വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

XX ……XY (കഥ) എച്ച്മുക്കുട്ടി


യാൾ ഭാര്യയേയും മകനേയും ഉപേക്ഷിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയി.

പത്തു പതിനഞ്ചു കൊല്ലമായി കഷ്ടപ്പെട്ട് വളർത്തിയെടുത്ത കുടുംബത്തെയാണ് വേണ്ട എന്നു വെച്ചത്. വേറെ ഒരു വഴിയും ഇല്ലെന്ന വെളിപാടിന്റെ നിമിഷമായിരുന്നു അത്. X ഇല്ലാതെ നിലനിൽപ്പ് തേടുന്ന Y മാത്രമാവുകയായിരുന്നു അപ്പോഴയാൾ.

പുറമേ എല്ലാം ശാന്തവും ഭദ്രവുമായിരുന്നു. നഗര മധ്യത്തിൽ ആരും കൊതിയ്ക്കുന്ന സ്ഥലത്ത് നാലു വലിയ ബെഡ് റൂമുകളുള്ള കൂറ്റൻ ഫ്ലാറ്റ്, രണ്ട് കാറ്, ഭാര്യയ്ക്കും ഭർത്താവിനും നല്ല വരുമാനമുള്ള ഒന്നാന്തരം ഉദ്യോഗം ഇതെല്ലാമുള്ള ഒരു അപ്പർ മിഡിൽ ക്ലാസ്സുകാരായിരുന്നു അവർ. ഒരേയൊരു മകൻ നഗരത്തിലെ മുന്തിയ സ്കൂളിൽ പഠിയ്ക്കുന്നു. ഇതിനും പുറമേ വൻ നഗരത്തിൽ നിന്നകലെ ഗ്രാമം തുടങ്ങുന്നേടത്ത് അഞ്ചേക്കർ ഓർച്ചാർഡ്. എല്ലാ ആഴ്ചയവധിയ്ക്കും ഓർച്ചാർഡിൽ പോയി ഗ്രാമ ജീവിത സൗഭാഗ്യം നുകരാം. അവിടെയുമുണ്ടൊരു താൽക്കാലിക വസതി. ഒരു പണിക്കാരൻ സ്ഥിരമായി ആ ഫലവൃക്ഷത്തോപ്പിനെ പരിപാലിച്ചുകൊണ്ട് കാവലിനുണ്ട്.

പക്ഷെ, മനസ്സിന് സമാധാനമില്ലാത്ത ജീവിതം കൊണ്ട് എന്തു പ്രയോജനം?

അങ്ങനെയാണ് അയാൾ എല്ലാം വേണ്ടെന്നു വച്ചത്.

ഭാര്യയ്ക്ക് അയാളില്ലെങ്കിലും ഭംഗിയായി കാര്യങ്ങൾ ചെയ്ത് മുൻപോട്ട് പോകാൻ കഴിയും. ഒരു പക്ഷെ, അയാളുള്ളപ്പോഴാണ് അവൾക്ക് വീഴ്ച പറ്റുന്നത്. XX ന് Y വേണ്ട എന്നയാൾക്ക് നിശ്ചയമായിരുന്നു.YY ആയി ഈ പ്രപഞ്ചത്തിൽ ഒന്നും നിലനിൽക്കുന്നുമില്ലല്ലോ.

മകന്റെ ജീവിതത്തിൽ അയാൾ എന്നെങ്കിലും എന്തെങ്കിലുമായിരുന്നുവോ എന്ന് ആർക്കും നിശ്ചയമില്ല. അയാൾ ഒരു കുഞ്ഞു യാത്രയ്ക്ക് കൂടെ വിളിച്ചാൽ പോലും മകൻ ആദ്യമാദ്യം ചിണുങ്ങിക്കരയുമായിരുന്നു, പിന്നെ കൂടുതൽ ഉച്ചത്തിൽ കരഞ്ഞു തുടങ്ങി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ അച്ഛനൊപ്പമുള്ള യാത്രകൾ വിരസമാണെന്നവൻ തുറന്നു പറഞ്ഞു, ഇപ്പോൾ വൈകുന്നേരം ഓഫീസു വിട്ട് വരുന്ന അച്ഛനെ കാൺകേ, ഉണ്ടെന്നും ഇല്ലെന്നുമുള്ള മട്ടിലൊരു മന്ദഹാസമാണവൻ അച്ഛനായി ബാക്കി വെച്ചിട്ടുള്ളത്.

വീട് വിട്ട് പോന്നപ്പോൾ പെട്ടെന്ന് എവിടെ പോകണമെന്നയാൾക്ക് മനസ്സിലായില്ല.
കുറെക്കാലമായി ഇത്തരമൊരന്ത്യം മനസ്സിനെ മഥിയ്ക്കുന്നുണ്ടായിരുന്നു. എന്നാലും അതിങ്ങനെ വന്നു ചേരുമെന്ന് കണക്കു കൂട്ടിയിട്ടുണ്ടായിരുന്നില്ല.

നല്ലൊരു ഹോട്ടലിൽ ചെന്ന് മുറിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ഹോട്ടലിന്റെ ഏ സി മുറിയിൽ, വെറുതെ ഇരിയ്ക്കുമ്പോൾ മദ്യപിച്ച് ബഹളമുണ്ടാക്കാനും കസേരകളും പാത്രങ്ങളും തല്ലിപ്പൊട്ടിച്ച് അലറിക്കരയാനും അയാൾക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ഒന്നിനും കഴിയുമായിരുന്നില്ല.

അതുകൊണ്ട് കൈകൾക്കിടയിലൂടെ ഊർന്നു പോയ ജീവിതത്തിന്റെ മണൽത്തരികളെണ്ണി അയാൾ നിശ്ശബ്ദനായി ഇരുന്നു. റെയിൽപ്പാളങ്ങൾ പോലെ എത്രകാലമാണിങ്ങനെ………….

