തും സ്വയം അനുവദിച്ചാലെ വിശ്വസിക്കാനാവൂ. മരിച്ചു പോയ കെട്ടിയോനെ ഓർത്ത് പാവം ജാനകി രാത്രികൾ പകലാവുന്നത് നോക്കി ഇരിക്കുകയാവും. അത്രയേ അമ്മിണി വിചാരിച്ചുള്ളൂ. ചിലപ്പോൾ ചെവിയോട് ചെവി കൈമാറിയ ആ കാര്യമൊരു സത്യമായിരിക്കും. പലതും പറഞ്ഞു പറഞ്ഞാണല്ലോ സത്യമാവുന്നത്. സത്യമാക്കുന്നത്. അവളെക്കാൾ ഇളപ്പം കുറഞ്ഞ ദാമുവിനു ജാനകിയോടിഷ്ടമായിരുന്നു. മഴവെള്ളം പോലെ തെളിഞ്ഞ ഇഷ്ടം. മഴവെള്ളം കൈക്കുമ്പിളിലാക്കി അതിൽ മുഖം നോക്കുന്നത് പോലെ ജാനകിയുടെ മുഖം കൈക്കുള്ളിൽ കോരിയെടുത്ത് നോക്കാനവനാഗ്രഹിച്ചു. മേരിക്കുട്ടി എന്ന പേര്‌ അവൻ അവളെ വിളിക്കുന്നതാണ്‌. എവിടെ നിന്നാണാ പേര്‌ കിട്ടിയതെന്ന് അവനു പോലും ഓർമ്മയുണ്ടാവില്ല. ചിലപ്പോൾ അടിവാരത്തിൽ വന്നു പോയ ബസ്സിൽ ആരോ മറന്നിട്ട വാരികയിലെ നായികയുടെ പേരായിരിക്കും. ദാമു ബസ്സ് വൃത്തിയാക്കാൻ പോകുമായിരുന്നു ഒരിക്കൽ. മനസ്സിൽ തറഞ്ഞു പോയ പേരുകളിൽ ഒന്നാവണം മേരിക്കുട്ടി. കഥയിലെ മേരിക്കുട്ടിക്കെന്തു സംഭവിച്ചു എന്നിപ്പോഴവനോർക്കുന്നുണ്ടാവില്ല. കഥയിലേയും ജീവിതത്തിലേയും കാര്യങ്ങൾ ആരും ഓർത്തു വെയ്ക്കാറില്ല. കഥകൾക്കും ജീവിതങ്ങൾക്കും ആ ഒരു കാര്യത്തിൽ മാത്രമാണ്‌ സാമ്യം. ദാമു മേരിക്കുട്ടിയെയോർത്ത് കവിതകളെഴുതി. മഴയെ കുറിച്ചും, നിലാവിനെ കുറിച്ചും, പ്രണയത്തിനെ കുറിച്ചുമെഴുതി. തികച്ചും ബാലിശമായ കവിതകൾ. കവിതകൾ പോലും ലജ്ജിച്ചു പോകുന്ന തരത്തിലുള്ള കവിതകൾ. പക്ഷെ അവയൊന്നും അവൻ അവൾക്ക് കൈമാറിയില്ല. ഒരുനാൾ പുല്ലരിയുന്നതിനിടയിൽ ഒരു ചെറിയ മുറിവേറ്റ ജാനകി വലിയ വായിൽ നിലവിളിച്ചു. ദാമുവാണ്‌ ഉടുമുണ്ട് കീറി മുറിവിൽ കെട്ടിയത്. വാരികയിൽ വായിച്ച അതേ കഥാസന്ദർഭം ജീവിതത്തിൽ ആവർത്തിക്കുന്നതോർത്ത് അവൻ അത്ഭുതപ്പെട്ടു. സത്യത്തിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു. അവനു പ്രേമിക്കാൻ, അവൾക്കവനോട് പ്രേമം തോന്നാൻ കാലം ഒരു കൗശലം കാട്ടിയതായിരുന്നു. ചിലപ്പോൾ ചതുപ്പിലെ തുമ്പികൾ അവനെ കൊണ്ടങ്ങനെ തോന്നിപ്പിച്ചതാവാം. ചിലപ്പോൾ അതിലൊരു തുമ്പി വാസുവിന്റെ പുനർജ്ജന്മമായിരിക്കും. തുമ്പികൾക്ക് എന്തൊക്കെ കഴിയുമെന്ന് തുമ്പികൾക്ക് മാത്രമേ അറിയൂ.


രാത്രിക്ക് പഴയ മന്ത്രവാദികളുടെ വേഷമാണ്‌. അതോ മന്ത്രവാദികൾക്ക് രാത്രിയുടെ വേഷമോ?. രണ്ടും കറുത്തമേലങ്കിയണിഞ്ഞാണ്‌ വരിക. മന്ത്രവാദികൾ മന്ത്രവും തന്ത്രവും പഠിക്കുന്നതും പ്രയോഗിക്കുന്നത് രാത്രികളിലാണ്‌. രാത്രിക്കും ചില മന്ത്രങ്ങൾ സ്വന്തം. രാത്രി കറുപ്പണിഞ്ഞു വരുമ്പോൾ ചീവീടുകൾ ശബ്ദഘോഷം മുഴക്കും. ചതുപ്പിലെ വലിയ ചൊറിയൻതവളകൾ കാരണമില്ലാതെ കരയും. അതവരുടെ മുതുമുത്തച്ഛന്മാർ പഠിപ്പിച്ചു കൊടുത്തതാണ്‌. മുതുമുത്തശ്ശന്മാരും മുതുമുത്തശ്ശികളും കാരണമില്ലാതെ കരഞ്ഞിരുന്നു. ചിലർ കരച്ചിലാണ്‌ പാരമ്പര്യമാണ്‌ കൈമാറുക. ചില രാത്രികളിൽ അമ്മിണി എന്തൊക്കെയോ ഓർത്തിരുന്നു കരയും. ‘നമ്മുടെ കുഞ്ഞുങ്ങൾക്ക് നമ്മള്‌ കരച്ചില്‌ കൊടുക്കാൻ പാടില്ല’ അതാണ്‌ അപ്പുണ്ണി അപ്പോഴൊക്കെ പറയുക. ഒരുതരം വാശിയോടെയാണ്‌ അയാളത് പറയുക.

നിലാവില്ലാത്ത ഒരു രാത്രിയിൽ ആരൊക്കെയോ കുന്നിനു മുകളിലേക്ക് കയറിപോയി. നെടുകേം കുറുകേമായി കമ്പുകൾ കൂട്ടിക്കെട്ടി അവിടവിടെ കുത്തിനിർത്തി. പകല്‌ കുന്നിനു താഴെ പുറത്ത് നിന്നും ഒരു കൂട്ടം ആൾക്കാർ വന്നു വിശ്വാസത്തേക്കുറിച്ചും, വിധിയേക്കുറിച്ചും പറഞ്ഞു. ആർക്കും ഒന്നും മനസ്സിലായില്ല. പുല്ലരിയാൻ പോകുന്നവരുടെ വീടുകളിൽ പോയി അവർ സുഖമന്വേക്ഷിച്ചു. ജ്വരം പിടിച്ചുകിടന്നവർക്ക് മരുന്നു കൊടുത്തു. പുറത്തുനിന്ന് വന്നവരെ അകത്തുള്ളവർക്കിഷ്ടമായി. മരുന്നിനൊപ്പം ചില പ്രാർത്ഥനകൾ കൂടി പുറത്തുനിന്നു വന്നർ ചൊല്ലി. അതേറ്റ് ചൊല്ലാനും പഠിപ്പിച്ചു. കുന്നിനു മുകളിൽ പിന്നേം ഒരുപാട് കൂട്ടിക്കെട്ടിയ കമ്പുകളുയർന്നു. പിന്നെ ഒരുനാൾ കുന്നിന്റെ നെറുകേല്‌ ഒരു വലിയ പള്ളിപണിയാൻ ആരൊക്കെയോ ചേർന്നു തീരുമാനമായി. ആ പള്ളീല്‌ വെച്ചായിരുന്നു ദാമുവിന്റേം മേരിക്കുട്ടിയും വിവാഹിതരായത്. വെള്ളേം വെള്ളേമിട്ട് അവർ കുന്നു കയറി പോയി. കൈകോർത്തു പിടിച്ചവർ കുന്നിറങ്ങി വന്നു. ദാമുവിന്റെ പേര്‌ ഔസേപ്പ് എന്നായി മാറിയിരുന്നു. മേരിക്കുട്ടി ജാനകിയെ മറന്നു കഴിഞ്ഞിരുന്നു. ജാനകി പഴയ വാസൂനേയും. അന്നു രാത്രി അവരുടെ മണിയറ വാതിലിനു പുറത്ത് ഒരു ചുവന്നതുമ്പി വന്നു. പിന്നീടെപ്പോഴോ ഇരുട്ടിലേക്ക് പറന്നു. നക്ഷത്രങ്ങളുടെ നേർക്ക് കണ്ണുതുറന്നു പിടിച്ചത് പറന്നു പൊങ്ങി.

ഒരു നാൾ അപ്പുണ്ണിയെ തിരഞ്ഞ് ചിലർ അവിടേക്ക് വന്നു. പക്ഷെ അപ്പുണ്ണി എന്ന പേരല്ലായിരുന്നു അവർ കണ്ടവരോടൊക്കെ ചോദിച്ചത്. അതു കൊണ്ടവർക്ക് അപ്പുണ്ണിയെ കണ്ടെത്താനായില്ല. പേരുകൾ കൊണ്ടങ്ങനേയും ചില ഗുണങ്ങളുണ്ട്. മനുഷ്യരെ തിരിച്ചറിയാനും തിരിച്ചറിയാതിരിക്കാനും. അപ്പുണ്ണിയും അമ്മിണിയും ഒരിക്കലും തങ്ങളുടെ ശരിയായ പേരുകൾ വെളിപ്പെടുത്തിയില്ല ആരോടും. പേരുകളാണ്‌ മനുഷ്യരെ വേർതിരിക്കുന്നതെന്നും പകരം സംഖ്യകളായിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നും അവർ പരസ്പരം പറഞ്ഞു ചിരിച്ചു. പക്ഷെ ആ ഭാഗ്യം ജയിൽപുള്ളികൾക്ക് മാത്രമാണത്രെ.

കാലം കടന്നു പോയി. അമ്മിണിക്ക് കുഞ്ഞായി. വാവക്ക് എന്തു പേരു കൊടുക്കണമെന്ന് അപ്പുണ്ണി നേരത്തെ തീരുമാനിച്ചിരുന്നു. അവൻ മനുഷ്യനായി വളരട്ടെ എന്നു കരുതി ‘നരൻ’ എന്നു പേരിട്ടു. പക്ഷെ നരൻ എന്ന് പേരിൽ പോലും മതമുണ്ട് എന്നു ചിലർ പറഞ്ഞപ്പോൾ അപ്പുണ്ണി നിരാശനായി. എല്ലാ പേരുകളും മതങ്ങൾ പങ്കിട്ടെടുത്തിരിക്കുന്നു എന്ന് ഞെട്ടലോടെ അപ്പുണ്ണി മനസ്സിലാക്കി. പൂക്കൾക്ക് പോലും മതമുണ്ടത്രെ..റോസ് ഒരു മതം..തുളസി മറ്റൊരു മതം..അങ്ങനെയങ്ങനെ. പൂക്കൾ ഈ കാര്യമറിഞ്ഞിരുന്നെങ്കിൽ സ്വയം വാടിക്കരിയുകയോ, കൊഴിഞ്ഞു താഴെവീഴുകയോ ചെയ്യുമായിരുന്നു. പൂക്കൾക്ക് മനുഷ്യഭാഷ അറിയാത്തത് പൂക്കളുടെ ഭാഗ്യം, തേനീച്ചകളുടെ ഭാഗ്യം, തേൻവണ്ടുകളുടെ ഭാഗ്യം, കാറ്റിന്റേയും മഴയുടേയും ഭാഗ്യം. അപ്പുണ്ണി പകൽ ആകാശത്തേക്ക് നോക്കി സൂര്യനേക്കുറിച്ചോർത്തു. രാത്രി ചന്ദ്രനെക്കുറിച്ചും. എല്ലാം ആരൊക്കെയോ പങ്കിട്ടെടുത്തിരിക്കുന്നു. പങ്കിട്ടെടുക്കാൻ കാറ്റും മഴയും മാത്രം ബാക്കി.

ഔസേപ്പ് കച്ചോടം തുടങ്ങി. തുണിക്കട. മദ്രാസ്സിലും, ഗോവേലും പോയി തുണിത്തരങ്ങൾ കൊണ്ടു വന്നു വിറ്റു. നല്ല മിനുപ്പുള്ള, ഡിസൈനുകളുള്ള തുണിത്തരങ്ങൾ. വലിയൊരു വീടു വെച്ചു മേരിക്കുട്ടിയെ അകത്തിരുത്തി. അവളുടെ കൈകൾ നല്ല മിനുസമായി. പുല്ലരിഞ്ഞപ്പോളുണ്ടായ പാടുകളൊക്കെയും മാഞ്ഞു. ഔസേപ്പിന്റെ വീടിനെ ചുറ്റുവട്ടത്തുള്ളവർ ‘ബംഗ്ലാവ് വീട്’ എന്നു വിളിച്ചു. ഔസേപ്പിനെ ‘ഔസേപ്പ് മുതലാളി’ എന്നും. വീട്ടിനു മുൻപിൽ ചെറിയൊരു കുളം പണിഞ്ഞു. അതിൽ താമരപ്പൂക്കളുമായി. ഇടയ്ക്കിടെ ഒരു ചുവന്നതുമ്പി ജാനകിയെ തിരഞ്ഞു വരും. എതൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് താമരപൂക്കൾക്കു ചുറ്റും വായുവിൽ വൃത്തം വെച്ചു പറക്കും. പിന്നെ ഓർമ്മത്തെറ്റ് പറ്റിയതു പോലെ ദൂരേക്ക് പറന്നു പോകും. പുൽമേടുകളിൽ വലിയ റിസോർട്ടുകൾ വന്നു കഴിഞ്ഞു. പഴയ ചതുപ്പ് ഇപ്പോൾ ഔസേപ്പിന്റേതാണ്‌. അവിടമൊക്കെ മണ്ണിട്ടു നികത്തിയെടുത്തു. ഒരു വലിയ കെട്ടിടം അവിടെ പൊങ്ങി വന്നു. അതിന്റെ മുകളിലത്തെ നിലയിൽ തുണിത്തരങ്ങൾ, താഴത്തെ നിലയിൽ ഹോട്ടൽ ഒക്കെയും വന്നു. ഔസേപ്പിനും മേരിക്കുട്ടിക്കും ഉണ്ടായ കുട്ടിക്ക് ജോർജ്ജ് എന്നായിരുന്നു പേര്‌. മേരിക്കുട്ടിയുടെ കുട്ടിയും ചേർത്ത് എല്ലാരും അവനെ ജോർജ്ജ്കുട്ടീന്ന് വിളിച്ചു. ജോർജ്ജ്കുട്ടി തിളങ്ങുന്ന കുപ്പായമൊക്കെയിട്ട് കവലയിലൂടെ നടന്നു. എല്ലാരുടേയും അസൂയ നിറഞ്ഞ കണ്ണുകൾ തന്റെ മേലാണെന്ന് അവനു നന്നായി അറിയാമായിരുന്നു. എങ്കിലുമത് അറിയാത്തത് പോലെയവൻ നടിച്ചു. എല്ലാരും നടിക്കുകയാണ്‌. ഇല്ലാത്തവൻ ഉള്ളവനായി, ഉള്ളവൻ ഇല്ലാത്തതവനായി. ദയ, പ്രണയം, സ്നേഹം..എല്ലാം അഭിനയം. നൃത്തവും നാടകവും അഭ്യസിച്ചവർ പോലും മത്സരിക്കുന്നത് ഈ ബഹുഭൂരിപക്ഷത്തിനോടാണ്‌. സിനിമേല്‌ അഭിനയിക്കാനാണ്‌ ജോർജ്ജ്കുട്ടിക്ക് മോഹം. മതിലായ മതിലു മുഴുവൻ കോട്ടും സൂട്ടും ഇട്ടു നില്ക്കണ പടം വരണം. ഫാൻസ് അസോസ്സിയേഷനുകൾ വേണം. പോസ്റ്ററുകളിലും കട്ടൗട്ടുകളിലും ഫാൻസുകാർ പാലഭിഷേകം ചെയ്യണം. സിനിമേല്‌ പാട്ടും സ്റ്റണ്ടും വേണം. പാടുമ്പോൾ കൂടെ പിൻഭാഗം കുലുക്കി നൃത്തം ചെയ്യാൻ ധാരാളം പെൺകുട്ടികൾ വേണം. ഇതൊക്കെയാണവന്റെ ചെറിയ ചെറിയ ആഗ്രഹങ്ങൾ. മനുഷ്യരെ പോലെ തന്നെ അവരുടെ ആഗ്രഹങ്ങളും മാറിപ്പോയി. അപ്പൻ ഔസേപ്പ് അവനെ നായകനാക്കി ഒരു സിനിമ നിർമ്മിക്കും എന്നവൻ കൂട്ടുകാരോട്‌ പറഞ്ഞു നടന്നു.