ഒറ്റയാകുമ്പോൾ അയാൾ നല്ലവനാണ്. അവളുമതെ. കുറ്റമൊന്നും പറയാൻ തോന്നാത്ത വിധം നന്മയുള്ളവർ. ഇരുവരുടേയും മാതാപിതാക്കന്മാർ തെരഞ്ഞെടുത്ത് പരസ്പരം സ്നേഹിയ്ക്കാനേൽപ്പിച്ചതാണവരെ. മറ്റൊരാളായിരുന്നു അവളുടെ ഭർത്താവായിരുന്നതെങ്കിൽ ………..

ഒരു നൂറു കുറിയെങ്കിലുമായി ഈ ചിന്ത അയാളെ വേട്ടയാടുന്നു. ആ വിഷ സർപ്പമുണരുമ്പോഴെല്ലാം അയാൾക്ക് കടുത്ത നിന്ദയും അവജ്ഞയും അനുഭവപ്പെട്ടു. ഇങ്ങനെ സ്വയം വിമർശിച്ചാൽ തകർന്നു പോകുമെന്നയാൾ ഭയന്നു.

അടിസ്ഥാനപരമായി നല്ലവരായ ഒരു സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ച് സമാധാനമായി ദാമ്പത്യജീവിതം നയിയ്ക്കാൻ പറ്റാത്തതെന്തുകൊണ്ട്?

ഒരുപന്യാസത്തിനു പറ്റിയ വിഷയം.

സ്വന്തം ജീവിതത്തെയാണ് കീറി മുറിച്ചുപന്യസിയ്ക്കേണ്ടതെന്ന് ഓർമ്മിച്ചപ്പോൾ അയാൾ ഞെട്ടി.

തുടക്കം മുതൽ പൊരുത്തക്കേടുകൾ മാത്രമായിരുന്നു. എന്തു സംസാരിച്ചാലും വഴക്കിലേ ചെന്നെത്തുകയുള്ളൂ അയാൾ കുറ്റപ്പെടുത്തുകയാണെന്ന് അവൾ തീരുമാനിച്ചു.അവൾ അപമാനിയ്ക്കുകയാണെന്ന് അയാളും. അവൾ ചോറു വിളമ്പിയപ്പോൾ അയാൾ പ്ലേറ്റ് വലിച്ചെറിഞ്ഞു .അലക്കി ഇസ്തിരിയിട്ട് അടുക്കിക്കൊടുത്ത വസ്ത്രങ്ങൾ നിലത്തീട്ട് ചവുട്ടിത്തേച്ചു. അയാൾ പുസ്തകം വായിയ്ക്കുമ്പോൾ അവൾ അതു തട്ടിപ്പറിച്ച് തീയിലിട്ടു. ഗിറ്റാർ മീട്ടിയപ്പോൾ അതു തല്ലിപ്പൊളിച്ചു. നിശബ്ദനായിരിയ്ക്കാമെന്ന് കരുതി അയാൾ മിഴികളടച്ചാൽ അവൾ മൂർച്ചയുള്ള നഖങ്ങളാൽ അയാളെ മുറിവേൽപ്പിച്ചു, അയാൾ സംസാരിയ്ക്കാൻ തുനിയുമ്പോഴാകട്ടെ അവൾ മൌനത്തിന്റെ കരിമ്പടം പുതയ്ക്കുകയും ചെയ്തു. അയാൾ കോക്ടെയിൽ പാർട്ടികളിൽ നിന്ന് വൈകി മടങ്ങിയപ്പോൾ അവൾ വീട്ടിലുണ്ടാക്കിയ ഭക്ഷണം മുഖത്തേയ്ക്കെറിഞ്ഞു, എരിവ് പറ്റി നീറുന്ന കണ്ണുകളുമായി മുഖം കഴുകാൻ തുടങ്ങുമ്പോൾ അവൾ പരിഹാസത്തോടെ ഒരു വിജയിയെപ്പോലെ പൊട്ടിച്ചിരിച്ചു. അപ്പോഴെല്ലാം അയാളുടെ ചോരയിൽ കോപത്തിന്റെ പതയുയർന്നു.
അങ്ങനെയാണ് അവളുടെ മുടി പിടിച്ചുലയ്ക്കുവാനും അവളെ അടിച്ചൊതുക്കുവാനും അയാൾ പഠിച്ചത്. എന്നാൽ ഓരോ അടിയിലും അവൾ രാക്ഷസിയെപ്പോലെ കരുത്തയായി. അവർ വന്യമൃഗങ്ങളെപ്പോലെ മുരണ്ടും കിതച്ചും പരസ്പരം പോരടിച്ചു. എന്നിട്ടും മതിയാകാതെ അറപ്പിയ്ക്കുന്ന പ്രാക്കുകളുമായി കിടപ്പറയിൽ ഒന്നിച്ചു. 
സ്ത്രീ പുരുഷ ശരീരങ്ങൾ ഒരു പ്രത്യേക തരത്തിൽ ഒന്നായാൽ മറ്റൊരു മനുഷ്യ ജീവൻ ഉടലെടുക്കുമെന്നതുകൊണ്ട് മാത്രമാണ് മകനുണ്ടായതെന്ന് അയാൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

സ്വന്തം പുരുഷത്വത്തിന്റെ ചുമക്കാനാവാത്ത ഭാരം താങ്ങി അയാൾ തളർന്നു കൊണ്ടിരുന്നു. ഭാര്യമാരെ വിരൽത്തുമ്പിലിട്ട് കറക്കുന്ന പുരുഷ സുഹൃത്തുക്കളുടെ മുൻപിൽ ജെല്ലിയും പഴന്തുണിയും കൊണ്ട് നിർമ്മിച്ച ഒരു പാവയാണ് താനെന്ന തോന്നലിൽ അയാൾ മെഴുകു പോലെ ഉരുകി. ഭർത്താക്കന്മാരുടെ ചവുട്ടടിയിലാണ് ജീവന്റെ സ്വർഗ്ഗമെന്ന് വിളംബരപ്പെടുത്തുന്ന സ്ത്രീ സുഹൃത്തുക്കളെ കാണുമ്പോൾ വലിയൊരു കരച്ചിൽ അയാളുടെ തൊണ്ടയിൽ കട്ടു കഴച്ചു. അങ്ങനെ ആർക്കു വേണ്ടിയെന്നറിയാതെ അയാളും അവളും ഒരുമിച്ച് കഴിഞ്ഞുകൂടി. ഇതിനെല്ലാമിടയിൽ അവർ ഫ്ലാറ്റ് വാങ്ങിച്ചു, കാറുകൾ സ്വന്തമാക്കി, ഭംഗിയേറിയ ഓർച്ചാർഡ് നിർമ്മിച്ചു.

അയാൾ സ്പർശിയ്ക്കുമ്പോൾ ഓക്കാനമുണ്ടാകുമെന്ന് അവൾ കാറിത്തുപ്പിയതിനു ശേഷം സ്വന്തം ശരീരത്തെയൊഴിച്ച് മറ്റൊരു മനുഷ്യ ശരീരത്തെ തൊടുവാൻ അയാൾ മുതിർന്നിട്ടില്ല. ധൈര്യമില്ലായിരുന്നു എന്നു പറയുന്നതാണ് ശരി. കാമവും ആസക്തിയുമെല്ലാം അയാളിൽ മരവിച്ചു കിടന്നു.

അലക്കി തേച്ച വസ്ത്രങ്ങളും ഊണു മേശയിലെ വിഭവങ്ങളും ആധുനികമായ കമ്പ്യൂട്ടറും മനോഹരമായ ടി വിയും മാത്രമായി അയാളുടെ ജീവിതം ആ വീട്ടിൽ നീങ്ങിക്കൊണ്ടിരുന്നു. അവളുടെ ജീവിതത്തിലോ മകന്റെ ജീവിതത്തിലോ ഉള്ളതെന്തെല്ലാമെന്ന് അന്വേഷിയ്ക്കാനയാൾക്ക് കഴിഞ്ഞതുമില്ല. സ്വയം നിർമ്മിച്ച മണൽക്കൂടിലേയ്ക്കവളും അയാളും ദിനം തോറും പിൻ വാങ്ങി. കണ്ണുകൾ പോലും പരസ്പരം കൂട്ടിമുട്ടാതിരിയ്ക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവർ ജീവിച്ചു. ആ ഏകാന്തത ഭേദിയ്ക്കാൻ ആരും വന്നില്ല. ആരും വരികയില്ലെന്നും ശ്രമിയ്ക്കുന്നവരുടെ തല അവർക്കിടയിലെ കന്മതിലിലിടിച്ച് പൊട്ടിത്തകരുമെന്നും അയാൾ തിരിച്ചറിഞ്ഞു.

മോചനമില്ലാത്ത ആ വിഷമവൃത്തം ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് തുടക്കവും ഒടുക്കവുമില്ലാതെ പടർന്നുകൊണ്ടിരുന്നു. ചിലപ്പോൾ അതു പ്രപഞ്ചത്തേയും വിഴുങ്ങാൻ തയാറായി, ഏണും കോണുമാർന്നു. അല്ലെങ്കിൽ വാളിന്റെ മൂർച്ചയോടെ അവരിലേയ്ക്ക് തന്നെ ആഴ്ന്നിറങ്ങി, ചോര ചിതറിച്ചു. എന്നിട്ടും ആ വൃത്തം മുറിഞ്ഞു പോയില്ല.

അതാണിന്നയാൾ മുറിച്ചു കളഞ്ഞത്. 

പ്രകോപനമൊന്നുമില്ലായിരുന്നു. അയാൾക്ക് പൊടുന്നനെ മതി എന്നു തോന്നുകയായിരുന്നു. 
ഇറങ്ങിപ്പോരുമ്പോൾ ആരും ഒന്നും ചോദിച്ചില്ല. എവിടെ പോകുന്നുവെന്നോ എന്തിനു പോകുന്നുവെന്നോ എപ്പോൾ വരുമെന്നോ.

ഇനി ഒരിയ്ക്കലും വരികയേയില്ലെന്നോ…………… 
                                                                                                (ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട് )

ഇരുകാലികളുടെ ലോകം (കവിത)








അഗ്നി വിഴുങ്ങുമെൻ കൈകളില്‍
കാലുകളിൽ രോമകൂപങ്ങളിൽ
പാഞ്ഞിറങ്ങി ആഴ്ന്നിറങ്ങി
ഉള്ളറകൾ വെന്തു വെണ്ണീരാക്കി
എന്നെ ചാരമാക്കുമ്പോൾ
ഒരു തുള്ളി ജലത്തിനായ്‌ നീട്ടിയോരെൻ
കൈകുമ്പിളിൽ രക്തം ചൊരിഞ്ഞ
മാരക ലോകമെൻ വലതു ഭാഗത്ത്‌

അഴലിന്റെ ചുഴികളിൽ പെട്ടുഴലുമ്പോൾ
കലുഷിത മനസുമായ് ദൂരെയാ
പാറ മുനമ്പിന്റെ അറ്റത്ത്‌
ജീവിത യാത്രയുടെ അറ്റമെന്നു
തീരുമാനിച്ചുറച്ച്
ആഴങ്ങൾ നോക്കി നിന്നപ്പോൾ
തോളിൽ പതിഞ്ഞ കൈയ്യിലെ
നേർത്ത തണുപ്പാനെൻ
ഇടതു ഭാഗത്തെ  ലോകത്തിനു

രണ്ടും തമ്മിൽ
നേർത്തൊരു സ്നേഹചിന്തതൻ
നൂല്പാലം മാത്രം....