നരൻ പഠിക്കാൻ മിടുക്കനായിരുന്നു. അവൻ വളർന്നു വലുതായി. അമ്മിണിയും അപ്പുണ്ണിയും വളർന്നു ചെറുതായി. ‘നമ്മള്‌ വയസ്സായി’ എന്നവർ പരസ്പരം പറഞ്ഞു. തല നരച്ചു, കണ്ണു കുഴിഞ്ഞു, കാല്‌ കഴച്ചു. നരൻ പഠിച്ചു പഠിച്ച് പടികൾ കയറി പോയി. അധികാരമുള്ള ഉദ്യോഗസ്ഥനായി. കുന്നും ചതുപ്പും കയ്യേറിയതാണെന്ന് ഒരു കുട്ടിപ്പത്രത്തിൽ വാർത്ത വന്നു. അന്വേഷണമായി. നരനായിരുന്നു ചുമതല. കുന്നിനു മുകളിൽ പള്ളിയാണ്‌. അതു കൊണ്ട് കുന്ന് രക്ഷപെട്ടു. പള്ളി ഇല്ലായിരുന്നെങ്കിൽ ആ കുന്നും പണ്ടേ ഇടിച്ചു നിരത്തിയേനെ എന്നു വിശ്വാസികൾ പറഞ്ഞു. ചതുപ്പിലെ കെട്ടിടം പൊളിച്ചിട്ട് എന്തു ചെയ്യാനാ? വീണ്ടും ചതുപ്പാക്കാനോ? ചിലർ ചോദിച്ചു. പൊളിച്ച് കളഞ്ഞിട്ട് എന്തു ചെയ്യണമെന്ന് ആർക്കും ഒരു രൂപവുമുണ്ടായിരുന്നില്ല. പക്ഷെ പൊളിക്കണം എന്ന് ചിലർ ശബ്ദിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ശബദിക്കുന്നവരുടെ വായടഞ്ഞു. ആരൊക്കെയോ ചേർന്നടച്ചു. ചതുപ്പ് ആർക്കും വേണ്ട. കൈതകൾ നിറഞ്ഞ ചതുപ്പു കൊണ്ട് ഒരു ഗുണവുമില്ല. കുറെ ചുവന്നതുമ്പികൾക്ക് വന്നിരുന്ന് ഓർമ്മകൾ അയവിറക്കാനല്ലാതെ.

തുമ്പികളെ ഇപ്പോളാരും ഓർക്കാറില്ല. തുമ്പികൾ ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. തുമ്പികളെ ആരും വളർത്തുന്നില്ല. അതിൽ നിന്നാർക്കും വരുമാനമുണ്ടാവില്ല. ശരിക്കും തുമ്പികളെ കൊണ്ടെന്തു ഗുണം?. കൊച്ചു പിള്ളേർക്ക് നൂല്‌ കെട്ടി കളിക്കാനല്ലാതെ?. കോഴീം ആടും മാടുമൊക്കെ ആയിരുന്നെങ്കിൽ വളർത്തി കൊല്ലാൻ കൊടുക്കാമായിരുന്നു. കറിവെച്ചൊ, മസാല ചേർത്ത് പൊരിച്ചോ, സൂപ്പ് വെച്ചോ കഴിച്ച് കൊഴുക്കാമായിരുന്നു.

‘ഔസേപ്പിനു നല്ല കാലമാണ്‌’ എല്ലാരും അങ്ങനെ പറഞ്ഞു. ഇപ്പോൾ കാറുകൾ രണ്ട്. വീടുകൾ മൂന്ന്. കൈയ്യിൽ സ്വർണ്ണ ചെയിൻ. കാലം മാറി. ചങ്ങല ഇപ്പോൾ പ്രതാപത്തിന്റെ ലക്ഷണമായിരിക്കുന്നു. അതോർത്ത് ചങ്ങല പോലും ചിരിക്കുന്നുണ്ടാവും. ഒരു രാത്രി ഔസേപ്പിന്റെ വലിയ മേദസ്സു നിറഞ്ഞ ശരീരത്തിനുള്ളിൽ വല്ലാതെ കഷ്ടപ്പെട്ടു മിടിച്ചു കൊണ്ടിരുന്ന ഹൃദയം ക്ഷീണിച്ചുറങ്ങി പോയി. കൂട്ടത്തിൽ ഔസേപ്പും. മേരിക്കുട്ടി അലമുറയിട്ട് കരഞ്ഞു. ഔസേപ്പ് മുതലാളി പോയശേഷം ജോർജ്ജ്കുട്ടിയാണ്‌ എല്ലാം കൈകാര്യം ചെയ്യുന്നത്. അയാൾക്കിപ്പോഴും ഒരു സിനിമയിൽ അഭിനയിക്കണമെന്ന് മോഹമുണ്ട്. കച്ചവടത്തിൽ നിന്നു കിട്ടിയ ലാഭത്തിലൊരു വീതമെടുത്ത് ജോർജ്ജ്കുട്ടി ഒരു പടം പിടിച്ചു. എല്ലാരും അയാളെ ജോർജ്ജച്ചായൻ എന്നു വിളിച്ചു. ആ പടത്തിൽ അഭിനയിച്ച  സഹനടൻ ഒരു കഞ്ചാവ് കേസിൽ പ്രതിയായി. പടം പെട്ടിയിലായി. ജോർജ്ജ്കുട്ടിക്ക് ദുഖം സഹിക്കാനായില്ല. ജോർജ്ജച്ചായൻ വീണ്ടും ജോർജ്ജ്കുട്ടിയായി.

മേരിക്കുട്ടി ഒരു പകൽ എഴുന്നേറ്റപ്പോൾ ‘വാസൂ’ ‘വാസൂ’ എന്നു വിളിച്ചു കരഞ്ഞു കൊണ്ട് മുറ്റത്തും പറമ്പിലുമൊക്കെ നടന്നു. അവളുടെ ഓർമ്മകൾ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞു പോയതാണ്‌. വീട്ടുമുറ്റത്തെ ചെറിയ കുളത്തിൽ വിരിഞ്ഞു നിന്ന താമരയുടെ അടുത്ത് ചെന്നു നിന്ന് മേരിക്കുട്ടി വാസൂനെ വിളിച്ചു. ആർക്കും ഈ വാസു ആരെന്ന് മനസ്സിലായില്ല. അസുഖമറിഞ്ഞ് ഒരു ദിവസം അമ്മിണിയും അപ്പുണ്ണിയും വന്നു. അവരെപോലും മേരിക്കുട്ടിക്ക് തിരിച്ചറിയാനായില്ല. ഒടുക്കം സങ്കടം സഹിക്കാതെ വന്നപ്പോ, അമ്മിണി മേരിക്കുട്ടിയുടെ ചെവിയിൽ ‘ജാനകിയേ’ എന്നു പതിയെ വിളിച്ചു. അന്നേരമാണ്‌ മേരിക്കുട്ടി കരച്ചില്‌ നിർത്തിയത്. മേരിക്കുട്ടിയേം കെട്ടിപ്പിടിച്ച് അമ്മിണി അവിടെ കൊറേ നേരമിരുന്നു. മേരിക്കുട്ടീടെ ചെവീല്‌ അമ്മിണി എന്താ പറഞ്ഞതെന്ന് ആരും അറിഞ്ഞില്ല.

നരൻ ജോലി വിട്ടു. കൈയ്യും കാലും കെട്ടിവെച്ചാലെങ്ങനെ ജോലി ചെയ്യും എന്നാണവൻ ചോദിച്ചത്. അപ്പുണ്ണിക്കും അമ്മിണിക്കും അതൊന്നും മനസ്സിലായില്ല.
‘ഇനി എന്തു ചെയ്യാനാ പോണത്?’
നരൻ മണ്ണിലേക്ക് തിരിച്ചു പോയി. പറമ്പിൽ പച്ചക്കറി കൃഷി തുടങ്ങി. ചേനേം ചേമ്പും ചീരേം ഒക്കെ കൃഷി ചെയ്തു. ലക്ഷ്മിയെ കല്ല്യാണം കഴിച്ചു. ഇപ്പോൾ സ്വസ്ഥം സുഖം.


ജോർജ്ജ്കുട്ടി ഇടയ്ക്കിടെ നരനെ ചെന്നു കാണും. ‘കൈ നിറയെ പണം പക്ഷെ എന്തു ചെയ്യണമെന്നറിയില്ല’. ജോർജ്ജ്കുട്ടി പരാതി കണക്കെ പറഞ്ഞു.
‘വെറുതെ കളയാനും തോന്നുന്നില്ല’.
‘എത്രേന്ന് വെച്ച് തിന്നും?.’
‘എത്രേന്ന് വെച്ചു കുടിക്കും?.’
‘എത്രേന്ന് വെച്ച്..’
നരൻ അവനോട് പോയി പെണ്ണു കെട്ടാൻ പറഞ്ഞു.
‘വലിയ വീട്ടിലെ പെണ്ണിനെ കെട്ടിയാൽ പിന്നേം പണം വരൂല്ലെ?’. ജോർജ്ജ്കുട്ടിക്ക് സംശയം.
‘എന്നാ നീ വല്ല അനാഥാലയത്തിലേം പെണ്ണിനെ കെട്ട്’
അങ്ങനെ പറഞ്ഞത് ഒരു വെറും മറുപടിയായിട്ടാണെങ്കിലും ജോർജ്ജ്കുട്ടി അങ്ങനെ തന്നെ ചെയ്തു. സാറ നല്ല പെൺകുട്ടിയായിരുന്നു. മേരിക്കുട്ടിയെ സാറ പൊന്നു പോലെ നോക്കി.

നരന്റെ കൃഷിയിടത്ത് വൈകിട്ടാവുമ്പോ ജോർജ്ജ്കുട്ടി വരും. വിളഞ്ഞ വെള്ളരിക്ക മുറിച്ച് നരൻ ജോർജ്ജ്കുട്ടിക്ക് കൊടുക്കും. അങ്ങനെ ഒരു ദിവസം വന്നപ്പോഴാണ്‌, അപ്പുണ്ണി അവരോട് ചതുപ്പിലെ തുമ്പികളെ കുറിച്ച് പറഞ്ഞത്. ഒരു ദിവസം മാത്രം ആയുസ്സുള്ള തുമ്പികളെ കുറിച്ച്, കൈതകളുടെ വാൾത്തലപ്പുകളിലിരുന്ന് പൂർവ്വജന്മം ഓർത്തെടുക്കുന്ന തുമ്പികളെ കുറിച്ച്. ആ നിമിഷം അപ്പുണ്ണി ഒരു പഴമക്കാരനായി മാറി. പഴയ ഓലക്കുടിലിൽ കൂനിപ്പിടിച്ചിരുന്നു കഥ പറഞ്ഞിരുന്ന ഒരു പഴമക്കാരനെ പോലെ അയാൾ തോന്നിച്ചു. അന്നേരമാണ്‌ നരനും ജോർജ്ജും തുമ്പികൾ അപ്രത്യക്ഷമായ കാര്യം ശ്രദ്ധിച്ചത്. വീട്ടിൽ തിരികെ എത്തിയ ജോർജ്ജ് സാറയോട് ചതുപ്പിലെ തുമ്പികളെ കുറിച്ച് പറഞ്ഞു. ചതുപ്പിൽ അപ്രത്യക്ഷമായ കൈതകളെ കുറിച്ചും, വലിയ ഇലകളുള്ള ചേമ്പിൻ ചെടികളെക്കുറിച്ചും പറഞ്ഞു. തുമ്പികളെ വീണ്ടും എങ്ങനെ അവിടെക്ക് വിളിച്ചു വരുത്തും?. ആ പഴയ ചതുപ്പെങ്ങനെ വീണ്ടും ഉണ്ടാക്കിയെടുക്കും?. ആ രഹസ്യം ആർക്കും അറിയില്ല. അത് മഴയ്ക്കും മലയ്ക്കും സ്വന്തം. ഒരിക്കൽ തന്റേയും ഹൃദയം മിടിച്ചു ക്ഷീണിച്ചുറങ്ങും. തന്നെ എങ്ങനെയാവും എല്ലാരും ഓർക്കുക?. താനെന്തിനാ ജനിച്ചതെന്ന ആദിമചോദ്യമയാൾ സ്വയം ചോദിച്ചു. രാത്രീല്‌ തുമ്പികളെ ആലോചിച്ചു കിടന്ന ജോർജ്ജിനു സ്വപ്നദർശനമുണ്ടായി. ചതുപ്പു നികത്തി കെട്ടിയുയർത്തിയ കെട്ടിടം ഇടിച്ചു നിരത്തണം എന്നായിരുന്നു ദർശനം. എഴുന്നേറ്റയുടൻ തന്നെ ജോർജ്ജ് സാറയോട് അതേക്കുറിച്ച് പറഞ്ഞു.
ജോർജ്ജ് സാറയോട് ചോദിച്ചു,
‘എന്തു ചെയ്യണം?’
‘എന്തു ചെയ്താലും അച്ചായന്റെ കൂടെ ഞാനുണ്ടാവും, എന്നും എപ്പോഴും’

പലരും ഉപദേശിച്ചു, ശാസിച്ചു. ചില ഭയപ്പെടുത്തുകയും, പരിഹസിക്കുകയും ചെയ്തു. അതൊക്കെയിപ്പോഴും ഒരു നാട്ടുനടപ്പാണ്‌.
അപ്പുണ്ണി ഒരു ചോദ്യമേ ചോദിച്ചുള്ളൂ,
‘നിനക്കാ ചതുപ്പ് പഴേ പോലെ ചതുപ്പാക്കാൻ പറ്റുവോ?’
ചോദ്യങ്ങളും ഉപേദേശങ്ങളും കേട്ട് കേട്ട് ജോർജ്ജ്കുട്ടിക്ക് ആ ചിന്ത ഒരു സ്വൈര്യക്കേടായി മാറിക്കഴിഞ്ഞിരുന്നു. രാവും പകലും അത് നിലയ്ക്കാത്ത ചക്രം പോലെ ഉള്ളിൽ തിരിഞ്ഞു കൊണ്ടേയിരുന്നു. അയാൾ കേട്ടുകൊണ്ടേയിരുന്നു, നിലയ്ക്കാത്ത തുമ്പിച്ചിറകടിശബ്ദം, മൺമറഞ്ഞ പോരാളികളുടെ വാളുകളുരയുന്ന ശബ്ദം. ദർശനം സഫലമാക്കാതെ നിവൃത്തിയില്ലെന്നായി. ഇടിച്ചു നിരപ്പാക്കിയിട്ട് എന്തു ചെയ്യണം?. ആ ചോദ്യവും വലിച്ചിഴച്ചയാൾ രാവും പകലും നടന്നു.

കെട്ടിടം ഇടിച്ചു നിരപ്പാക്കാൻ ജോർജ്ജ്കുട്ടി ഏർപ്പാടാക്കി. വലിയ യന്ത്രങ്ങൾ വന്നു യത്രക്കൈകൾ കൊണ്ട് കെട്ടിടമിടിച്ചു നിരപ്പാക്കി. അവിടെ മുഴുക്കെയും പൊടി പൊങ്ങി. പൊടിയടങ്ങിയപ്പോൾ അവിടെ വെളിച്ചം മാത്രം ബാക്കിയായി. നിരത്തിയതിനു ചുറ്റിലും മതിലു കെട്ടിയുയർത്തി. നടുവിൽ ഒരു ചെറിയ കുളം കുഴിച്ചു. അതിൽ താമരകളും ആമ്പലുകളും നിറച്ചു. നിറയെ മീനുകളും മൂന്നാല്‌ ആമക്കുഞ്ഞുങ്ങളേയും കൊണ്ടിട്ടു. കുളത്തിനും ചുറ്റും നടപ്പാത നിർമ്മിച്ചു. അതിനരികിലായി ഇരിപ്പിടങ്ങൾ നിരത്തി. പൂക്കളുള്ള ചെടികൾ വരിക്ക് നിർത്തി. വലിയ മരങ്ങളാകാൻ കെല്പുള്ള ചെടികൾ ഇടയ്ക്കിടെ പിടിപ്പിച്ചു. കൗതുകമുള്ള വിളക്കുമരങ്ങൾ സ്ഥാപിച്ചു. ഒരു ദിവസം അവിടേക്കുള്ള വലിയ ഇരുമ്പു ഗേറ്റ് ജോർജ്ജ്കുട്ടി മലക്കെ തുറന്നിട്ടു. കുട്ടികൾ, പ്രായമായവർ, ചെറുപ്പക്കാർ എല്ലാരും അവിടേക്ക് വന്നു. പക്ഷികൾ, തേനീച്ചകൾ, വണ്ടുകൾ ഒക്കേയും വന്നു. താമരകുളത്തിലേക്ക് നോക്കി പ്രായമായവരും ചെറുപ്പക്കാരും മണിക്കൂറുകൾ ഇരുന്നു. തലനരച്ചവർ അതിൽ തങ്ങളുടെ പഴയ ജീവിതം കണ്ടു. ചെറുപ്പക്കാർ സ്വപ്നങ്ങളും. കുട്ടികൾ അതിലെ മീനുകളേയും ആമക്കുഞ്ഞുങ്ങളേയും എണ്ണിത്തോറ്റു. അവർ പിന്നെ ബലൂണുകൾ തട്ടി കളിച്ചു, സോപ്പുകുമിളകളുണ്ടാക്കി വിട്ടു. അവിടം മുഴുക്കേയും കലപില ശബ്ദങ്ങൾ നിറഞ്ഞു, പക്ഷികളുടെയും, മനുഷ്യരുടെയും ശബ്ദങ്ങൾ. എല്ലാരും ജോർജ്ജ്കുട്ടിയെ വീണ്ടും ജോർജ്ജച്ചായനെന്നു വിളിച്ചു. അന്നേരം ജോർജ്ജ്കുട്ടിക്ക് തോന്നി താൻ ഇതിനാവണം ജനിച്ചതെന്ന്. ഇതിനു വേണ്ടി തന്നെയാണ്‌ ജീവിച്ചതെന്ന്.