എന്റെ കുഞ്ഞെന്തേ ഇങ്ങിനെയായത് !!.? (ലേഖനം) - ഫൈസല്‍ ബാബു


നിങ്ങളുടെ പിന്ജോമന മകളോ മകനോ പതിവായി  സ്കൂളില്‍ നിന്നും വരുന്നത്  വികൃതി കാണിച്ചതിനോ അല്ലങ്കില്‍  മറ്റെന്തെങ്കിലും കാണിച്ചതിനു ആരെങ്കിലും വഴക്ക് പറഞ്ഞു എന്ന പരാതിയുമായാണോ ? അതല്ലങ്കില്‍ "കണ്ടില്ലേ അവന്‍റെയൊരു വികൃതി ? വളര്‍ത്തു ദോഷം എന്ന് നമ്മുടെ മക്കളെ കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോള്‍ മനസ്സില്‍ വിഷമം അനുഭവപ്പെടാറുണ്ടോ ? .. സ്കൂളിലും കൂട്ടുകാര്‍ക്കിടയിലും നടക്കുന്ന സംഭവങ്ങള്‍ നിങ്ങളോട് പറയാതെ അവര്‍ ഒളിച്ചു വെക്കുന്നു എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ക്ക്  തോന്നിയിട്ടുണ്ടോ ? എങ്കില്‍ എന്തു കൊണ്ടായിരിക്കും അത് ? അവര്‍ കേള്‍പ്പിക്കുന്ന ഇത്തരം പരാതികള്‍ക്ക് നാം പലപ്പോഴും കുട്ടികളെ അടിക്കുകയോ ആവശ്യത്തിലധികം വഴക്ക് പറയുകയോ ചെയ്യുന്നു .എന്നാല്‍ ഇതിനൊക്കെ പരോക്ഷമായെങ്കിലും നിങ്ങള്‍ രക്ഷിതാക്കളും ഉത്തരവാദികളാണെന്ന കാര്യം വിസ്മരിക്കരുത് , പറഞ്ഞു വരുന്നത്  കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നത് രക്ഷിതാക്കള്‍ക്കാണ്. നിങ്ങളുടെ കുഞ്ഞ് ആരാകണം  തീരുമാനിക്കുന്നത് നിങ്ങള്‍ തന്നെയാണ്. കുട്ടികള്‍ക്ക് നിങ്ങള്‍ ചെറുപ്പത്തില്‍ നല്‍കുന്ന പരിചരണമാണ് നാളെ അവര്‍ ആരാവണം എന്ന് നിശ്ചയിക്കുന്നത് ,അതായത് അവര്‍ ഭാവിയില്‍ ഒരു ക്രിമിനല്‍ ആവുകയാണങ്കില്‍  അതില്‍ ഒരു പരിധിവരെ രക്ഷിതാക്കള്‍ക്കും  ഉത്തരവാദിത്തമുണ്ട് എന്ന് സാരം .


എങ്ങിനെ കുട്ടികളെ മാത്രകാപരമായി വളര്‍ത്താം ?
---------------------------------------------------------------
കുട്ടികളെ എങ്ങിനെ നല്ല നിലയില്‍ വളര്‍ത്താം ?. കുഞ്ഞുങ്ങളെ എന്ന് മുതലാണ് നമ്മള്‍  സ്വാഭാവ രൂപീകരണത്തിനിയായി പരിശീലിപ്പിക്കേണ്ടത് ?.പലര്‍ക്കുമുണ്ടാവുന്ന ഒരു സംശയമാണിത്.കുട്ടികളില്‍അവരുടെ സ്വാഭാവ രൂപീകരണത്തിനു തുടക്കം കുറിക്കുന്നത്   ഗര്‍ഭാവസ്ഥയില്‍ തുടങ്ങി മൂന്നു വയസ്സ് വരെയുള്ള  കാലയളവിലാണ് .ഈ കാലാവധിക്കുള്ളില്‍ കുഞ്ഞിന്‍റെ വളര്‍ച്ചയിലും സ്വഭാവ രൂപീകരണത്തിലും മാതാപിതാക്കള്‍ക്ക്  പലതും ചെയ്യാന്‍ കഴിയും. ഗര്‍ഭാവസ്ഥയില്‍ തന്നെ മാതാവിനുണ്ടാകുന്ന  മാനസിക പ്രയാസമോ അല്ലങ്കില്‍, പിതാവിന്റെ  പുകവലിയോ  മദ്യപാനമോ ഒക്കെ പിറന്നു വീഴുന്ന  കുഞ്ഞുങ്ങളുടെ സ്വാഭാവത്തില്‍ കാര്യമായ സ്വാധീനം ചൊലുത്തുന്നു. ശാസ്ത്രീയമായി പരിശോധിച്ചാല്‍ ഗര്‍ഭം ധരിച്ചു പതിനേഴു മാസം മുതല്‍ പിറന്നു വീണു ആദ്യത്തെ ഒന്നോ രണ്ടോ ദിനങ്ങളില്‍ അവസാനിക്കുന്നതാണ് ഒരാളുടെ  തലച്ചോറിലെ ന്യൂരോണിന്റെ  വളര്‍ച്ച എന്ന് പറയുന്നത് .അത് പോലെ ന്യൂരോണിന്റെ സംഗമ സ്ഥലമായ സിനാപ്സ് ന്‍റെ വളര്‍ച്ച ഒരാളില്‍ മൂന്നു വയസ്സോടെ പൂര്‍ത്തിയാകുന്നു ( തലച്ചോറിലെ വിവരങ്ങള്‍ ശേഘരിച്ചു വെക്കുന്ന ഒരു അറയാണ് സിനാപ്സ് എന്ന് വേണമെങ്കില്‍ പറയാം .മനുഷ്യായുസ്സ് മുഴുവന്‍ ഈ അറകളില്‍ ആണ് പിന്നീട് എല്ലാ വിവരങ്ങളും അടങ്ങുന്നത് )


ഈ കാലാവധിക്കുള്ളില്‍ മാതാപിതാക്കള്‍ നല്‍കുന്ന പരിചരണം കുഞ്ഞിന്‍റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തുന്നു .അത് കൊണ്ടാണ് പറയുന്നത്  ഏറ്റവും ചുരുങ്ങിയത്  ജനിച്ച ദിവസം മുതല്‍  തന്നെ നിങ്ങള്‍ കുഞ്ഞുങ്ങളുടെ ശിക്ഷണം ആരംഭിക്കേണ്ടതുണ്ട് .എന്ന് . ഓര്‍ക്കുക ജനിച്ചു വീഴുന്ന അന്ന് മുതല്‍ തന്നെ  കുഞ്ഞുങ്ങളും ചിന്തിക്കുന്നുണ്ട് .അത് കൊണ്ടാണല്ലോ പ്രസവിച്ചു കഴിഞ്ഞു മണിക്കൂര്‍കള്‍ക്കകം  ആ കുഞ്ഞു അമ്മയെ തിരിച്ചറിയുന്നതും വിശക്കുമ്പോള്‍ മുലപ്പാലിനായി കരയുന്നതുമൊക്കെ . ചുറ്റുപാടുകള്‍ നിരീക്ഷണത്തിനു വിധേയമാക്കുമ്പോള്‍ മനസ്സില്‍ പകര്‍ത്തുന്നത്  പിന്നീട് ആ കുഞിനെ ജീവിതത്തില്‍ ഉടനീളം സ്വാധീനിക്കുന്നു എന്ന് സാരം .


കുഞ്ഞുങ്ങളും ചുറ്റുപാടുകളും 
-------------------------------
 മൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞിനെ മടിയില്‍ ഇരുത്തി നിങ്ങള്‍ കണ്ണീര്‍ സീരിയല്‍ കാണുമ്പോള്‍ ഓര്‍ക്കുക, മിനി സ്ക്രീനില്‍ മിന്നി മറയുന്ന സീരിയല്‍ നായികയുടെ കരച്ചില്‍ കുഞ്ഞിന്‍റെ മനസ്സില്‍ ഉണ്ടാക്കുന്നത് ഒരു പക്ഷെ നെഗറ്റിവ് ഇമേജ് ആയിരിക്കും ,അല്ലെങ്കില്‍ നിങ്ങള്‍ കാണുന്ന ഒരു സിനിമയിലെ ചില രംഗങ്ങള്‍ കൊലപാതകമോ ,ഭയപ്പെടുത്തുന്നതോ ആണെന്ന് കരുതുക  .എല്ലാം ഒരഭിനയമാണ് എന്ന് നിങ്ങള്‍ക്കറിയാമെങ്കിലും അത് മനസ്സിലാക്കാനുള്ള കഴിവ് ആ കുഞ്ഞിനു ഉണ്ടായെന്നു വരില്ല അതിന്‍റെ അനനന്തര ഫലോമോ ? ഭാവിയില്‍ ആ കുഞ്ഞ് ഒരു ക്രിമിനലോ അല്ലെങ്കില്‍ ആത്മവിശ്വാസമില്ലാത്തവരോ ആയി തീരുന്നു " . ജനനം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും കുഞ്ഞ് അനുകരിക്കാന്‍ ശ്രമിക്കുന്നു.ഈ കാലയളവില്‍  നിങ്ങള്‍ നല്ല പുസ്തകങ്ങള്‍ വായിക്കുകയാണ് എന്ന് കരുതുക .എങ്കില്‍ കുഞ്ഞിന്‍റെ ശ്രദ്ധ അതിലേക്ക് തിരിയുന്നു. കുഞ്ഞുങ്ങളുടെ മുന്നില്‍ മാതാപിതാക്കള്‍ വഴക്കിടുന്നു എങ്കില്‍ ഭാവിയില്‍ അതെ കുഞ്ഞു നിങ്ങള്‍ക്ക് നേരെ കയര്‍ത്തു സംസാരിക്കുകയോ വിരല്‍ ചൂണ്ടുകയോ ചെയ്താല്‍ അവരെ എങ്ങിനെ നമുക്ക് കുറ്റപ്പെടുത്താനാവും ?


കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന്  നാം എന്ത് ചെയ്യണം ?
------------------------------------------------------------------------------