ഒരു ദിവസം വൈകിട്ട് മേരിക്കുട്ടിയെ ജോർജ്ജ്കുട്ടിയും സാറയും അവിടേക്ക് കൊണ്ടു വന്നു. നരനും ലക്ഷ്മിയും അമ്മിണിയും അപ്പുണ്ണിയും അവിടെയെത്തി. അവരുടെ കൊച്ചുമക്കൾ അവിടെ മുഴുവനും ഓടിക്കളിച്ചു. പൂക്കളിൽ ചിത്രശലഭങ്ങളും, 
തേനീച്ചകളും വന്നിരിക്കുന്നത് ജോർജ്ജ്കുട്ടി കണ്ടു. സാറ മേരിക്കുട്ടിയുടെ കൈ പിടിച്ച് താമരക്കുളത്തിനടുത്തേക്ക് കൊണ്ടു പോയി. മേരിക്കുട്ടി താമരകുളത്തിലേക്ക് നോക്കി നില്ക്കെ, ഒരു ചുവന്നതുമ്പി അവിടേക്ക് വന്ന് മേരിക്കുട്ടിയുടെ ചുറ്റിലും പറന്നു കളിക്കാൻ തുടങ്ങി. മേരിക്കുട്ടി നീട്ടിപ്പിടിച്ച കൈയിലേക്ക് തുമ്പി പറന്നിറങ്ങി. തിളങ്ങുന്ന കണ്ണുകൾ കൊണ്ട് മേരിക്കുട്ടിയെ നോക്കിയ ശേഷം ഉയരത്തിലേക്ക് പറന്നു. മേരിക്കുട്ടി ഉയരത്തിലേക്ക് തന്നെ നോക്കി നിന്നു, തുമ്പി കാഴ്ച്ചയിൽ നിന്നും മറയുന്നത് വരെ. അപ്പുണ്ണി അതു കണ്ട് എന്തോ ഓർത്ത പോലെ പതിയെ ചിരിച്ചു. ഓർത്തത് വാസുവിനെ കുറിച്ചോ, ദാമുവിനെ കുറിച്ചോ?. ചിലപ്പോൾ തുമ്പികളെ കുറിച്ചാവണം. തുമ്പികൾക്ക് എന്തൊക്കെ കഴിയുമെന്ന് തുമ്പികൾക്ക് മാത്രമേ അറിയൂ.

(ചിത്രത്തിനു ഗൂഗിളിനോട്  കടപ്പാട് )
സാബു ഹരിഹരൻ 

സമൂഹം വരക്കുന്ന വരക്കെതിരെ

സമൂഹം വരക്കുന്ന ചില വരകളുണ്ട്. 'അവന്‍' ഇങ്ങനെയാവണം, ഇന്നത് ധരിക്കണം, ഇന്നതൊക്കെ ചെയ്യണം തുടങ്ങി ചെറുതും വലുതുമായി ഒരുപാട് കാര്യങ്ങള്‍ ആ വര തൊട്ട് പോയിട്ടുണ്ട്.
'അവളു'ടെ കാര്യവും അങ്ങനെ തന്നെ.

പ്രവാഹ് ICS രണ്ടുദിനക്യാമ്പിന് ഇടയിലാണ് 'ജെന്‍റര്‍ ഈക്വാലിറ്റി' എന്നതില്‍ ഈ വേലിക്കെട്ട് മറികടക്കാനൊരു അവസരം ലഭിച്ചത്. ഡല്‍ഹി IIT (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെകോനോളജി) കാമ്പസ്  കേന്ദീകരിച്ച് ഒരു ആക്റ്റീവിറ്റി നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതുല്‍ ആണ് ആ ആശയം ഉന്നയിച്ചത്. ''പാവാട' ധരിച്ചുകൊണ്ട് കാമ്പസിലുള്ളവരോട് സംവദിക്കുക'. കൗതുകത്തോടെയാണ് ഞാനത് ഏറ്റെടുത്തതും.

ഒടുത്തിരുന്ന വസ്ത്രം മാറ്റി താഴെ എത്തിയത് മുതല്‍ സകലരുടെയും നോട്ടത്തിന്‍റെ നിറം മാറിയിരുന്നു.

 നിഷ്കളങ്കനായ പ്രിയസുഹൃത്ത് സീധാറാം (എല്ലാം അവന്‍റേതായ ഒരേ നിറത്തില്‍ കാണാന്‍ കഴിവുള്ളവന്‍) അടുത്ത് വന്ന് ചെവിയില്‍ 'ക്യാഹെ യെ ലഡ്കിയോന്‍കാ കപടാ ഹെ' എന്ന് പറഞ്ഞതും IIT കാമ്പസിലേക്ക് പോവാന്‍ വിളിച്ച ടാക്സി ഡ്രൈവര്‍ 'ഇതെന്തിന് ധരിച്ചെന്ന്' ചോദിച്ചപ്പോഴും സ്ഥാപനത്തിന്‍റെ സെക്യൂരിറ്റിമാര്‍ മുതല്‍ കണ്ടുമുട്ടിയവരെല്ലാം ഓരോ നിറത്തിലുള്ള നോട്ടങ്ങളായിരുന്നു. ചിരിയും കൗതുകവും വികൃതവും നിറഞ്ഞ നോട്ടങ്ങള്‍.

എനിക്ക് സൗഹൃദമായി തോന്നിയ വസ്ത്രമാണ് ഞാന്‍ ധരിച്ചതെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമില്ലേ എന്നും  ഇത് 'അവളു'ടെ വസ്ത്രമെന്ന് ആരാണ് പറഞ്ഞതെന്നും ഓരോരുത്തരോടും പറയുകയും ചോദിക്കുകയും ചെയ്തപ്പോഴും അംഗീകരിക്കാനാവാത്ത ചിരിയാണ് മറുപടിയായി കിട്ടിയത്. ചിലര്‍ അംഗീകരിക്കുകയും കൂടെനില്‍ക്കുകയും ചെയ്തെന്നതും നേര്.

ഒരു മണിക്കൂര്‍ മാത്രം 'അവളു'ടെതെന്ന് മുദ്ര കുത്തിയ ഒരു വസ്ത്രം ധരിച്ചതിന് ഇത്രമാത്രം അനുഭവിക്കേണ്ടി വന്നെങ്കില്‍ ചെറുപ്പം തൊട്ടേ 'അവന്‍റേ'തെന്ന് വരവരച്ചിട്ട എന്തൊക്കെയുണ്ടോ, ആ രീതിയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന പതിനാറ് കാരി 'ഗുഡ്ഡി' എത്രത്തോളം അനുഭവിക്കുന്നുണ്ടാവും? രാജസ്ഥാനിലെ 'മോറ' എന്ന ഗ്രാമത്തില്‍ പ്രവാഹീന് കീഴില്‍ മൂന്ന് മാസം പ്രവര്‍ത്തിച്ചപ്പോള്‍ കിട്ടിയ സുഹൃത്താണ് 'ഗുഡ്ഡി'. കാണാന്‍ തനി ആണ്‍കുട്ടി. ചെറുകുട്ടികള്‍ മുതല്‍ വലിയവര്‍ വരെ അവള്‍ക്ക് ഭ്രാന്താണെന്നും, ചിലര്‍ രഹസ്യത്തില്‍ ''അവള്‍ രണ്ടും കെട്ടതാണെന്നും പറഞ്ഞത് ഓര്‍മയിലുണ്ട്''. എല്ലാത്തിനോടും പുഞ്ചിരിക്ക് ജീവിക്കുന്ന, ഇതേ അനുഭവത്തിലുള്ള എത്ര 'ഗുഡ്ഡി'മാരുണ്ടാവും?

നിങ്ങള്‍ക്കും വ്യത്യസ്ഥ ഭാവങ്ങളിലായി ഒരുപാട് തവണ ചിലപ്പോള്‍ ഈ വേര്‍തിരിക്കല്‍ അനുഭവപ്പെട്ടിട്ടില്ലെ?  അവനെന്താ അടുക്കളയില്‍ കാര്യം,  ഒന്നില്ലേലും ആണല്ലേ പണിക്ക് പോടോ, മുടി നീട്ടാന്‍ നീയെന്താ പെണ്ണാണോ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ഒരുപാട് നാള്‍മുതലേ കേട്ട് തുടങ്ങിയതാണ്. നേരെ തിരിച്ച് 'അവളും' കേള്‍ക്കുന്നുണ്ടാവും. എന്നുമുതലാണ് നമുക്ക് ഇവ ഓരോന്നും അംഗീകരിക്കാന്‍ പറ്റാതെ വന്നതെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.

ചിലരൊക്കെ നീയെന്തിനാ എല്ലാം പൊളിച്ചെഴുതണമെന്ന് ആഗ്രഹിക്കുന്നതെന്ന് ചോദിക്കാറുണ്ട്. ഞാനൊരിക്കലും ഒന്നും മാറ്റി എഴുതാനോ ചരിത്രം രചിക്കാനോ ആഗ്രഹിച്ചിട്ടില്ല. നമ്മുടെ ഇഷ്ടങ്ങളെ മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്കായി എന്തിന് മാറ്റിവെക്കണം? നാം ഒട്ടും പ്രതികരണമില്ലാതെ അനുസരണയുള്ളവരായതുകൊണ്ടാണ് എന്ത് കഴിക്കണമെന്ന് വരെ മറ്റുള്ളവര്‍ തീരുമാനിക്കുന്ന, നിയമമായി വരുന്ന അവസ്ഥയുണ്ടായത്.

ചിലരുടെ കണ്ണില്‍ നിങ്ങള്‍ അനുസരണാകേടുള്ളവനായി ഗണിക്കപ്പെട്ടാലും നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ശ്രമിക്കുക. അതിനൊരു പ്രത്യേക രുചിയും നിറവുമുണ്ട്. അത് നുണരുവാനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

#SDG
#SDG-5
#pravahICS
#ics4cange

Megham Vaanil - Lyric Video | Utharam Parayathe | Rafeeq Ahammed | Nandh...



ഞാനും  മോനും  കൂടി  അഭിനയിക്കുന്ന  മലയാളചലച്ചിത്രം  ചെമ്പകം  സിനി ക്രിയേഷന്‍സിന്റെ  ഉത്തരം  പറയാതെ  ...  യിലെ  മനോഹരമായ  ഒരു ഗാനം  

ചപ്രു (കഥ)



അതവന്റെ പേരല്ല. എന്നാൽ പേരല്ലെന്നും പറയാൻ പറ്റില്ല. ചപ്രത്തലയനായ അവനെ ഞങ്ങൾ, സുഹൃത്തുക്കളെല്ലാമിട്ട ഓമനപ്പേരാണ്‌ ചപ്രു. ലോകത്തിലെല്ലാത്തിനോടും പ്രതിഷേധം പ്രകടിപ്പിക്കാനെന്നമട്ടിലവന്റെ മുടി മുള്ളൻപന്നിയുടേത് പോലെ സദാ കൂർത്തു നിന്നിരുന്നു. സത്യത്തിൽ പ്രതിബദ്ധതയ്ക്ക് ഒരു ചിഹ്നമുണ്ടാവുകയാണെങ്കിൽ അതിനേറ്റവും യോഗ്യത മുള്ളൻപന്നിക്ക് തന്നെയാണ്‌. അല്പം പതിഞ്ഞ മൂക്കും, ഇറക്കം കുറഞ്ഞ ഷർട്ടും, ചുളിഞ്ഞ പുരികവുമൊക്കെ ചപ്രുവിനു ഒരു വില്ലൻ ലുക്ക് സമ്മാനിച്ചിരുന്നു. അവനത് വെറുതെ പാഴാക്കി കളഞ്ഞതുമില്ല. നല്ലോണം മുതലാക്കിയിരുന്നു. ഒന്നിനേം പേടിയില്ലാത്ത, ആരേം വകവെയ്ക്കാത്ത പ്രകൃതം. അതായിരുന്നു അവൻ. സ്കൂളിൽ കുരുത്തക്കേടുകൾ കാട്ടുമ്പോൾ, അടിക്കുന്ന മാഷിനെ കൂർത്തനോട്ടം കൊണ്ടവൻ കുത്തിക്കീറുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. അരിശം തീർക്കാൻ മൂന്ന് അടി എന്ന പരിധി വിട്ട് മാഷവനെ ഏഴും എട്ടും തവണ ചൂരൽ കൊണ്ട് പ്രഹരിക്കുന്നത് കണ്ടിട്ടുണ്ട്. വേറെ ഏതു കുട്ടിയാണെങ്കിലും മൂന്നാമത്തെ അടിയിൽ കരഞ്ഞു തുടങ്ങിയിരിക്കും. എന്നാൽ ചപ്രു അതിനെയൊക്കെ അതിജീവിച്ചു ഏട്ടാമത്തെ അടിയിലും ഒരു പുളച്ചിലും കാണിക്കാതെ മാഷിനെ കണ്ണു കൊണ്ട് കൊരുത്ത് ഉത്തരത്തിൽ പൊക്കി പിടിച്ച് നില്ക്കും. അവൻ ഒരു സാധാരണക്കാരനായിരുന്നില്ല എന്നു സ്ഥാപിക്കാൻ ഇനിയുമുണ്ട് എന്റെ പക്കൽ കഥകൾ. അടുത്തുള്ള കുളത്തിലെ മീനുകൾ, അവനൊരു പ്രത്യേക ഈണത്തിൽ ശബ്ദമുണ്ടാക്കുമ്പോൾ അവന്റെയടുത്തേക്ക് നീന്തി വരുമായിരുന്നു. ചുണ്ടുകൾക്കിടയിൽ പ്രത്യേകരീതിയിൽ നാവ് വളച്ച് വെച്ചാണവനാ ശബ്ദം സൃഷ്ടിക്കുക. അവനോടതതൊന്ന് പഠിപ്പിച്ചുതരാൻ പറഞ്ഞ് ഞങ്ങൾ കെഞ്ചി പിന്നാലെ നടന്നിട്ടുണ്ട്, നാരങ്ങാമിഠായി കൊടുത്ത് പ്രലോഭിപ്പിച്ചിട്ടുണ്ട്, ഉച്ചക്ക് കഴിക്കാൻ തന്നു വിടുന്ന പുഴുങ്ങിയ മുട്ട സമ്മാനിച്ചിട്ടുണ്ട്. എന്നാൽ അവനെ പോലെ ആ ശബ്ദം പുറപ്പെടുവിക്കാൻ ആർക്കുമായില്ല. ശബ്ദമുണ്ടാക്കാൻ കഷ്ടപ്പെടുമ്പോൾ, ‘ഇതൊന്നും നിനക്കൊന്നും പറ്റില്ലെടാ’ എന്ന പുശ്ചഭാവത്തിൽ അവൻ ഞങ്ങളെ നോക്കി ഇരിക്കും. മീനുകൾ ഞങ്ങളുടെ കാലടിശബ്ദം കേട്ടാൽ തന്നെ ഓടിയൊളിക്കും എന്ന സ്ഥിതിയായി. ഞങ്ങളുടെ ശബ്ദം കേട്ട് ചെവി പൊത്തിക്കൊണ്ട് നീന്തിമറയുന്ന മീനുകളെ ഞങ്ങൾ സങ്കൽപ്പിച്ചു.
‘മീനുകൾക്കൊന്നും ചെവിയില്ലെടാ’
ചപ്രു ഞങ്ങളെ ശകാരിച്ചു. ഇതൊക്കെ അവനെങ്ങനെ അറിയാമെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. പുസ്തകത്തിലെ ഒരു വരി പോലും അവൻ ഓർത്തുവെയ്ക്കുന്നത് കണ്ടിട്ടില്ല. ക്ലാസ്സിൽ കവിത ചൊല്ലാൻ പറഞ്ഞാൽ അവൻ ആദ്യത്തെ വരി പറഞ്ഞിട്ട് മുകളിലേക്ക് കണ്ണും തുറന്ന് പിടിച്ച്, വായും പൊളിച്ച് നില്ക്കും. എന്നാൽ സിനിമാപ്പാട്ടുകളുടെ വരികൾ അവന്‌ ഹൃദയസ്ഥമായിരുന്നു.
‘സിനിമേല്‌ പഠിക്കാനുള്ള പദ്യം ചേർത്താലെന്താ?’
ഈ മാതിരി ചോദ്യങ്ങൾ ചോദിക്കാൻ ചപ്രൂനു മാത്രേ പറ്റൂ.
ഒരിക്കൽ അവനൊരു പാമ്പിനെ പിടിച്ചോണ്ട് വീട്ടിൽ വന്നു. അമ്മ അവനെ ഓടിച്ചു വിട്ടു. ഞങ്ങളൊക്കെ ബഹളം വെച്ചോണ്ട് അവന്റെ പിന്നാലെ ഓടി.
‘നീ തൊട്ട് നോക്ക്. ഇത് കടിക്കൂല്ല’
അന്നാണാദ്യമായി ഞാൻ പാമ്പിനെ സ്പർശിക്കുന്നത്. മെഴുമെഴാന്ന്..അതിന്റെ വാല്‌ എന്റെ ഉള്ളംകൈയിൽ ഇഴഞ്ഞു. ജീവന്റെ തുണ്ട് കൈയ്യിലിരുന്ന് ഇഴഞ്ഞപ്പോൾ എന്റെ ആറാമിന്ദ്രിയം തുറന്നു പോവുമോ എന്ന് സംശയിച്ചു. പക്ഷെ അങ്ങനെ ഒരപകടവും സംഭവിച്ചില്ല. അവൻ ഒരൊറ്റ ഒരുത്തൻ കാരണമാണ്‌ നാനാവിധ ജീവികളെ തൊടാനുള്ള ഭാഗ്യം ചുറ്റുവട്ടത്തുള്ള പിള്ളേർക്കൊക്കെ കിട്ടിയത്. പട്ടി, പൂച്ച, അട്ട, പല്ലി, പാറ്റാ, ആട്, മൈന, കാക്കക്കുഞ്ഞ്, അണ്ണാൻ, ആമ, കുളക്കോഴി ഒക്കെ തൊട്ടു. മീനുകളുടെ എണ്ണം അതിലും കൂടുതൽ വരും. തൊട്ടത്തിന്റെയൊക്കെ ഒരു ലിസ്റ്റെടുത്താൽ ഏതാണ്ട് എല്ലാത്തിനും നേർക്ക് അവന്റെ പേര്‌ കടപ്പാടായി എഴുതി വെയ്ക്കേണ്ടി വരും. പഴുതാര, തേള്‌ തുടങ്ങിയ ‘ഭീകര’ ജീവികളെ വരെ തൊട്ടിട്ടുണ്ട് എന്ന് ഞങ്ങൾക്ക് അഭിമാനപൂർവ്വം അവകാശപ്പെടാനാവും.