മൂന്നു വയസ്സ് വരെയാണ് കുട്ടികളുടെ സ്വഭാവ രൂപീകരണം നടക്കുന്നത് എന്ന് പറഞ്ഞല്ലോ .ഈ കാലയളവില്‍ കഴിയുന്നതും രക്ഷിതാക്കള്‍ അവര്‍ക്കൊപ്പം തന്നെ പരമാവധി ചിലവഴിക്കുക എന്നത് തന്നെ ഏറ്റവും പ്രാധാനം ,,കുട്ടികളുമായി പരാമാവധി ലാളനകളിലും കളികളിലും ഏര്‍പ്പെടുക .പരമാവധി സ്നേഹചുംമ്പനങ്ങള്‍ നല്‍കുകയും ചെയ്യുക ,എത്രത്തോളം കഴിയുമോ അത്രയും സ്പര്‍ശനം നല്‍കുക. ഇത് കുഞ്ഞിനു മാതാപിതാക്കളില്‍ ഉള്ള സ്നേഹം വര്‍ദ്ധിക്കുകയും  സംരക്ഷണം ബോധം വളരുകയും ചെയ്യുന്നു ..കുട്ടികള്‍ അല്ലെ എന്ന് കരുതി അവരോട് സംസാരിക്കാതിരിക്കരുത്. അവര്‍ പറയുന്ന ഭാഷ നിങ്ങള്‍ക്ക് മനസ്സിലാകില്ല എങ്കിലും അതേ ഭാഷയില്‍ തന്നെ അവരോടു സംവദിക്കണം .കുട്ടികള്‍ക്ക് വായന ശീലം ഉണ്ടാകുന്നത്  നിങ്ങളില്‍ കൂടിയാണ് ഈ കാലയളവില്‍ കഥ പുസ്തകങ്ങള്‍ കൊടുത്തും അതിലെ ഗുണപാഠ കഥകള്‍ പറഞ്ഞു കൊടുത്തും അവരുമായി പരമാവധി ചങ്ങാത്തം കൂടുക . വളരുമ്പോള്‍ നിങ്ങളുടെ കുഞ്ഞു തീര്‍ച്ചയായും ഒരു നല്ല വായനക്കാരനോ വായനക്കാരിയോ ആകും  തീര്‍ച്ച.കുട്ടികളുടെ ഈ പ്രായത്തില്‍ നിറങ്ങളുടെ സ്വാധീനം  വളരെ വലുതാണ്‌. അത് കൊണ്ട്  കൂടുതല്‍ നിറമുള്ള പുസ്തകങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുക , അവരുടെ മുറികളില്‍ കഴിവതും വര്‍ണ്ണാഭമായ നിറങ്ങള്‍ കൊണ്ടും തോരണങ്ങള്‍ കൊണ്ടും കളര്‍ഫുള്‍ ആക്കുക .നല്ല പൂക്കള്‍ ,കളിപ്പാവകള്‍ എന്നിവകൊണ്ട് അവരുടെ ലോകം നിറക്കുക .കിട്ടുന്ന അവസരങ്ങളിലൊക്കെ അവരെയും  കൊണ്ട്പുറത്തു പോവുകയും നാല് ചുമരുകള്‍ക്ക് അപ്പുറം മറ്റൊരു ലോകമുണ്ടെന്നു അവരെ കാണിക്കുകയും ചെയ്യുക.രണ്ടു വയസ്സ് മുതല്‍ കുട്ടികള്‍ക്ക് എല്ലാ കാര്യങ്ങളിലും  സംശയമായിരിക്കും,അവര്‍ ചോദിക്കുന്ന എല്ലാത്തിനും അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ മറുപടി നല്‍കുക ഇങ്ങനെയൊക്കെ ചെയുമ്പോള്‍ നമ്മുടെ കുഞ്ഞ് വരും  തലമുറക്ക് നന്മ പകരുന്ന സമൂഹത്തിനു മാത്രകയാകുന്ന ഉത്തമാരാകുന്നു ,അത് വഴി നമുക്കും അഭിമാനിക്കാം ,നല്ലൊരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ പങ്കാളിയായതില്‍ !!
________________________________________________________________________________
ഫൈസല്‍ ബാബു - ഊര്‍ക്കടവ് ബ്ലോഗ്‌  

ടിവി ന്യൂവിൽ MT യുടെ അഭിമുഖത്തെപ്പറ്റി- ഗിരീഷ്‌. കെ.എസ്‌

 കുറച്ചു ദിവസം മുമ്പ് രാവിലെ ചായകുടിയൊക്കെ കഴിഞ്ഞ്  ടിവി ഒന്ന് വെറുതെ ഓണ്‍ ചെയ്തു. അതാ ടിവി ന്യൂവിൽ എം ടി വാസുദേവൻ നായരുമായിട്ടുള്ള അഭിമുഖം അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നും..
മലയാളികളുടെ സർഗാതമകതയുടെ ഒരു വംശവൃക്ഷത്തിന്റെ മുമ്പിലാണ് ഞാൻ ഇരിക്കുന്നത്.  വാസ്തവത്തില്‍ സംസാരിക്കുമ്പോൾ എന്റെ തൊണ്ട വരളുന്നുണ്ട്   എന്നു പറഞ്ഞുകൊണ്ടാണ് അവതാരകാൻ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയത്..

ടിവി ന്യൂ എന്ന വാർത്തയുടെ പുതിയ പരീക്ഷണത്തെ കുറിച്ച്........

അച്ചടി മാധ്യമമായാലും ദൃശ്യ മാധ്യമമായാലും പുതിയതായി വരുന്നതുകൊണ്ട് കുഴപ്പമൊന്നുംഇല്ല. പക്ഷെ ഞാൻ കരുതുന്നത് ഇവയ്ക്കെല്ലാം പ്രധാനമായും ഒരു ലക്ഷ്യം വേണം. ആ ലക്ഷ്യം എന്നത് സത്യത്തെ അന്വേഷിച്ചു കണ്ടെത്തുക എന്നതായിരിക്കണം. അതുകൊണ്ട് ഈ പുതിയ സംരംഭത്തെ സംശയത്തോടെയല്ല കാണുന്നത് മറിച്ച്  പ്രതീക്ഷയോടെയാണ്.

എഴുത്തുകാരൻറെ ലക്ഷ്യവും സത്യാന്യോക്ഷണം തന്നെയാകണം. എന്റേയും  ലക്ഷ്യം അതുതന്നെയായിരുന്നു. അതിൽ എത്രത്തോളം വിജയിച്ചു എന്നതല്ല, ലക്‌ഷ്യം അതായിരിക്കണം എന്നതാണ് പ്രധാനം.  എനിക്ക് എഴുതുവാനുള്ള പ്രചോദനവും ആ ലക്ഷ്യം തന്നെയായിരുന്നു.

ഇത്തരത്തിൽ അന്യോഷണവും നിരീക്ഷണവും ആണ് ഒരു പുതിയ സൃഷ്ടിയിലേക്ക് നയിക്കുന്നത്. കാണുന്ന  സംഭവങ്ങളോ ദുരന്തങ്ങളൊ ഒക്കെ മനസ്സിൽ സൂക്ഷിച്ചു വയ്ക്കുകയും പിന്നീട് എപ്പോഴോ പുറത്തെടുക്കുമ്പോൾ അവ കഥയോ കവിതയോ ഒക്കെയായി മാറുന്നു.