അവനെ കുറിച്ച് ഓർക്കുമ്പോൾ പിന്നെ കാണുന്നത് സ്കൂൾ സമരം എന്നും പറഞ്ഞ് കൊടിപിടിച്ച് ഒരു ചെറിയ സംഘത്തിനു മുന്നിൽ അവൻ നടക്കുന്നതാണ്‌. അവന്റെ മുള്ളൻപന്നി മുടിയുടെ കൂർപ്പ് കുറച്ച് കൂടി കൂർത്തിരുന്നു ആ കാലത്ത്. അവന്റെ ശബ്ദം കനത്തിരുന്നു. അവന്റെ ധീരശബ്ദം സ്കൂൾ കെട്ടിടത്തിന്റെ ചുവരുകളിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ടാവണം. ഊർജ്ജം നശിപ്പിക്കാനാവില്ല എന്നല്ലെ പഠിച്ചത്?. അവന്റെ കൈയ്യിലിരുന്ന കൊടിയുടെ നിറം ഇപ്പോഴും ഓർമ്മയുണ്ട്.
‘നീ ഏതു പാർട്ടിയാടാ?’
പ്രധാനധ്യാപകൻ ചൂരൽത്തുമ്പ് വിറപ്പിച്ച് കൊണ്ട് അലറിയ ശബ്ദവും ഇപ്പോഴും അവിടെ മോക്ഷം കിട്ടാതെ അലയുന്നുണ്ടാവും.
‘എനിക്കൊരു പാർട്ടിയുമില്ല’ അവനും അന്ന് തിരിച്ചതുപോലെ അലറി.
അതു സത്യമായിരുന്നു. അവൻ ഏതോ സിനിമാപോസ്റ്ററിൽ കണ്ടതു പോലെ ഒരു കൊടി ഉണ്ടാക്കിയെടുത്തതെ ഉണ്ടായിരുന്നുള്ളൂ. സമരം ചെയ്യണമെങ്കിൽ കൊടി വേണമെന്ന് എങ്ങനെയോ അവൻ ധരിച്ചു പോയി.
കല്ലേറുണ്ടായി, സ്കൂളിലെ മണി കെട്ടിയ ചരട് പൊട്ടിച്ചു, പെമ്പിള്ളേർ കരഞ്ഞും നിലവിളിച്ചും ചിതറിയോടി.
അതിനൊക്കെ ഇടയിൽ അക്ഷോഭ്യനായി, ഏതോ ടാബ്ലോയിലെ കഥാപാത്രം പോലെ ചപ്രു സ്കൂൾഗ്രൗണ്ടിന്റെ ഒത്തനടുവിൽ കൊടിയും കുത്തി തലയുയർത്തി നിന്നു.
എന്തായിരുന്നു സമരത്തിനു കാരണം?.
മൂന്നടി അടിക്കുന്ന അധ്യാപകനു പറ്റിയ ഒരു കൈപ്പിഴ. മൂന്നാമത്തെ അടിയിൽ ഒരു കൊച്ചിന്റെ കാല്‌ പൊട്ടി ചോര വന്നു. ദുഷ്ടനെ പുറത്താക്കണം. അല്ലെങ്കിൽ സമരം ശക്തമാക്കും എന്നായി ചപ്രു. പിന്നെ ദിവസങ്ങൾക്കകം എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുൻപ് വേറേയും ചില കൂട്ടർ വന്നു. അവരും കൊടിയും കൊണ്ടാ വന്നത്. സമരം വിജയമായി. ചപ്രു നേതാവും. എല്ലാം കണ്ണടച്ചു തുറക്കുന്ന നേരത്ത്.
‘നീ ഒരു ബയങ്കര സംഭവാടാ’ എന്ന മട്ടിൽ ഞങ്ങളെല്ലാം അവനെ നോക്കി.
‘അതൊക്കെ നീയൊക്കെ പറയാതെ തന്നെ എനിക്കറിയാം’ എന്ന മട്ടിൽ ചപ്രു ഞങ്ങളെ തിരിച്ചും.

പ്രകടനവും പ്രതിഷേധവും പരാതിയുമൊക്കെ ആയി അവൻ നെഞ്ചു വിരിച്ചു നടന്നു. സമരത്തിൽ അവൻ ജയിച്ചെങ്കിലും പരീക്ഷകൾ അവനോട് പ്രതികാരം ചെയ്തു. ചുവന്ന മഷി കൊണ്ട് അവന്റെ പേര്‌ നീക്കം ചെയ്യപ്പെട്ടു. ഞങ്ങൾ കോളേജുകളിൽ ചേർന്നപ്പോൾ അവൻ വെള്ളത്തിൽ വീണ എണ്ണ പോലെ ഒരിടത്തും തൊടാതെ പൊങ്ങി കിടന്നു. നല്ല മസിലുണ്ടായിരുന്നു അവന്‌. ‘കപ്പ കഴിച്ചാൽ മതിയെടാ’ - മസിലു വരാൻ അവൻ പറഞ്ഞു തന്നതാണ്‌. ശരിയായിരിക്കണം. കപ്പേം ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവൻ കഴിക്കണ കണ്ടാൽ കൊതിയാവും. ‘എടുത്തു കഴിയെടാ’ അവൻ പാത്രം ഞങ്ങൾക്ക് നേർക്ക് നീട്ടിപ്പിടിക്കും. മസിലു വരാൻ ഞങ്ങളും ഒന്ന് രണ്ടു കഷ്ണങ്ങൾ കഴിക്കും. പക്ഷെ അവന്റേതു പോലെ മസിലു വന്നില്ല.

സകലതിനോടും പ്രതിരോധം തീർത്ത് അവൻ ജീവിച്ചു. ഞങ്ങൾ വലിയ കോളേജ് പുസ്തകങ്ങൾ ചുമന്നപ്പോൾ അവൻ കോടാലിയും, പിക്കാസും, മൺവെട്ടിയും, മണ്ണു നിറച്ച കുട്ടയുമൊക്കെ ചുമന്നു.
‘നിനക്ക് പഠിക്കണ്ടേടാ?’
‘നീയൊക്കെ പഠിക്കയല്ലെ?.. എല്ലാരും കൂടി പഠിച്ചിട്ട് എന്തു ചെയ്യാനാ?’
അതു പറയുമ്പോൾ അവൻ മീശ കൂർപ്പിച്ചു. ഞങ്ങളുടേത് അണ്ണാൻ വാലിൻതുമ്പത്തുള്ള രോമം പോലെ നേർത്തിരുന്നപ്പോൾ അവന്റേത് നല്ല പിരിച്ച കയറിന്റെ ബലമുള്ളതായിരുന്നു. അവന്റെ മീശരോമങ്ങൾ അവന്റെ തലമുടിയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച പോലെ തെറിച്ചു നിന്നിരുന്നു. അവൻ മീശ കൊണ്ടും ലോകത്തെ പ്രതിരോധിച്ചു എന്ന് പറയാം.

പ്രതിരോധത്തിന്റെ ശക്തി കൊണ്ടോ, ആരേയും കൂസാത്തത് കൊണ്ടോ, ആർക്കും ഒന്നും അടിയറ വെയ്ക്കാത്തത് കൊണ്ടോ, അവൻ പെണ്ണു കെട്ടിയില്ല. അവൻ ഇടയ്ക്കിടെ ചില ജാഥയ്ക്ക് പോവും. അടിപിടി ഉണ്ടാക്കും. അടിപിടി അവനു വേണ്ടി ഉണ്ടാവുന്നതാണോ, അവൻ അടിപിടിക്ക് വേണ്ടി ഉണ്ടായതാണോ എന്ന സംശയം തോന്നുന്ന രീതിയിലായിലായിരുന്നു കാര്യങ്ങൾ. മെരുക്കാൻ പറ്റാത്തത് കൊണ്ടാവും അവൻ ഒരു പാർട്ടിയിലും ചേർന്നില്ല. കുറേ നാൾ കഴിഞ്ഞപ്പോൾ അവൻ കൊടിപിടിക്കുന്നതും, ജാഥയ്ക്ക് പോവുന്നതും നിർത്തി. അവൻ സ്വതന്ത്രനായി നടന്നു.

എന്റെ കഴുത്തിൽ അപ്പോഴേക്കും നെഞ്ചിടിപ്പ് എണ്ണുന്ന കുഴൽ കയറി കഴിഞ്ഞിരുന്നു.
‘കൊള്ളാം. സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’ ചപ്രു എന്റെ തോളിൽ തട്ടി പറഞ്ഞു.
‘നീ ഈ ബീഡിവലി ഒന്ന് കുറയ്ക്ക്’ പറയാൻ അർഹത പുതുതായി ലഭിച്ചവന്റെ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു.
‘ഉം..’ അമർത്തി മൂളി അവൻ എന്നെ നോക്കി ചിരിച്ചു. സ്കൂളിൽ വെച്ച് അപൂർവ്വമായി അവൻ ചിരിക്കുമായിരുന്നു. അതേ ചിരി ആയിരുന്നു അത്. ഒരു അളവുകോലും കൊണ്ടും അളന്നെടുക്കാനാവാത്ത ചിരി.

ചപ്രു പിന്നേം വളര്ർന്നു. മനുഷ്യന്റെ വളർച്ച മരണം വരെ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ചിലർ മനസ്സ് കൊണ്ട്, ചിലർ ശരീരം കൊണ്ട്. പക്ഷെ എന്തായാലും വളർച്ച നിരന്തന്തരമായി സംഭവിക്കുന്നുണ്ട്.

ഞാൻ പെണ്ണു കെട്ടി. പതിവുപോലെ പെണ്ണു കെട്ടിച്ചു എന്നു പറയാം. ‘എനിക്ക് ഭോഗിക്കാൻ ഒരു പെണ്ണു വേണം’ എന്നു പച്ചക്ക് പറയാൻ പറ്റില്ലല്ലോ. പക്ഷെ എന്റെ നിവൃത്തികേട് മനസ്സിലാക്കി വീട്ടുകാരെനിക്ക് ഒരു പെണ്ണിനെ പിടിച്ചു തന്നു. ഞാൻ ഭോഗിച്ചു, പിന്നെ പ്രേമിച്ചു, പിന്നെ സ്നേഹിച്ചു. കുട്ടികളുണ്ടായി. അവരെ കൊഞ്ചിച്ചു, ലാളിച്ചു, സ്നേഹിച്ചു. ഒരോ ഘട്ടത്തിലും തോന്നി ‘ഇതാണ്‌ ജീവിതം’ എന്ന്. പിന്നീട് തോന്നി, ‘ഇത്രയുമേ ഉള്ളൂ ജീവിതം’ എന്ന്. ഇടയ്ക്കിടെ ഞാൻ ചപ്രുവിനെ കുറിച്ചും ഓർത്തു. അവൻ പെണ്ണു കെട്ടിയില്ലല്ലോ. അവനു ഈ സുഖമൊന്നും അറിയണ്ടേ? അവനു പെണ്ണിന്റെ ശരീരം പകരുന്ന ചൂടറിയണ്ടെ?. കുഞ്ഞുങ്ങൾ ഞങ്ങളുടെ പരുക്കൻ കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതി അനുഭവിക്കണ്ടെ?. ‘ഇതാണ്‌ ജീവിതം’ എന്ന് അവൻ എപ്പോഴെങ്കിലും പറഞ്ഞിരിക്കുമോ?.

ചപ്രു എല്ലാം ചെയ്യുമായിരുന്നു. എല്ലാ പണിയും. എന്തും. കുളത്തില്‌ വീണു മരിച്ച പെൺകുട്ടിയുടെ ജഢം മുങ്ങിയെടുത്തത് ചപ്രു ആയിരുന്നു. കുഞ്ഞിയമ്മയുടെ പശു ചത്തപ്പോൾ അതിനെ കുഴിച്ചിട്ടത് ചപ്രു ആയിരുന്നു. പ്രഭാകരേട്ടന്റെ മോൻ സുജിത്തിനെ പാമ്പു കടിച്ചപ്പോൾ തോളത്തിട്ട് ഓടിയതും ചപ്രു. എവിടേയും ചപ്രു. എല്ലായിടത്തും ചപ്രു. ദൈവത്തിനെ പോലെ. പക്ഷെ നേരിൽ കാണാമെന്നു മാത്രം. അവന്റെ വിയർപ്പ്പാട പിടിച്ച മേത്ത് തൊട്ടു നോക്കാം. അവന്റെ അടുത്ത് നില്ക്കുമ്പോൽ ബീഡിപ്പുക മണക്കും. ചിലപ്പോൾ അതാവണം ദൈവത്തിന്റെ മണം.

വർഷങ്ങൾ പിന്നെയും മുൻപോട്ട് പോയി. ചപ്രു വലിച്ചിരുന്ന കൈവണ്ടി പോലെ തന്നെ. ഇടയ്ക്ക് കയറ്റം കയറിയും, ഇടയ്ക്ക് ഇറക്കമിറങ്ങിയും എന്റെ ജീവിതവും മുന്നോട്ട് പോയി. ആയിടയ്ക്കാണ്‌ പള്ളിക്കര ഔസേപ്പിന്റെ വീട്ടിൽ മരണം നടന്നത്. അവിടെ പണിക്ക് നില്ക്കണ ഒരു വേലക്കാരി കൊച്ച്. ഒരു തമിഴത്തി പെണ്ണ്‌. ‘പൊണ്ണ്‌’ എന്ന് അവളെ കൊണ്ടു വിട്ട അവൾടെ അമ്മ പറയും. ഒരു സുപ്രഭാതത്തിൽ അവൾ കണ്ണും തുറിച്ച്, നാവും കടിച്ചു പിടിച്ച്, മേല്‌ മുഴുവൻ മാന്തിപൊളിച്ച് പേര മരത്തിൽ തൂങ്ങിയാടി. പോലീസും വന്നു, പോലീസ് പട്ടിയും വന്നു. പെങ്കൊച്ചിന്റെ അമ്മ വന്ന് വലിയ വായിൽ കരഞ്ഞു നിലവിളിച്ചു. ആ നിലവിളി ഇപ്പോഴും ആ പരിസരത്ത് കുടുങ്ങി കിടപ്പുണ്ട്. ചിലപ്പോൾ ആ നിലവിളിയിപ്പോഴും ആ പേര മരത്തിൽ തൂങ്ങി നില്പ്പുണ്ടാവും. ചപ്രു ഔസേപ്പിന്റെ വീട്ടിൽ തെങ്ങിനു തടമെടുക്കാനും, ഇളിച്ച മോന്തയുള്ള കറുത്ത കാറ്‌ കഴുകാനും പോകാറുണ്ടായിരുന്നു. പെങ്കൊച്ച് പേരമരത്തിൽ കേറി പോവുന്നതിനു തലേന്നും ചപ്രു അവളെ കണ്ടതാ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പോലീസിന്റെ വരവ് നിന്നു. തമിഴ് പെണ്ണിന്റെ അമ്മയെ അവിടെങ്ങും കണ്ടില്ല. ഒരു വെളുപ്പാൻകാലത്ത്, ഇളിച്ച കാറിന്റെ അകത്ത് ഔസേപ്പ് മുറിഞ്ഞ കഴുത്തുമായി കിടന്നു. ചപ്രു നേരിട്ടാണ്‌ സ്റ്റേഷനിൽ പോയത്. എന്താ, എങ്ങനെയാ എന്നൊക്കെ അവനെ അറിയാവൂ. ഞാൻ കോയമ്പത്തൂര്‌ പോയി വന്നപ്പോഴെക്കും ഒക്കെ കഴിഞ്ഞു. എന്റെ ഭാര്യ ‘ചപ്രു ഇങ്ങനെ ചെയ്യൂന്ന് വിചാരിച്ചതേയില്ല’ എന്നു പറഞ്ഞു. ‘പിന്നെ എങ്ങനെ ചെയ്യുമെന്നാ വിചാരിച്ചത്?’ എനിക്ക് അങ്ങനെ തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു.

കാലം പിന്നേം ഉരുണ്ടു, എന്റെ മാരുതി കാറ്‌ പോലെ. നാട്‌ നിറയെ കടകളായി, വഴികളായ വഴികളൊക്കെ ടാറിട്ടു, ഔസേപ്പിന്റെ മകന്റെ രണ്ട് ബസ്സ് ടാറിട്ട റോഡുകളിൽ കൂടി തേരാപാരാ ഓടി. ഗ്രാമം മേക്കപ്പിട്ട് നഗരമാവാൻ കിണഞ്ഞ് ശ്രമിച്ചു. പുരികം പറിച്ചു കളയും പോലെ വഴിയുടെ വക്കിൽ നിന്ന മരങ്ങളൊക്കെ വെട്ടി മാറ്റി. ചായക്കടകൾ മോർഫ് ചെയ്ത പോലെ വലിയ ബേക്കറികളും, ഷോപ്പുകളുമൊക്കെയായി. പഴയ നാരങ്ങാ മിഠായി ഒളിവിൽ പോയി. പകരം തിളങ്ങുന്ന ഉടുപ്പിട്ട മിഠായികൾ പെട്ടികളിൽ ഞെളിഞ്ഞിരുന്നു. തലമുടി മുകളിലേക്ക് ചീകി വെച്ച പിള്ളേർ ആ മിഠായികൾ വാങ്ങി അതിന്റെ ഉടുപ്പൂരിയെറിഞ്ഞ് നുണഞ്ഞാസ്വസിച്ചു. വഴി മുഴുക്കേയും വിവിധ നിറത്തിലുള്ള മിഠായിത്തോലുകൾ പറന്നു നടന്നു. കിണറൊക്കെ ഭൂമിക്കടിയിലേക്ക് ഇറങ്ങി പോയി. മനുഷ്യര്‌ തന്നെ മണ്ണിട്ട്‌ മൂടി അതൊക്കെ ഒളിപ്പിച്ചു കളഞ്ഞു എന്നു വേണം പറയാൻ. പകരം നീണ്ട കുഴലുകൾ ഭൂമിയുടെ നെഞ്ചിലേക്ക് കുത്തിയിറക്കി  ഒരു സ്ട്രായിലൂടെന്ന പോലെ വെള്ളം വലിച്ചെടുത്തു. വാഹനങ്ങൾ പുക ചുമച്ചു തുപ്പി. താമസിയാതെ ഞങ്ങളും ചുമച്ചു തുടങ്ങി. എനിക്ക് അതു കൊണ്ടും ഗുണമേ ഉണ്ടായുള്ളൂ. ഒരുപാട് രോഗികൾ. മരുന്നിനു കുറിക്കുമ്പോൾ ഞാൻ ചപ്രു പറഞ്ഞതോർത്തു ‘സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’. ഒരോ തവണ കാശ്‌ വാങ്ങുമ്പോഴും ചപ്രുവിന്റെ ശബ്ദം എന്റെ ഉള്ളിൽ കിടന്ന് നിലവിളിച്ചു. കുറെനാൾ കഴിഞ്ഞപ്പോൾ ആ നിലവിളി ശബ്ദം നിലച്ചു. ഞാൻ ഒരു കാറ്‌ കൂടി വാങ്ങി. ഒരു കാറ്‌ കൊണ്ട് മാത്രം എനിക്ക് സമയത്തിനൊപ്പം സഞ്ചരിക്കാനാവില്ല എന്ന് തോന്നിയത് കൊണ്ടാണ്‌.

എന്റെ ക്ലിനിക്കിൽ വരുന്ന പുതിയ പിള്ളേരുടെ മുടി ഞാൻ ശ്രദ്ധിക്കാറുണ്ട്. മുകളിലേക്ക് ചകിരി നാര്‌ പോലെ ഇരിക്കുന്ന മുടി. പക്ഷെ ചപ്രുവിന്റെ മുടിയുടെ കൂർപ്പൊന്നും ആ പിള്ളേരുടെ മുടിക്കും ഉണ്ടായിരുന്നില്ല. പിള്ളേരുടെ വിരൽനഖങ്ങൾ ഞാൻ ശ്രദ്ധിച്ചു, മണ്ണു തൊടാത്ത വിരലുകൾ. എന്റെ വിരലുകളും ഇപ്പോൾ മൃദുവായിട്ടുണ്ട്. വിടർത്തി വെച്ച കൈക്കുള്ളിൽ കിടന്നു പുളയുന്ന പാമ്പിന്റെ വാല്‌ ഞാനോർക്കാറുണ്ട്. അത്രയും ജീവനുള്ളത് ഞാൻ സ്പർശിച്ചിട്ടെത്ര നാളായിട്ടുണ്ടാവും?. ചപ്രുവിനെ അപ്പോഴോഴെയുമോർത്തു. അവനെവിടെയായിരിക്കും?. എന്തു ചെയ്യുവായിരിക്കും?. ജയിലിൽ അവനു കപ്പ കഴിക്കാൻ കിട്ടുന്നുണ്ടാവില്ല. അവിടെ ഇപ്പോൾ ചിക്കനും ചപ്പാത്തിയൊക്കെയാണെന്നു കേട്ടു. അവന്റെ മസിലുകൾ ചുരുങ്ങി പോയിട്ടുണ്ടാവും. എനിക്കതോർക്കുമ്പോൾ വിഷമം തോന്നി.

ചില ദിവസങ്ങളിൽ പത്രം വായിക്കുന്ന സമയത്ത് മുറ്റത്ത് ഒരു മൈന വന്നിരിക്കും. ഒരൊറ്റ മൈന. ആരുമായും കൂട്ട് കൂടാത്ത ഒരു മൈന. ഇപ്പോൾ ഇവിടം മുഴുവൻ കാക്കകളാണല്ലോ എന്നപ്പോഴോക്കെയുമോർക്കും. പ്രാവും, മൈനയും, മാടത്തയും, കുയിലൊക്കെ എവിടെ പോയി?. കാക്കകൾ കൊത്തിയോടിച്ചതാവുമോ?. പണ്ട് ചപ്രുവിന്റെ കൈയ്യിലിരുന്ന പ്രാവിന്റെ മുതുകിൽ തടവിയത് ഓർത്തു. എന്തൊരു മിനുസമായിരുന്നതിന്‌!. ഒരു ദിവസം ചപ്രു ഈ ഗേറ്റും തുറന്നു വരും. അവനു ഞാൻ ആ ദിവസം കപ്പ പുഴുങ്ങി കൊടുക്കും. അവനതാണല്ലോ ഇഷ്ടം. ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവനോടൊപ്പമിരുന്നു കഴിക്കും. അങ്ങനെ ചില ചെറിയ ചെറിയ സ്വപ്നങ്ങൾ. വലിയ സ്വപ്നങ്ങളുടെ കാലം കഴിഞ്ഞു. വീണ്ടും പഴയതു പോലെ ചെറിയ സ്വപ്നങ്ങൾ ഞാൻ കണ്ടു തുടങ്ങി.

ചപ്രുവിനെ ആരും അന്വേഷിക്കാത്തതിൽ എനിക്ക് അത്ഭുതം തോന്നി. നാട്ടിൽ അന്യസംസ്ഥാനത്ത് നിന്നും വന്നവർ നിറഞ്ഞത് കൊണ്ടാവും. അവരും നല്ലതു പോലെ അധ്വാനിക്കുന്ന കൂട്ടർ തന്നെ. അപ്പോൾ നമ്മൾ എന്തു ചെയ്യുവാണ്‌? അധ്വാനിക്കാത്തവരായി പോയോ? എന്നൊക്കെ സംശയം തോന്നിത്തുടങ്ങി. ഒരു കൂട്ടർ അധ്വാനിക്കാനും മറ്റൊരു കൂട്ടർ അധ്വാനിക്കാതിരിക്കാനും. എന്നിട്ട് അധ്വാനിക്കുന്നവരെ ആക്ഷേപിക്കാൻ മുന്നിൽ നില്ക്കുന്നത് അധ്വാനിക്കാത്തവരും. എവിടെയോ എന്തോ തകരാണ്‌ സംഭവിച്ചിരിക്കുന്നു.

ഒരു ദിവസം രാത്രി ഞാൻ എഴുന്നേറ്റിരുന്നു. സ്വപ്നം കണ്ടിട്ടല്ല, ബീഡിപ്പുകയുടെ മണം തോന്നിയിട്ട്. ദൈവത്തിന്റെ മണം. എനിക്കന്നേരം തന്നെ ചപ്രുവിനെ കാണണമെന്നു തോന്നി. പിറ്റേന്ന് പകൽ തന്നെ ചപ്രുവിനെ കാണൻ പുറപ്പെട്ടു. ഡ്രൈവർ വണ്ടിയോടിക്കുമ്പോൾ പിൻസീറ്റിൽ കിടന്ന് ഞാൻ ചപ്രുവിനെ കുറിച്ച് മാത്രം ഓർത്തു കിടന്നു. എന്റെ ഭാര്യ, കുഞ്ഞുങ്ങൾ, വീട്, ക്ലിനിക്ക് എല്ലാം ഞാൻ മറന്നു. അവന്റെ കൂർത്തമുടിമുനയിൽ തൊട്ടത് ഞാനോർത്തു. സ്കൂളിൽ മൈതാനമധ്യത്തിൽ സ്വയമുണ്ടാക്കിയ കൊടിയും പിടിച്ചവൻ നിവർന്ന് നില്ക്കുന്നത് കണ്ടു. പുറത്തേക്ക് നീട്ടിപ്പിടിച്ച കൈയ്യിൽ മഴത്തുള്ളി വീണപ്പോൾ, വഴുവഴുപ്പുള്ള പാമ്പിന്റെ ഉടലിൽ തൊട്ടത്ത് പോലെ ഞാൻ കൈ പിൻവലിച്ചു. ഒരു മഴത്തുള്ളിയുടെ നനവ് പോലുമെനിക്ക് സഹിക്കാനാവുന്നില്ല ഇപ്പോൾ.

ജയിലിന്റെ മുന്നിൽ കാർ വന്നു നിന്നു. ഞാൻ സന്ദർശകനായി അകത്തേക്ക് നടന്നു. അപ്പോൾ തോന്നി, ഇത്രയും വർഷങ്ങൾക്കിടയിൽ ഒരു പക്ഷെ ഞാൻ മാത്രമായിരിക്കും ചപ്രുവിനെ കാണാൻ വന്നിട്ടുണ്ടാവുക. കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അവനെ കാണാൻ അവന്റെ ഭാര്യയോ മക്കളോ ചെല്ലുമായിരുന്നു. ചപ്രു ഇപ്പോ എങ്ങനെയിരിക്കും കാണാൻ?. അവന്റെ മേലോട്ട് കൂർപ്പിച്ച മീശ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടാവുമോ?. അതോ കാലപ്പഴക്കത്തിൽ പ്രതിരോധശക്തിയൊക്കേയും ചോർന്ന് താഴേക്ക് വളഞ്ഞു പോയിട്ടുണ്ടാവുമോ?. കപ്പ കഴിച്ച് അവൻ വളർത്തിയെടുത്ത മസിലുകൾ..

ഓ! ചപ്രുവിന്റെ ശരിയായ പേരെന്താണ്‌? - ‘ആരേയാണ്‌ കാണേണ്ടത്?’ എന്ന് ചോദിച്ചപ്പോഴാണ്‌ ഞാൻ അതോർത്തത് തന്നെ. സ്കൂളിൽ വിളിക്കാറുള്ള ഹാജർ വിളികളാണെന്നെ രക്ഷിച്ചത്. എന്റെ ഓർമ്മയെ ഒരു നിമിഷം പരീക്ഷിച്ചെങ്കിലും, ഓർമ്മ ഒടുവിൽ ആ പേർ എന്റെ നേർക്ക് നീക്കിവെച്ചുതന്നെന്റെ മാനം രക്ഷിച്ചു.
പോലീസുദ്യോഗസ്ഥൻ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു,
‘നിങ്ങൾ അയാളുടെ ആരാണ്‌?’
ഞാൻ അവന്റെ സുഹൃത്ത്. ബാല്യകാലസുഹൃത്ത്. ഒന്നിച്ചു ഒരേസ്കൂളിൽ ഒരേ ബഞ്ചിൽ മുട്ടുകാലുകളുരുമിയിരുന്ന് പഠിച്ച സുഹൃത്ത്. കുറേ നല്ല വർഷങ്ങളുടെ പരിചയം മാത്രമുള്ള ഒരു സുഹൃത്ത്.
‘നിങ്ങൾ ഇപ്പോഴെന്താ വന്നത്?’
ഓ!. സന്ദർശനോദ്യേശ്യം.. എന്തിനാണ്‌?. വെറുതെ കാണാൻ. ഒരാളെ ഒരുപാട് നാൾ കാണാതിരുന്നാൽ കാണാൻ തോന്നില്ലെ?. അങ്ങനെ കാണാൻ വന്നതാണ്‌. എവിടെ അവൻ?. എന്താ കാണാൻ അനുവാദമില്ലെ?.
‘നിങ്ങൾ പറയുന്ന ആൾ മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചു പോയി..ഹാർട്ട് അറ്റാക്ക് എന്നാണ്‌ റെക്കോർഡിൽ കാണുന്നത്’

ദൈവം മരിച്ചു. ഞാൻ തളർച്ചയോടെ കസേരയിൽ കുറച്ച് നേരമിരുന്നിട്ട് പുറത്തേക്ക് നടന്നു. അന്നാദ്യമായി ഒരു ലജ്ജയുമില്ലാതെ ഞാൻ കരഞ്ഞു, വെറുമൊരു സാധാരണ മനുഷ്യനെ പോലെ. മുള്ളു പോലെ മുടിയുള്ള എന്റെ സുഹൃത്ത്. ചപ്രു. വേവിച്ച കപ്പ നിറച്ച പാത്രം നീട്ടി ‘എടുത്ത് കഴിയെടാ’ എന്നു പറഞ്ഞ ചപ്രു. എനിക്കൊരുവട്ടമെങ്കിലും അവനെ കാണാൻ വരാമായിരുന്നു. ഞാൻ മനുഷ്യനാണത്രെ..


-സാബു ഹരിഹരൻ

'കഥ വന്ന വഴി' - ഭാഗം 3 - നടവഴിയിലെ നേരുകള്‍ (അന്നൂസ്)

ഷെമി - കണ്ണൂര്‍ സ്വദേശിനി. പിന്നിട്ട നടവഴികളില്‍ കാലില്‍ തുളച്ചുകയറിയ കൂര്‍ത്ത മുള്ളുകള്‍ തന്ന വേദനയില്‍ നിന്ന് ഉയിര്‍കൊണ്ട തീ പിടിപ്പിച്ച അക്ഷരങ്ങളുമായെത്തിയ എഴുത്തുകാരി. അനാഥത്വം സൃഷ്‌ടിച്ച ബാല്യ കൗമാരകാലത്തെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ നമ്മോടു പങ്കു വയ്ക്കുന്ന നടവഴിയിലെ നേരുകള്‍ക്ക് ശേഷം എഴുത്ത് പ്രതികാരത്തിനല്ല, പ്രചോദനത്തിനാണെന്നു തീര്‍ത്തു പറയുന്നു, ഈ കഥാകാരി. തന്‍റെ ഒരു പുസ്തകം വിറ്റുകിട്ടുന്ന പണംകൊണ്ട്  തെരുവിലെ ഒരു കുട്ടിക്കെങ്കിലും ആഹാരം കിട്ടിയാല്‍ തനിക്കത്രയും സന്തോഷം എന്നു പറയുന്ന മനുഷ്യസ്നേഹിയായ എഴുത്തുകാരിയുടെ ആദ്യനോവലാണ്‌ 'നടവഴിയിലെ നേരുകള്‍'.


'നടവഴിയിലെ നേരുകള്‍' പിറന്നതിനെപ്പറ്റി പ്രിയ എഴുത്തുകാരി എഴുതുന്നു.
(വഴക്കുപക്ഷി ബ്ലോഗ്‌ മാഗസിനിലെ 'കഥവന്ന വഴി' എന്ന പംക്തിക്കായി സ്നേഹത്തോടെ കുറിച്ച് അയച്ചുതന്നത്)

".....ഇത് ജീവിതം നടന്ന വഴിയാണ്. ഒരു പെൺകുട്ടി മൂന്നു വയസ്സ് മുതൽ ഇരുപത്തിനാല് വയസു വരെ നടന്ന വഴികളിലെല്ലാം കണ്ടതും ഉണ്ടായതുമായ സത്യസ്ഥിതികൾ.