പണ്ടത്തേതിൽ നിന്നും വ്യത്ത്യസ്തമായി ഇന്ന് മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ.

പുറത്ത് മഴപെയ്യുന്നു ഇങ്ങൊട്ട് വന്ന വഴിയിൽ അവിടിവിടെയൊക്കെ വെള്ളം കെട്ടികിടക്കുന്നുണ്ട്. പക്ഷെ കോഴിക്കോട് എന്റെ വീട്ടിൽ അഞ്ചോ ആറോ ദിവസം കുടിവെള്ളം കിട്ടാതെയാണ് ഞാൻ കഴിയുന്നത്‌. സംസ്ക്കാരം എന്ന്  പറയുമ്പോൾ സാഹിത്യം കല നാടകം സംഗീതം പുതിയ ഗ്രന്ഥങ്ങൾ എന്നതിനുമെല്ലാം അപ്പുറത്തായി ചില കാര്യങ്ങളുണ്ട്. ശരാശരി മനുഷ്യന്റെ ജീവിതത്തിനു ആവശ്യമായ കാര്യങ്ങളാണ് അവ. കുടിവെള്ളം, ശുദ്ധവായു, രോഗാവസ്ഥയിൽനിന്നുള്ള പരിചരണം ഇത്തരം കാര്യങ്ങളാണ് ഇന്ന് അലട്ടുന്നത്. ഇതിനെല്ലാം പരിഹാരം എന്താണെന്നുള്ളത് അറിയില്ല.
 പിന്നെ പ്രകൃതിക്ക് സംഭവിച്ച മാറ്റങ്ങൾ. പണ്ട് പ്രകൃതിയെ കണ്ടും ആരാധിച്ചും ആണ് വളർന്നിരുന്നത്. പുഴകളെ കണ്ട്, ജലാശയങ്ങളെ കണ്ട്, കുന്നുകളെ  കണ്ട്, പച്ചപ്പുള്ള പാടങ്ങളെ കണ്ട് ഇതെല്ലാം നഷ്ടപ്പെട്ടു  പോകുന്നുണ്ടോ അല്ലെങ്കിൽ പോയിരിക്കുന്നു എന്ന തിരിച്ചറിവുമൊക്കെ  ഇന്ന് മനസ്സിനെ അലട്ടുന്ന കാര്യങ്ങളാണ്. പിന്നെ നമ്മൾ എന്തെല്ലാം അകറ്റണം അല്ലെങ്കിൽ ഏതില്‍ നിന്നുമെല്ലാം  മോചനം നേടണം എന്നാഗ്രഹിച്ചോ അതെല്ലാം കൂടുതൽ കൂടുതൽ കടന്നുവന്നിരിക്കുന്നു. ജാതി, മതം,   മാനവികതയെ നശിപ്പിക്കുന്നതായ പല പല ഘടകങ്ങളും, എല്ലാം കടന്നു വന്നിരിക്കുന്നു. ഒരുദിവസം ഒരു കുട്ടി എന്റെ അടുത്ത് വന്ന് ചോദിക്കുന്നു അച്ചാച്ചാ എല്ലാ ദിവസവും പത്രത്തിൽ ഈ കുട്ടികളെ ദ്രോഹിക്കുന്ന വാർത്തകൾ വരുന്നു എന്താ ഇത് ? കുട്ടികളും ഇതൊക്കെ വീക്ഷിക്കുന്നു.  ആരും ഇതൊന്നും ശ്രദ്ധിക്കാതിരിക്കുന്നില്ല.  പക്ഷെ ഇതിനെല്ലാം ഒരു പരിഹാരം കാണാൻ കഴിയാത്തതിന്റെ നിരാശയോ രോക്ഷമോ ഒക്കെയാകാം നമ്മുടെ മനസ്സിൽ.

പരിഹാരം ഉണ്ടാക്കാൻ ആയില്ലെങ്കിലും സമാന മനസ്ക്കരായവരുമായി ഇത്തരം അലട്ടുന്ന പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ സാധിച്ചാൽ അത്രയുമായി എന്ന് ആശ്വസിക്കാം. ഇത്തരത്തിൽ ഉള്ള ദൈന്യതയുടെ പടുകുഴിയുടെ വക്കിലൂടെയാണ് നാം സഞ്ചരിക്കുന്നത് ദയവായി മനസ്സിലാക്കുക എന്ന് നമ്മുടെ കാലഘട്ടത്തിനോട് നിശബ്ദമായി പറയാനുള്ള ഒരു ബാധ്യതയുണ്ട്. എഴുതുവാനുള്ള പല വിഷയങ്ങളും മനസ്സിലുണ്ട്. പക്ഷെ ശാരീരികമായ പ്രയാസങ്ങൾ മൂലം സാധിക്കുന്നില്ല.

ഇനിയും ഒട്ടേറെ കാര്യങ്ങൾ  അദ്ദേഹം  പറയുന്നുണ്ട്.
താഴെ കൊടുക്കുന്ന ലിങ്കുകളിൽ പോയാൽ വിശദമായി കാണുകയും കേൾക്കുകയും ചെയ്യാം.
https://www.youtube.com/watch?v=ChIvN-oinE8  

https://www.youtube.com/watch?v=kkXfvzKlQ5g

https://www.youtube.com/watch?v=TULEqfbfnok

https://www.youtube.com/watch?v=fAMOyqUBcKA

https://www.youtube.com/watch?v=LoY3eIG9gf0

https://www.youtube.com/watch?v=rXaG-HmDLpI

കുഴലുകള്‍ (കവിത ) - മുഹമ്മദുകുട്ടി ഇരിമ്പിലിയം

(Image courtesy Google )
_______

ചില തുളകള്‍ -
'കുഴലു'കളായി പരിണമിക്കും.
ചില യുക്തികള്‍ -
ഗുപ്തമാകുന്നത് അങ്ങിനെയാണ്.