ഒരിക്കൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലെ കൃത്രിമ ശ്വാസകോശ പെട്ടിയുമായി ഞാൻ ബന്ധിക്കപ്പെട്ടു. ഒരു ദിവസം കണ്ണ് തുറന്നപ്പോൾ അപരിചിതമായതെല്ലാം അടുപ്പം കൂടാൻ വന്നു. ഡോക്ടേഴ്‌സ്, നഴ്സ്‌, മരുന്ന്,സഹരോഗികൾ... എന്നാൽ എന്റെ പേരെന്തെന്നോ, 'ഞാൻ' ആരാണെന്നോ, എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്നോ എന്നെല്ലാം ചോദിക്കാൻ മനസ്സ് മടിച്ചു. പകരം ഒരുപാട് പരിചയമുള്ളതെല്ലാം ഒരല്പം അകലം വിട്ട് നിന്ന്  'എന്നാലും നമ്മളെ മറന്നു കളഞ്ഞില്ലേ' എന്ന് പരിഭവിക്കുന്നത് ശ്രദ്ധിച്ചു. ആശുപത്രിക്കിടക്കയിൽ അനങ്ങുവാൻ അസാധ്യമായിട്ടും അവയെ ആശ്വസിപ്പിച്ചു.

അങ്ങനെ അംഗനാവാടിയിലെ 'അ' എന്ന അക്ഷരത്തിൽ നിന്നും ദുബൈ എയർപോർട്ടിൽ തളർന്ന് അണച്ച് ഇരുന്നതോളം ക്രമ വ്യവസ്‌ഥം കുറിച്ചിട്ടതാണ് നടവഴിയിലെ നേരുകൾ. എന്തിനാണെന്ന് എനിക്കപ്പോൾ അറിയുമായിരുന്നില്ല, ആ നേരത്ത്‌ പിന്നിൽ  അനുഭവിച്ച വേദനാ വികാരം വീണ്ടും വട്ടം കൂടി വീർപ്പുമുട്ടിക്കുകയും തല്ലിച്ചതക്കുകയും ആയിരുന്നു.

ഇത്തരം വഴികളിലൂടെ നടക്കുമ്പോൾ ആകുലത വേണ്ടാ എന്ന് ഒരാളെയെങ്കിലും ചിന്തിപ്പിക്കാനും ഒരു കുട്ടിക്ക് ഒരു നേരമെങ്കിലും ആഹാരമാകും എന്ന വിചാരവുമാണ് ഈ പിറവിയുടെ പ്രചോദനം....."  
നിങ്ങളുടെ മാഗസിന് എല്ലാ നന്മാശംസകളും... 
സ്നേഹാദരവോടെ 
സ്വന്തം ഷെമി.
 
പ്രിയ ബ്ലോഗ്ഗര്‍ ഫൈസല്‍ബാബുവിന്‍റെ ബ്ലോഗ്‌പോസ്റ്റില്‍ നിന്ന്......  
---------------------------------------------------------------------------------------------------------------
"കോഴിക്കോട് ഡി സി ബുക്സില്‍ വെച്ച് അവിചാരിതാമായിട്ടാണ് നടവഴിയിലെ നേരുകള്‍ കണ്ണിലുടക്കുന്നത്.എഴുത്തുകാരിയുടെ  പടം പുറം ചട്ടയില്‍ വലുതായി  കൊടുത്തുകൊണ്ട്  ഒരു നോവല്‍. ഒരു  കൌതുകത്തിനു വേണ്ടി  മാത്രം അതിന്റെ  ആദ്യ പേജുകള്‍ ഒന്ന്  മറിച്ചുനോക്കി .അവിടെയുമുണ്ടായിരുന്നു ഒരു പുതുമ .സ്വന്തം കൈപടയില്‍  ഇങ്ങിനെ കുറിച്ചിരിക്കുന്നു "എന്റെ ബാല്യം തെരുവിലായിരുന്നു,അത് കൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ റോയല്‍റ്റി എക്കാലത്തെക്കും തെരുവിലെ ബാല്യങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്" ഷെമി---- പിന്നെയൊന്നും നോക്കിയില്ല നോവല്‍ എങ്ങിനെയാണെങ്കിലും അതിന്റെ വരുമാനം ഒരു  നല്ല കാര്യത്തിന് വേണ്ടി യാണല്ലോ ചിലവഴിക്കാന്‍ പോവുന്നത്. അങ്ങിനെയാണ് നടവഴിയിലെ നേരുകളുമായി ഷെമിയോടൊപ്പം തെരുവില്‍ കൂടി നടക്കാന്‍ തീരുമാനിച്ചത്."  തുടര്‍ന്നു വായിക്കാം
 
നോവലിനെ പറ്റി പ്രിയ ബ്ലോഗ്ഗര്‍ ബിജു ജി നാഥ്.
----------------------------------------------------------------------
ഓരോ വായനയും ഓരോ അനുഭവം ആകുന്നതു ആ എഴുത്തിന്റെ ഭംഗി കൊണ്ട് മാത്രമല്ല അതിലെ ജീവിതത്തിന്റെ പച്ചയായ നോവും പശിമയും വായനക്കാരനെ തൊടുമ്പോഴാണ്. വായനയില്‍ പുതിയൊരു അനുഭവം തരുന്ന പുസ്തകം ആണ് "നടവഴിയിലെ നേരുകള്‍" . ഷെമി എന്ന എഴുത്തുകാരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആത്മകഥാംശപരമായ ഒരു കഥ ആണ് ഈ പുസ്തകം. നാം ജീവിക്കുന്ന പരിസരത്തെക്കുറിച്ചു നാം ഒട്ടും തന്നെ ബോധവാന്‍ അല്ല  എന്ന അറിവ് എത്ര കണ്ടു ഖേദകരവും , ജുഗുത്പ്സാപരവും  ആണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈ പുസ്തകം വായനക്കാരന്റെ മനസ്സില്‍ ഉളവാക്കുന്ന പ്രഥമവികാരം എന്നതില്‍ സംശയമില്ല . എന്താണ് നടവഴികളിലെ നേരുകള്‍ നമ്മോടു പറയുന്നത് എന്ന് നോക്കാം .

ഇതിലെ നായികയായ പെണ്‍കുട്ടിയുടെ ബാല്യം മുതല്‍ ആണ് ഇതിലെ കഥ ആരംഭിക്കുന്നത് . നായിക ഉള്‍പ്പടെ പതിനാലുമക്കള്‍ ഉള്ള ഒരു ഉപ്പയും ഉമ്മയും  അവരുടെ  ജീവിത പരിസരവും ആയി ബന്ധപ്പെടുത്തി ആണ് കഥയെ മുന്നോട്ടു നടത്തുന്നത് . ഭക്ഷണം ഇല്ലെങ്കിലും കുട്ടികള്‍ ഉണ്ടാകണം എന്ന വാശിയോ അതോ കുടുംബാസൂത്രണത്തെക്കുറിച്ചുള്ള അറിവില്ലായ്മയോ , മതം നല്‍കുന്ന നിഷ്കര്‍ഷയോ ആകാം ആ കുടുംബവും അത് പോലെ പഴയകാലത്തെ ഏകദേശം എല്ലാ കുടുംബങ്ങളും ഇങ്ങനെ പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീയന്ത്രത്തെ കേരളസമൂഹത്തിന് കാണിച്ചു കൊടുത്തിരുന്നത് . ഇത്തരം ഒരു കുടുംബത്തിലെ ഇളയവരില്‍ ഒരാളായി നായിക വളരുന്ന സാഹചര്യം വളരെ വ്യക്തമായി തന്നെ വരച്ചിടുന്നു വരികളില്‍ . കയറിക്കിടക്കാന്‍ സ്വന്തമായി വീടില്ലാത്ത ആ വലിയ കുടുംബത്തില്‍ സാധാരണ പരിസരങ്ങളില്‍ കണ്ടു വരുന്ന തരത്തില്‍ നിന്നും വ്യത്യസ്തമായി കാണാന്‍ കഴിയുന്ന ഒരു വസ്തുത പട്ടിണി കിടന്നും മക്കള്‍ക്ക്‌ ആണിനും പെണ്ണിനും വിദ്യാഭ്യാസം നല്‍കാന്‍ ആ രക്ഷിതാക്കള്‍ കാണിച്ച മനസ്സാണ് . മൂത്തവന്‍ പഠിച്ചു സര്‍ക്കാര്‍ ജോലി നേടി എങ്കിലും അതിനു താഴെ ഉള്ള ആണ്മക്കളില്‍ ഒരുത്തന്‍ കള്ള് കുടിയനും ഒരുത്തന്‍ കഞ്ചാവ് അടിക്കുന്നവനും മറ്റൊരുത്തന്‍ അപസ്മാരരോഗിയും രണ്ടുപേര്‍ കള്ളത്തരങ്ങള്‍ കൊണ്ട് നടക്കുന്നവരും ആയി ജീവിച്ചു കടന്നുപോകുന്നത് കാണാം .

ടി ബി പിടിച്ച പിതാവിന്റെ തുച്ചമായ വരുമാനം ഒന്ന് കൊണ്ട് മാത്രം ആണ് ആ കുടുംബം വളര്‍ന്നു വന്നത് . ജീവിതസമരത്തില്‍ വിജയിച്ചു നില്‍ക്കാന്‍ പല പല ബിസിനസ്സ് നടത്തി തോല്‍വി അടയുന്ന ആ മനുഷ്യന്‍ ഒടുവില്‍ ടി ബി  മൂര്‍ച്ചിച്ചു മരണത്തെ പുല്‍കുന്നു . ഉമ്മയും പെണ്മക്കളും വീട് വീടാന്തരം കയറി ഇറങ്ങിയും അടുക്കള പണി ചെയ്തും ആണ്‍ മക്കള്‍ക്ക്‌ തിന്നാന്‍ ഉണ്ടാക്കികൊടുക്കേണ്ടി വരുന്നതും അവരുടെ ചവിട്ടും തൊഴിയും കൊണ്ട് കണ്ണീര്‍ അടക്കേണ്ടി വരുന്നതും വളരെ വേദനാജനകവും ഗ്രാമീണ ജീവിതങ്ങളില്‍ നാം പലവട്ടം കണ്ടു പരിചയിച്ച ചില സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നതും ആണ് . അടച്ചുറപ്പോ , വേണ്ട മുറികളോ ഇല്ലാത്ത വീടുകള്‍ക്കുള്ളില്‍ ബോധമില്ലാത്ത സഹോദരന്മാരുടെ ലൈംഗികദാഹത്തില്‍ ഇരകള്‍ ആകുന്ന ഇളയ പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ആരും പുറത്തുപറയാതെ ഒളിച്ചു വയ്ക്കുന്ന ചില സത്യങ്ങള്‍ ആണ് എന്നത് തര്‍ക്കമറ്റ വസ്തുത ആണെന്ന് ഈ കഥയില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് .

പട്ടിണിയും അസുരക്ഷിതത്വവും ആണ് കൈമുതല്‍ എങ്കിലും ഒരിക്കല്‍പ്പോലും ആ ഉമ്മയോ പെണ്മക്കളോ സമൂഹം തെറ്റാണെന്നു വിവക്ഷിക്കുന്ന  ഒരു പാതയിലേക്ക് ഒരിക്കല്‍ പോലും പോകുന്നില്ല എന്നത് വിദ്യാഭ്യാസത്തിന്റെ ഗുണമായി മനസ്സിലാക്കാന്‍ കഴിയുന്നു . ഇത്തരം ഒരു കുടുംബത്തില്‍, ആവശ്യത്തിനുള്ള വസ്ത്രം പോലും മാറിയുടുക്കാന്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടി ജീവിക്കുന്നു . അവള്‍ പഠിക്കാന്‍ വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാകുന്നു . ദിവസങ്ങളോളം കുളിക്കാതെ , വേണ്ട വിധത്തില്‍ ഭക്ഷണം കഴിക്കാതെ , അടിവസ്ത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ഇല്ലാതെ , തെരുവോരത്തും , ആളില്ലാത്ത വീടുകളിലും , റയില്‍വേ പരിസരത്തെ കുട്ടിക്കാട്ടിലും ഒക്കെ വൃദ്ധനും രോഗിയുമായ പിതാവും ഒന്നിച്ചു ഒറ്റയ്ക്ക് ജീവിക്കേണ്ടി വരിക എന്നത് വളരെ ദയനീയമായ ഒരു വസ്തുതയാണ് . നമുക്ക് ചുറ്റും ഉള്ള സഹോദരങ്ങള്‍ ആഹാരം കഴിച്ചു , വസ്ത്രം ധരിച്ചു , വിദ്യാഭ്യാസം ചെയ്തു ആണോ ജീവിക്കുന്നത് എന്ന് തിരക്കാന്‍ നമുക്ക് കഴിയാതെ പോകുന്ന കാഴ്ച എത്ര ഖേദകരം ആണ് . മതവും , സമൂഹവും മനുഷ്യനെ നിയന്ത്രിക്കുന്നത്‌ അവന്‍ ശരിയായ വസ്ത്രം ധരിച്ചോ , സദാചാരത്തില്‍ എന്തേലും ഭ്രംശം സംഭവിച്ചോ , തുടങ്ങിയ വസ്തുതകള്‍ അല്ലാതെ ഒരിക്കല്‍പ്പോലും തന്റെ സമുദായത്തിലെ , തന്റെ സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങളും വേണ്ടത്ര ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും ലഭിക്കുന്നവരാണോ എന്ന് തിരക്കാന്‍ ബുദ്ധിമുട്ടാറില്ല. കഷ്ടപ്പാടുകളിലും പരിമിതമായ സമയത്തുള്ള സ്കൂള്‍ പഠനത്തിലും അവള്‍ എപ്പോഴും ഒന്നാമാതാകാന്‍ ശ്രമിച്ചിരുന്നു എന്നത് അവളിലെ ഇച്ഛ ശക്തിയും പരിശ്രമവും വെളിവാക്കുന്നു .

ഉപ്പയും ഉമ്മയും മരിച്ചതോടെ അനാഥര്‍ ആകുന്ന ആ പെണ്‍കുട്ടികളെ , (അതിലൊരാള്‍ ബുദ്ധിവികാസം ഇല്ലാത്ത കുട്ടി ആണ് ഒപ്പം രക്തസ്രാവം ഉള്ള അസുഖവും കൂട്ടിനു ) സഹോദരന്മാര്‍ എല്ലാരും തന്നെ കയ്യൊഴിയുന്നതും , അതെ സഹോദരന്മാര്‍ തന്നെ അന്യവീട്ടുകളില്‍ ആ അനിയത്തിമാര്‍  വേദനയോടെ അടുക്കള ജോലി ചെയ്തു സമ്പാദിക്കുന്നത് ഒരു മാനസികവിഷമവും ഇല്ലാതെ പിടിച്ചു വാങ്ങി മദ്യപാനവും മറ്റുമായി ജീവിക്കുകയും ചെയ്യുന്നത് അനാഥജീവിതങ്ങളുടെ ദയനീയത എത്ര ഭയാനകം ആണ് എന്ന് മനസ്സിലാക്കിത്തരുന്നു . അവരുടെ അനാഥത്വം ചൂക്ഷണം ചെയ്യുന്ന ബന്ധുജനങ്ങള്‍ അവരെക്കൊണ്ട് അടിമകളെ പോലെ പണിചെയ്യിപ്പിക്കുകയും എന്നാല്‍ തുച്ചമായ വേതനം മാത്രം നല്‍കുകയും ചെയ്യുന്നു. ഒടുവില്‍ ഗതികേട് സഹിക്കാതായപ്പോള്‍ ആണ് ആ പെണ്‍കുട്ടികള്‍ അനാഥാലയത്തിലേക്ക് അന്തേവാസികള്‍ ആയി കടന്നു ചെല്ലുന്നത് . ഇവിടെ അവരിലൂടെ സമൂഹത്തിലെ മറ്റൊരു കാപട്യം കൂടി വായനക്കാരന്‍ സാക്ഷിയാകുന്നത് കാണാന്‍ കഴിയും .

പുറമേ മനോഹരമായി അലങ്കരിച്ച അനാഥാലയത്തിന്റെ അകം എന്നത് വന്‍ നഗരങ്ങളിലെ ഗലികളെ പോലും നാണിപ്പിക്കുന്നത് ആണെന്ന കാഴ്ച ആരിലും രോക്ഷം ഉണര്‍ത്തുക തന്നെ ചെയ്യും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിഭാഗം . വലിയ കുട്ടികളാല്‍ ലൈംഗിക ആക്രമണം നേരിടുന്ന ചെറിയ കുട്ടികള്‍ ആണ് അവിടെ ദുരിതമെങ്കില്‍ പെണ്‍കുട്ടികളുടെ ഭാഗത്ത്‌ കാണുന്ന കാഴ്ച  മലവും ആര്‍ത്തവത്തുണികളും കഫവും രക്തവും ചെളിയും നിറഞ്ഞ അന്തരീക്ഷം , ശൌചാലയങ്ങള്‍.  ആവശ്യത്തിനു വെള്ളം ലഭിക്കാത്ത അത്തരം അന്തരീക്ഷങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ . ആര്‍ത്തവ കാലത്ത് പോലും അവര്‍ക്കൊന്നു ശുചിയാക്കാനോ കുളിക്കാനോ വെള്ളം ലഭ്യമല്ലാത്ത അവസ്ഥ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആണ് . ഇടയ്ക്ക് കഥയിലേ നായിക മാസമുറ സമയത്ത് വെള്ളം ലഭിക്കാതെ തന്റെ തുണി നനഞ്ഞു തുടയിലൂടെ രക്തം ഒലിപ്പിച്ചു ഗതികെട്ട് പറമ്പിലെ പുല്ലുകള്‍ക്കിടയില്‍ വെറും മണ്ണില്‍ അമര്‍ന്നിരുന്നു തന്റെ ജനനേന്ദ്രിയം മണ്ണില്‍ ശുചിയാക്കുന്ന ഒരു അവസരം വിവരിക്കുന്നുണ്ട് . മനുഷ്യത്തം നഷ്ടപ്പെട്ടില്ലാത്ത ആര്‍ക്കും ഹൃദയം പിടയ്ക്കാതെ ഇത്തരം ഒരു രംഗത്തെ ഓര്‍ക്കാന്‍ കൂടി കഴിയില്ല . ഇത്തരം അവസ്ഥകളിലും പഠിക്കാന്‍ വേണ്ടി മാത്രം അവള്‍ സഹിക്കുന്ന ഈ ബുദ്ധിമുട്ടുകള്‍ വളരെ പരിതാപകരമായ സാമൂഹ്യചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു .

കോളേജില്‍ കൂടെ പഠിക്കുന്ന കുട്ടിയോട് ചോദിച്ചു അവളുടെ വീട്ടില്‍ ഉച്ച സമയത്ത് പോയി രണ്ടു ദിവസം ആയി പിടിച്ചു നിര്‍ത്തിയ മലശോധന നടത്തുന്നതും അവിടെ നിന്ന് കുളിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ആ പെണ്‍കുട്ടി എത്ര കഠിനമായ പരീക്ഷണങ്ങളില്‍ കൂടിയാണ് കടന്നുപോയതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു . പുഴുനിറഞ്ഞ ചോറും കറികളും കഴിക്കാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ , ശുചിത്വം ഇല്ലാത്ത കക്കൂസുകളില്‍ പോകാന്‍ മടിച്ചു ഭക്ഷണം വിശപ്പ്‌ സഹിച്ചും കുറച്ചു കഴിച്ചും രണ്ടു ദിവസം ഒക്കെ പിടിച്ചു വച്ച് മലവിസര്‍ജ്ജനം നടത്തുകയും ചെയ്യേണ്ടി വരുന്നത് നമ്മുടെ , നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കിടയിലെ സഹജീവികള്‍ ആണെന്ന ഓര്‍മ്മ ലജ്ജയാല്‍ അല്ലാതെ ഓര്‍ക്കാന്‍ കഴിയുകയില്ല .

അനാഥാലയത്തില്‍ നിന്നും പണം ഉണ്ടാക്കി പഠിക്കുവാന്‍ വേണ്ടി ചാടിപ്പോയി ജോലി ചെയ്തു ജീവിക്കുന്ന നായികയും സഹോദരിയും അവിടെയും രക്ഷപ്പെടാന്‍ കഴിയുന്നില്ല എന്ന് കാണാം . അവര്‍ക്ക് വേണ്ട വിധത്തില്‍ വേതനമോ സൌകര്യങ്ങളോ സുരക്ഷയോ ലഭിക്കാതെ അവിടെ നിന്നും അവര്‍ വീണ്ടും തിരികെ അനാഥാലയത്തില്‍ തന്നെ എത്തുന്നുണ്ട് പലവട്ടം . ഒടുവില്‍ അവര്‍ ഇളയ സഹോദരനും ആയി ചേര്‍ന്ന് ഒരു വീട് വാടകയ്ക്ക് എടുത്തു അവിടെ താമസിച്ചുകൊണ്ട് ജോലി ചെയ്യുന്നു എങ്കിലും അതിന്റെ പങ്കു പറ്റാന്‍ ആങ്ങളമാരുടെ വരവും അവരെ ഒരു പരാതിയോ എതിര്‍പ്പോ ഇല്ലാതെ തങ്ങളുടെ ഭക്ഷണം കൊടുത്തു ഊട്ടി , പട്ടിണി കിടക്കുകയും ചെയ്യുന്ന കാഴ്ച ഹൃദയഹാരിയാണ് . ചേച്ചിമാരെ കല്യാണം കഴിച്ചു അയക്കുകയും സര്‍ക്കാര്‍ ഉദ്യോഗം ആരോഗ്യ രംഗത്ത്‌ നേടി എടുക്കുകയും ചെയ്യുന്ന നായിക , സമൂഹത്തിലെ അനീതികള്‍ക്കെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും സഹജീവികളോട് ദയ കാണിക്കുകയും ചെയ്യുന്നത് അവളിലെ നന്മയും പ്രകാശവും ആയി കാണാന്‍ കഴിയും .

സഹോദരിമാര്‍ക്ക് കുടുംബം ആയിക്കഴിയുമ്പോള്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു വിവാഹം താത്കാലികമായ ഒരു ഉടമ്പടി പോലെ നടത്തേണ്ടി വരുന്നതും അതില്‍ നിന്നും വിടുതല്‍ നേടുന്നതും പച്ചക്കണ്ണ്‍ ഉള്ള അവളുടെ നായകനെ വിവാഹം ചെയ്യുകയും അതുവഴി സഹോദരികള്‍ പോലും തള്ളിക്കളയുകയും തികച്ചും ഈ ലോകത്ത് അവനും അവളും അല്ലാതെ ആരുമില്ലതാകുകയും ചെയ്യുന്നു .ജോലി നഷ്ടമാകുകയും ഗര്‍ഭിണി ആയിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ഒരുമിച്ചു അവന്റെ നാട്ടിലേക്ക് ,  എത്തുന്നതും അവളെ വിവാഹം കഴിച്ചതുമൂലം അനാഥനായ അവനും അവളും ഒഴിഞ്ഞ പെട്രോള്‍ പമ്പിലും , വഴി സത്രങ്ങളിലും , വെളിമ്പ്രദേശങ്ങളിലും അന്തിയുറങ്ങുന്നതും യഥാര്‍ത്ഥമായ ഒരു ലോകത്തില്‍ നടന്നതാണോ എന്ന് സംശയിച്ചുപോകുന്ന സത്യങ്ങള്‍ ആണ് . ഒടുവില്‍ അവന്‍ ദുബായില്‍ ഒരു ജോലി ലഭിച്ചു അങ്ങോട്ട്‌ പോകുകയും അവള്‍ വീണ്ടും ഒറ്റപ്പെടുകയും സഹോദരിമാരുടെ വീട്ടില്‍ വേലക്കാരിയായി ജീവിക്കേണ്ടി വരികയും ചെയ്യുന്നു കുറച്ചു കാലം .ഒടുവില്‍  അവന്‍ അവളെ ദുബായിലേക്ക് ക്ഷണിക്കുന്നു . കഥയുടെ അവസാനം വീണ്ടും അവളുടെ ജീവിതത്തെ അനിശ്ചിതത്തില്‍ നിര്‍ത്തിക്കൊണ്ട് ദുബായി എയര്‍പ്പോര്‍ട്ടില്‍ ഒറ്റയ്ക്ക് കൈക്കുഞ്ഞുമായി അവനെ കാണാതെ കാത്തുനില്‍ക്കുകയും തളര്‍ന്നു വീഴുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു .

ഇത് കഥയാണോ അതോ ജീവിതമാണോ എന്ന് സംശയം ആര്‍ക്കും ഉണ്ടാകുമെന്ന് തോന്നുകില്ല വായനയില്‍ . കാരണം ഇതിലെ നായികയുടെ കൂടെ ഒരിക്കല്‍ വായനയില്‍ എത്തപ്പെട്ടാല്‍ പിന്നെ വായനക്കാരന്‍ കാണുന്നത് മറ്റൊരു ലോകം ആണ് . തന്റെ സമൂഹത്തില്‍ താന്‍ കാണാതെ പോയതോ , അവഗണിച്ചതോ ആയ മറ്റൊരു ലോകം . അവിടെ ജീവിതത്തെ നിറമില്ലാതെ നോക്കിക്കാണുന്ന ഒരുപാട് ജീവിതങ്ങള്‍ ഉണ്ട് . ഒരുപക്ഷെ ആ ജീവിതങ്ങളെ നാം കണ്ടിട്ടില്ല എന്ന് വരാം . എന്നാല്‍ ഈ പുസ്തകം ഒരിക്കല്‍ വായിക്കുന്ന ഒരാള്‍ പോലും പിന്നീടൊരിക്കലും തന്റെ സമൂഹത്തിലെ അനാഥ ജന്മങ്ങളെ കാണാത്ത മട്ടില്‍ പോകുകില്ലെന്നും , ഒരു കുട്ടിയെ എങ്കിലും സഹായിക്കാന്‍ മുന്നോട്ടു വരുമെന്നും തന്നെ കരുതാം . അത്രകണ്ട് പരിതാപകരവും വസ്തുനിഷ്ഠവും ആയി ആണ് ഷെമി ഈ കഥയെ, അല്ലെങ്കില്‍ തന്റെ ജീവിതത്തെ , തന്‍ നടന്ന വഴികളെ , താന്‍ അനുഭവിച്ച ദുരിതങ്ങളെ നമുക്ക് മുന്നില്‍ വരച്ചിടുന്നത് .

സമൂഹത്തിന്റെ മുന്നില്‍ പണക്കാരനും പാവങ്ങളും എന്നൊരു അന്തരം നിലനില്‍ക്കുന്നു എന്ന സത്യം ശരിയാണ് എങ്കിലും പാവങ്ങള്‍ എന്നാല്‍ എത്ര ഭീകരമായ ഒരു അവസ്ഥയാണ് അവരില്‍ പോലും ഏറ്റവും പാവങ്ങള്‍ ആയവര്‍ അനുഭവിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്ന ഈ പുസ്തകം മനുഷ്യസ്നേഹികള്‍ ആയ ഏവരും വായിച്ചിരിക്കേണ്ടതാണ്.
ബിജു ജി നാഥ് വര്‍ക്കല
----------------------------------------------------  
വഴക്കുപക്ഷിക്ക് വേണ്ടി പോസ്റ്റ്‌ തയ്യാര്‍ ചെയ്തത് അന്നൂസ്

കോവാലൻ ( ഓർമ്മകുറിപ്പ് ) - പുനലൂരാൻ


കോവാലൻ






ങ്ങളുടെ നാട്ടിലെ അപ്പുക്കിളി ആയിരുന്നു കോവാലൻ. അപ്പുക്കിളിയെ ഓർമ്മയില്ലേ, ഖസാക്കിന്‍റെ ഇതിഹാസത്തിലെ അപ്പുക്കിളി. എട്ടുകാലിപ്രാന്തനായ അപ്പുക്കിളിയെപ്പോലെ ഞങ്ങളുടെ കുട്ടിക്കാലം ഓർമ്മകളാൽ സമ്പന്നമാക്കിയ ഒരു കഥാപാത്രം ആയിരുന്നു കോവാലൻ. 1975-80 കളിൽ ഞങ്ങളുടെ നാട്ടിലെ ഏക പ്രാഥമിക വിദ്യാഭ്യാസകേന്ദ്രം ആയിരുന്നു ഇടമൺ ഗവ. എൽ.പി സ്‌കൂൾ. കൊല്ലം ചെങ്കോട്ട റോഡിന്‍റെ സൈഡിൽ നിലകൊള്ളുന്ന ഈ പള്ളികൂടത്തിനു കുറഞ്ഞത് ഒരു പത്തറുപത് കൊല്ലമെങ്കിലും പഴക്കം കാണും. ഈ സ്‌കൂളിനെ കുറിച്ചുള്ള എന്‍റെ ഓർമ്മകളിൽ ഇപ്പോഴും ഒളിമങ്ങാതെ നിൽക്കുന്ന കഥാപാത്രമാണ് കോവാലൻ.


കോവാലന് ഏകദേശം 18 വയസ്സുപ്രായം കാണും, കണ്ടാൽ ഒരു ഹൈസ്‌കൂൾ കുട്ടിയുടെ വലിപ്പം തോന്നും. ബുദ്ധിയും തലയും ഉറയ്ക്കാത്ത കോവാലൻ, തന്‍റെ ഉടലിനേക്കാൾ വലിയ തലയും ആട്ടി സ്‌കൂൾ പരിസരത്ത് എവിടെയെങ്കിലും കാണും. അതിനൊരുകാരണം ഉണ്ട് സ്‌കൂളിൽ നിന്ന് കുട്ടികൾ കഴിച്ചതിന്‍റെ ബാക്കി ഉച്ചപ്പുട്ട് കോവാലനു കിട്ടും.  സ്‌കൂളിലെ പാചകക്കാരി നാണിയമ്മയുടെ മാനസപുത്രൻ ആയിരുന്നു കോവാലൻ. കോവാലനും  നാണിയമ്മയെ  വലിയ  ഇഷ്ടം  ആയിരുന്നു. കോവാലൻ ഞങ്ങളുടെ നാട്ടിൽ എങ്ങനെ എത്തിയെന്ന് ആർക്കും അറിയില്ല. കോവാലനോട് ദയ കാണിച്ചിരുന്ന നാട്ടിലെ അനേകം അമ്മമാരിൽ ഒരാളായിരുന്നു നാണിയമ്മ. വലിയ ഒരു കാക്കി ചൗക്കാളനിക്കറും ബട്ടണുകളില്ലാത്ത ഒരു ഷർട്ടും ഇട്ടു വായിൽ നിന്നു ഈളയും ഒലുപ്പിച്ചു  കോവാലൻ അലുമിനിയത്തിന്‍റെ  ഒരു പിഞ്ഞാണിയുമായി  ഉച്ചനേരം സ്‌കൂളിന്‍റെ  പാചകപ്പുരയുടെ  വെളിയിൽ  ഇരുപ്പുറപ്പിക്കും. ശല്യക്കാരൻ അല്ലാത്തതിനാൽ സ്കൂൾ അധികാരികളും അവനെ തടഞ്ഞിരുന്നില്ല.


അന്നൊക്കെ  സ്‌കൂളുകളിൽ  ഉച്ചക്കഞ്ഞിക്ക്  പകരം നൽകിയിരുന്നത്  അമേരിക്കൻ പുട്ട് എന്നറിയപ്പെടുന്ന  ഉപ്പുമാവും  പാലുമായിരുന്നു. 1970 കളിലെ  വറുതിക്കാലത്ത്,  അമേരിക്ക ഇന്ത്യയെ  പ്രീതിപ്പെടുത്താനും  കൂടെ നിറുത്താനുമായി നൽകിയിരുന്ന  ഗോതമ്പ് പൊടിയും  പാലും എണ്ണയുമെല്ലാം കേരളത്തിലെ  സ്‌കൂൾ കുട്ടികൾക്ക് മറക്കാനാകാത്ത ഒട്ടേറെ ഓർമ്മകളായിരുന്നു സമ്മാനിച്ചത്. അന്നത്തെ  സ്കൂൾ  ജീവിതത്തിൽ  എനിക്ക്  മറക്കാനാവാത്ത  ഒരു  ഗന്ധമുണ്ട്പുട്ടുപുരയിൽ  നിന്ന്  പൊങ്ങുന്ന  ഉപ്പുമാവിന്‍റെ ഗന്ധം. ഉള്ളിയും  മുളകും  വഴറ്റിയ എണ്ണയിലേക്ക്  ഗോതമ്പ് റവപ്പൊടി  ഇട്ടു  കയിൽ  കൊണ്ടു ഇളക്കി,  പാചകക്കാരി നാണിയമ്മ  ചെമ്പ് ഇറക്കി അടുപ്പിന്‍റെ  ഓരത്തു വെയ്ക്കും. ഉച്ചയ്ക്ക്  മണിയടിക്കുന്നതിനു അരമണിക്കൂർ  മുമ്പ് തന്നെ അതിന്‍റെ  കൊതിപ്പിക്കുന്ന മണം ക്ലാസ്സ് റൂമുകളിലേക്ക്  അടിച്ചു കയറും. നാണിയമ്മയുടെ കൈപുണ്യത്തിന്‍റെ രുചി അറിഞ്ഞവർ ആയിരുന്നു ഞങ്ങളുടെ നാട്ടിലെ എന്‍റെ പ്രായത്തിലുള്ള മിക്കവരും. ആ ഗോതമ്പുപുട്ടിനു എന്ത് രുചി ആയിരുന്നു. എല്ലാവർക്കും  ഉപ്പുമാവ്  ലഭിക്കുകയില്ല. സ്‌കൂൾ  തുറക്കുമ്പോൾ  തന്നെ ക്ലാസ്  ടീച്ചർക്ക് പേരു കൊടുക്കണം. സാമ്പത്തികശേഷിയുള്ള  വീട്ടിലെ  കുട്ടികൾ  കൊതിമൂത്ത്  പേരുകൊടുത്താലും  ടീച്ചറന്മാർ  അത്  വെട്ടിക്കളയും. അതു മാത്രമല്ല  വലിയ  വീട്ടിലെ  കുട്ടികൾക്ക്  സ്‌കൂളിലെ  ഉപ്പുമാവൊക്കെ  കഴിക്കുക  അല്പം  കുറച്ചിൽ  ആണ് . അപ്പനുമമ്മയും  സ്‌കൂൾ ടീച്ചേർസ്  ആയതിനാൽ  ഉപ്പുമാവ്  എനിക്കും  നിഷിദ്ധം. ഞാൻ കൊതി പറയുമ്പോൾ വല്ലപ്പോഴും എന്‍റെ കൂട്ടുകാരൻ മൊട്ട ഷാജി ആരും കാണാതെ വട്ടയിലയിൽ പൊതിഞ്ഞ അല്പം  ഉപ്പുമാവ് എനിക്ക് തരും. വട്ടയിലയിൽ പൊതിഞ്ഞ ഉപ്പുമാവിന് ഒരു പ്രത്യേക സ്വാദാണ് കേട്ടോ. ചെറിയ ചൂടോടെ, എണ്ണയിൽ മൂത്തുകറുത്ത ഉള്ളികഷ്ണങ്ങളും മുളകും  ചേർത്ത  ഗോതമ്പുപുട്ട് കഴിയ്ക്കാൻ നല്ല ടേസ്റ്റാണ്.  അതിന്‍റെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പത്തുണ്ട്. ഗോതമ്പ് കൊണ്ടുള്ള റവ ഉപ്പുമാവ് കൂടാതെ മഞ്ഞ ചോളപ്പൊടി കൊണ്ടുള്ള പുട്ടും ചിലപ്പോൾ കിട്ടും. അതിനാണ് സ്വാദ് കൂടുതൽ. വല്ലപ്പോഴൊക്കെ  കുട്ടികൾക്ക് കൊടുത്തു ബാക്കിവരുന്ന മഞ്ഞപ്പുട്ട് ചോറ്റുപാത്രത്തിൽ വീട്ടിൽ കൊണ്ടുവന്നു നാലുമണിക്ക് ഞങ്ങൾക്ക് പഞ്ചസാര ചേർത്തിളക്കി അമ്മ തരും. അതോർക്കുമ്പോൾ നാവിലെ രസമുകുളങ്ങളിൽ  ഒരു കപ്പലോട്ടത്തിന്‍റെ അവസരം ഇപ്പോഴും ഉണ്ടാകുന്നു എന്നതാണ് സത്യം.


ഉപ്പുമാവ് കഴിക്കുന്ന കുട്ടികൾ ഒന്നുരണ്ടു വട്ടയില നാലായി ചുരുട്ടി പോക്കറ്റിൽ കരുതും. ഉച്ചമണി അടിക്കുമ്പോൾ ആകെക്കൂടി ഒരു കൂട്ടപൊരിച്ചിൽ ആണ്. ഒടുവിൽ സാറന്മാരുടെ തലവട്ടം കാണുന്നതോടെ നല്ലകുട്ടികളായി വരിവരിയ്ക്ക് സ്‌കൂൾ വരാന്തയിൽ നിരന്നു ഇരിക്കും. ഉപ്പുമാവ് വിളമ്പുന്നത് പാചകക്കാരിയും സാറന്മാരും ക്ലാസ്സിൽ തോറ്റുതോറ്റു മുതിർന്ന ഒന്നുരണ്ടു കുട്ടികളും ചേർന്നാകും. ഹെഡ്മാസ്റ്ററുടെ ചൂരൽ കൈയ്യിൽ ഇരുന്നു പല്ലിളിക്കുന്നതിനാൽ വല്യ കലപില ഒന്നും ഉണ്ടാകില്ല.
 

ഈ സമയത്തൊക്കെയും പുറത്തു കോവാലനും കാക്കകളും അക്ഷമരായി ഇരിക്കുകയാകും. ഇടയ്ക്കിടെ കുട്ടികൾക്ക് നേര്‍ക്ക് നോക്കി, വായിലൂടെ വരുന്ന ഈള ഇറക്കി വിശപ്പിന്റെ വിളി സഹിച്ചു അവനങ്ങനെ ഇരിയ്ക്കും. കോവാലന്‍റെ ബദ്ധശത്രുക്കൾ ആണ് കാക്കകൾ. അതിനൊരു കാരണമുണ്ട് കോവാലന്‍റെ പാത്രത്തിൽ നിന്നു ഉപ്പുമാവ് തരംകിട്ടിയാൽ അവറ്റകൾ കൊത്തികൊണ്ടു പോകും. കോവാലനാകട്ടെ കാക്കകളുമായി നിരന്തര യുദ്ധത്തിലാണ്. കുട്ടികൾ കഴിച്ചു കഴിഞ്ഞാൽ നാണിയമ്മ രണ്ടുമൂന്നു തവി ഉപ്പുമാവ് അവന്‍റെ ചളുങ്ങിയ അലൂമിനിയം പാത്രത്തിൽ വിളമ്പും. ഉപ്പുമാവ് പ്രിയനായ കോവാലൻ കണ്ണടച്ചു തുറക്കുംമുമ്പേ അത് അകത്താക്കും. പിന്നീടാകും കുട്ടികളുടെ ഊഴം. ശാന്തനായ  കോവാലനെ  കുട്ടികൾക്കും  ഇഷ്ടമാണ്.  അവർ വട്ടയിലയിൽ ബാക്കിവെയ്ക്കുന്ന  ഉപ്പുമാവ് കോവാലന്‍റെ പാത്രത്തിലേക്ക് തട്ടും. അപ്പോഴേക്കും നാണിയമ്മയും സാറന്മാരും പോയിക്കഴിഞ്ഞിരിക്കും. കാക്കകൾക്ക് സ്വാതന്ത്യം കിട്ടുന്ന സമയമാണ്. പിന്നീട് ആണ് കാക്കകളും കോവാലനുമായുള്ള കശപിശ. കാക്കകൾക്കാകട്ടെ കുട്ടികളെയും കോവാലനേയും അശേഷം പേടിയില്ല. അവർ കോവാലന്‍റെ പാത്രത്തിൽ നിന്നു ഉപ്പുമാവിന്‍റെ ഭൂരിഭാഗവും അടിച്ചുമാറ്റും. മിക്കവാറും ആ ബാലിസുഗ്രീവ യുദ്ധത്തിൽ കാക്കകളാവും ജയിക്കുക. 





കുട്ടികൾ ശടേന്ന് സ്കൂൾ കിണറ്റിൽ നിന്ന് വെള്ളം കോരി വായ് കഴുകി എന്നുവരുത്തി കളികൾ തുടങ്ങും. സ്കൂൾ മുറ്റത്തു  വലിയൊരു  തേന്മാവ്  ഉണ്ട് . അതിന്‍റെ  ചുവട്ടിൽ  ആകും  കളികൾ. എന്തെല്ലാം കളികൾ ആണ് അക്കാലത്തു, കളത്തിൽ ചാടിയുള്ള കക്കുകളി, സാറ്റ്, കിളിത്തട്ട്, കബഡി, കഴുതപ്പെട്ടി, കണ്ണാരംപൊത്തിക്കളി, ഗോലികളി അങ്ങനെ എണ്ണിയാൽ തീരാത്ത കളികൾ. രണ്ടുമണിക്ക് ബെല്ലടിക്കുന്നതു വരെ നേരം പോകുന്നതറിയില്ല. കോവാലന് കുട്ടികളുടെ കളി കാണുക വലിയ ഇഷ്ടമാണ്. അവരുടെ കളി കാണുമ്പോൾ തന്നെ ആവേശം കൊണ്ടു കോവാലൻ ചാടിത്തുടങ്ങും. കുട്ടികൾ ആകട്ടെ കോവാലനെ കുരങ്ങുകളിപ്പിക്കാനായി അവരിൽ ആരോ ഉണ്ടാക്കിയ പാട്ട് കോറസായി പാടും,

"കോവാലൻ പെണ്ണുകെട്ടി
കോഴിക്കൂട്ടിൽ കൊണ്ടുവെച്ചു
നാണിയമ്മേ, നാണിയമ്മേ
കോഴികൊത്തല്ലേ...''

പാട്ടുകേൾക്കുന്നതോടെ കോവാലൻ ഉഷാറാകും, രണ്ടുകൈയും കൂട്ടിഅടിച്ചു കോവാലൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കും. അതോടെ കുട്ടികൾ കൂക്കുവിളി തുടങ്ങും. കുട്ടികളുടെ കൂക്കുവിളി കേൾക്കുമ്പോൾ വ്യക്തമായി തിരിയാത്ത വാക്കുകൾ കൊണ്ടു ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കോവാലൻ തന്‍റെ സന്തോഷം പ്രകടിപ്പിക്കും.





അപ്പോഴാകും സൈക്കിളിൽ ഐസ് വിൽപ്പനക്കാരന്‍റെ വരവ്. സൈക്കിൾ ബാറിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുപട്ടയിൽ ഇരുമ്പുദണ്ഡു കൊണ്ട് അടിച്ചു താളാത്മകമായി അയാൾ കൂകും ഐസ് മുട്ടായി...ഐസ് മുട്ടായി.  എന്തൊക്കെ തരത്തിൽ ഉള്ള ഐസ് മിട്ടായികളാണ് അയാളുടെ സൈക്കിളിൽ കെട്ടിവെച്ച ചെറിയ ഐസ് പെട്ടിയിൽ ഉണ്ടാകുക. അഞ്ചുപൈസ കൊടുത്താൽ കോലൈസ് എന്നു വിളിക്കുന്ന കമ്പ് ഐസ് കിട്ടും. ഒരു ചെറിയ മരക്കോലിൽ വർണ്ണപ്രപഞ്ചം തീർക്കുന്ന ഐസ് മിട്ടായി.. ചെമല, മഞ്ഞ, പച്ച, കാപ്പിപ്പൊടി അങ്ങനെ എന്തെല്ലാം ഇനങ്ങൾ. നാവിൻ തുമ്പിൽ  ഇട്ടാൽ അലിഞ്ഞു നാവിനും ചുണ്ടിനും നിറങ്ങളുടെ വർണ്ണഭംഗി നൽകും. കുറേനേരത്തെക്കെങ്കിലും മധുരവും തണുപ്പും നൽകുന്ന അനുഭൂതിയുടെ സ്വർഗ്ഗലോകത്താകും കുട്ടികൾ. ഐസ് മിട്ടായി വാങ്ങി കഴിക്കരുത് എന്നു വീട്ടിൽനിന്നു പറഞ്ഞതൊക്കെ ആരു കേൾക്കാൻ. എന്തെല്ലാം രുചികളാ..പാലൈസ്, സേമിയ, ഓറഞ്ച്, ചോക്കലൈറ്റ്, മാംഗോ അങ്ങനെ ഹരം പിടിപ്പിക്കുന്ന രുചികളും ഓർമ്മകളും.  കോലൈസ്  വാങ്ങി വായിലേക്ക് നീട്ടുമ്പോളാകും ആരെങ്കിലും കുശുമ്പ് മൂത്തു പുറകിൽ നിന്നു തട്ടുക. കോലിൽ നിന്നു അടർന്നു വീഴുന്ന ഐസിനു വേണ്ടി കുട്ടികളുടെ പരക്കംപാച്ചിലും തല്ലും ഇപ്പോഴും ഓർമ്മയുണ്ട്. ഐസ് മിട്ടായി നഷ്ടപ്പെട്ടവൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ നിൽക്കുന്ന നിൽപ്പുണ്ടല്ലോ,  മുഖത്തെ ഭാവം ഒന്നു  കാണേണ്ടത് തന്നേ.. കരുണം, രൗദ്രം, ബീഭത്സം.. ചുരുക്കം  ചില കുട്ടികൾ  തറയിൽ  വീഴുന്ന  ഐസിൽ  പൊടിപറ്റിയാൽ   എടുത്ത്  കോവാലന്‍റെ  പാത്രത്തിൽ  ഇടും.  അതോടെ  കോവാലനു  സ്വർഗ്ഗം  കിട്ടിയതുപോലുള്ള  സന്തോഷമാണ്. പാവം..ആർക്കും  വേണ്ടാത്തതല്ലേ  പിച്ചക്കാർക്ക്  വിധിച്ചിരിക്കുന്നത്. കോവാലന്  അതൊക്കെ  തന്നെ  ധാരാളം.

( ചില ചിത്രങ്ങൾ കടപ്പാട്  : ഗൂഗിൾ )



സ്‌കൂൾ  ഇല്ലാത്ത  ദിവസങ്ങളിൽ  ആകും  കോവാലൻ  ഊരുതെണ്ടൽ  തുടങ്ങുക. മിക്കവാറും  വീടുകളിൽ  നിന്നു  എന്തെങ്കിലും ഒക്കെ  അവനു കൊടുക്കും. എന്‍റെ  വീട്ടിൽ  എത്തിയാൽ  അമ്മ  വയറു നിറയെ  കോവാലനു  എന്തെങ്കിലും  കഴിക്കാൻ  കൊടുക്കും. മിക്കവാറും  തലേന്നത്തെ  പഴങ്കഞ്ഞിയോ  രാവിലത്തെ  പലഹാരത്തിന്‍റെ  ബാക്കിയോ  മറ്റോ  ആകും. ഞങ്ങൾ  കുട്ടികൾ  അവൻ  കഴിക്കുന്നത്  തെല്ലു  കൗതുകത്തോടെ  നോക്കി  നിൽക്കും. പലപ്പോഴും  കോവാലൻ  കുളിച്ചിട്ടു  ആഴ്ചകൾ  ആയിക്കാണും. അമ്മ  അവന്‍റെ  ചപ്രത്തലയിൽ  ഒരു  തുടം  എണ്ണ  കമിഴ്ത്തി  കിണറ്റുകരയിലേക്ക്  വഴക്കു പറഞ്ഞു  ഓടിക്കും. കുളിയ്ക്കുന്നത് കോവാലനു അത്ര ഇഷ്ടമുള്ള കാര്യം അല്ല. എന്നാൽ അഞ്ചാറു തൊട്ടി  വെള്ളം  കോരി  അമ്മ  അവന്‍റെ  തലയിൽ  ഒഴിക്കുന്നതോടെ  കോവാലൻ  ഉഷാറാകും. പിന്നെ  വീട്ടിലെ  പഴയ  ഉടുപ്പോ  മറ്റോ  കൊടുത്താൽ  പറയുകയും  വേണ്ട. കാലിലും  മറ്റും  ഈച്ച  പറ്റുന്ന  വൃണങ്ങൾ  കാണുംഅതിൽ  അന്നു  നാട്ടിൽ  കിട്ടുന്ന  ടെട്രാസൈക്ലിൻ (ആന്റിബയോട്ടിക്ക്) പൊടി  ഇട്ടുകൊടുക്കും  അമ്മ. അങ്ങനെ  എന്‍റെ  അമ്മയുടെയും  നാട്ടിലെ  മറ്റു  പല  അമ്മമാരുടെയും  വളർത്തുപുത്രൻ  ആയിരുന്നു കോവാലൻ  എന്നു  വേണമെങ്കിൽ  പറയാം. ഈ കർമ്മബന്ധം കൊണ്ടാകാം കോവാലൻ ഗ്രാമം വിട്ടു ദൂരേയ്ക്ക് പോകാൻ ഇഷ്ടപ്പെടാത്തത്.



അങ്ങനെ  ഇരിക്കുമ്പോൾ  ഒരു  സ്കൂൾ ദിനത്തിൽ   വെളിയ്ക്കു  (ഇന്റർവെൽ) വിട്ടപ്പോൾ  ഒരു  ബഹളവും  കരച്ചിലും  കേട്ടു  ഞാൻ  ഓടിച്ചെല്ലുമ്പോൾ, കോവാലനെ ഒരു  നീല  അഴികൾ  ഉള്ള  വാനിൽ  രണ്ടു  തടിമാടന്മാർ  എടുത്തു  കയറ്റുന്നതാണ്  കണ്ടത്. അന്ന്  അടിയന്തരാവസ്ഥ കാലത്ത്  നാട്ടിലെ  പിച്ചക്കാരെ എല്ലാം  ഇന്ദിരാഗാന്ധി  പിടിച്ചു  അനാഥാലയത്തിലും മറ്റും  ആക്കിയിരുന്നു.  അങ്ങനെ  അവർ കോവാലനേയും പിടികൂടി. കോവാലനാകട്ടെ  പേടിച്ചു  അടഞ്ഞ വാനിന്‍റെ  അഴികളിൽ  തട്ടി വലിയ  ബഹളവും  കരച്ചിലും, ആരു  കേൾക്കാൻ..  അടഞ്ഞ  വാതിൽ  താഴിട്ടു  അവർ  കോവാലനെയും  കൊണ്ടു  എവിടേക്കോ  പോയി. അതിനുശേഷം കോവാലനെ  ഞങ്ങൾ  കണ്ടിട്ടില്ല...


അന്നു  ഉച്ചയ്ക്ക്  ഉപ്പുമാവ്  നിറഞ്ഞ  ഒരു  അലൂമിനിയം  പാത്രം  സ്‌കൂൾ  മുറ്റത്തു  അനാഥമായി  കിടന്നു,  കാക്കകളും കലപില  കൂടാതെ  മര്യാദാരാമന്മാരായി  ഉപ്പുമാവ്  കഴിച്ചു. അവർക്കു  കശപിശ  കൂടാൻ  കോവാലൻ  ഇല്ലല്ലോ. ഒരു പക്ഷെ അവരും അടിയന്തരാവസ്ഥയെ  പേടിച്ചിരുന്നോ  ആവോ? ..... കാക്കകൾ  ചിലതു  നമ്മെ  ഓർമ്മിപ്പിക്കും. ഓർമ്മകൾ  ഉണ്ടായിരിക്കണം. ചരിത്രം  ആവർത്തിക്കാതിരിക്കട്ടെ...



പുനലൂരാൻ

www.punalurachayan.blogspot.ae



Search This Blog