ആര്‍ത്തികളുടെ -
ഒളിവിരുതുകള്‍
നിയമക്കുരുക്കുകളുടെ ചൂണ്ട-
ക്കെണികളില്‍ വീഴാതിരിക്കാന്‍ 
വക്രബുദ്ധികള്‍ തന്‍ 
ശരീര ശാസ്ത്രം .....!

അവിടെ -
ചിലപ്പോള്‍ ,ഗ്രീന്‍ ചാനലുകളും 
എക്സറേ തരംഗങ്ങളും  
കണ്ണു തുറിക്കും !

കണ്ണിന്‍റെ മറവുകള്‍ 
പൊന്നിന്‍റെ തുറവുകള്‍ക്ക്
'കുഴലൂ'തുന്ന വിദ്യകളില്‍ 
നവദ്വാരങ്ങള്‍ -
നവരത്നങ്ങളേക്കാള്‍ അനര്‍ഘം!

കടല്‍ ദൂരങ്ങളിലെ പൊന്ന്
കരളാഴങ്ങളിലെ ചിന്ന സൂത്രങ്ങളില്‍ 
കരേറുന്ന 'തുരങ്ക വിസ്മയ'ത്തിന് 
കറുകറുത്ത ദുരയടെ പൊട്ടിച്ചിരികള്‍ !!
*********



________________________
________________
___________

ചിന്ത (കവിത)- കെ.കെ. രതീഷ്‌


പൊട്ടിയഴിഞ്ഞീടും ചങ്ങലക്കൂട്ടങ്ങള്‍

കട്ടിലുപേറും വ്രണമേറ്റഗന്ധവും

ഈച്ചകള്‍ളാര്‍ക്കും ദീനമാംകണ്ണുകള്‍
 

ഈര്‍പ്പമടങ്ങാത്ത ചോരത്തടിപ്പുകള്‍
 

ബോധമബോധമായ് ബാധകയറ്റുമ്പോള്‍
 

താളംകൊടുക്കുകയാണെന്‍റെ കാലുകള്‍
 

കൂടെക്കുരുങ്ങി കലമ്പലായ് കേഴുന്ന
 

കാരാഗ്രഹത്തിലെ ചങ്ങലക്കണ്ണികള്‍
 

രോഗമണം പേറിയെത്തും വെളിച്ചവും 

കുത്തിയിറക്കും മരുന്നും കരങ്ങളും
 

ആവിശ്യമില്ലാതെയെത്തുന്നരാത്രിയും

കൃത്രിമം പേറിക്കഴിയുന്ന നിദ്രയും
 

യാത്രപറയും സ്വപ്നവും ചിന്തയും 

മാത്രയെണ്ണി കഴിക്കുന്നു യെന്‍ ജീവിതം
 

ജാതകമേല്‍പിച്ച ഭാരമാവാമിത്
 

ജോതിമറക്കുന്ന ഭാഷയാവാമിത്
 

വീര്‍ത്തുകയറുകയാണീപുഴുക്കളും
 

വര്‍ദ്ധക്യമേറും ഞരമ്പും നഖങ്ങളും

ചേച്ചിയമ്മ (ഓര്‍മ്മക്കുറിപ്പ്‌) - മനസ്വിനി

എന്റെ കുട്ടിക്കാലം നിറയെ എന്റെ അനുജനാണ്
അന്നെന്റെ പെറ്റിക്കോടിക്കൊട്ടിന്റെ അറ്റത് തൂങ്ങി 
ഞാൻ പോകുന്നിടത്തെല്ലാം എന്റെ പിറകെ നടന്നിരുന്ന 
എന്റെ കുഞ്ഞനുജൻ 
അവൻ വരും വരെ എന്റെ കുട്ടിക്കാലത്തിന് ജീവനില്ലരുന്നു
എന്നെ ക്ഷമിക്കാൻ പഠിപ്പിച്ചത് എന്റെ അനുജനാണ് 
അവനു വേണ്ടിയാണ് ഞാൻ കളിപ്പാട്ടമുണ്ടാക്കിയത് 
മണ്ണിന്റെയും കല്ലിന്റെയും ഓലചീറിന്റെയും 
അഗാധ സാധ്യതകൾ കണ്ടുപിടിക്കാൻ ഞാൻ ശ്രമം തുടഗിയത് 
അവനെ ആശ്ചര്യപ്പെടുതാനായിരുന്നു
രാത്രയിൽ എന്റെ കൈത്തണ്ടയിൽ കിടന്നുറങ്ങുമ്പോൾ 
എന്റെ പോന്നുമകനേ എന്ന് ഞാൻ അറിയാതെ അന്നും വിളിച്ചിരുന്നു 
അത് എങ്ങനെ മനസ്സിലാക്കിയോ അവനെന്നെ ചേച്ചിയമ്മ എന്ന് വിളിച്ചു

കങ്കണരേഖ (ചെറുകഥ ) - ചിന്താക്രാന്തന്‍

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

നേരം പുലരുന്നെ ഉണ്ടായിരുന്നുള്ളൂ .സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക്‌ പ്രകാശിപ്പിക്കാന്‍ സജ്ജമാകുന്നു .മഞ്ഞുകണങ്ങള്‍ സൂര്യതാപം ഏറ്റു ഉരുകിത്തീരാന്‍ ഇനി ഏതാനും സമയം മാത്രം .അന്തരീക്ഷം  മൂടല്‍മഞ്ഞിനാല്‍ ദൂര കാഴ്ചകള്‍ മറയ്ക്കുന്നു .പ്രവാസിയായ ഇസ്മായിലിന്‍റെ മുക്രിയായ  വാപ്പ ഫജര്‍ നിസ്കാരത്തിന് വീട്ടില്‍ നിന്നും ഏതാണ്ട് അരകിലോമീറ്റര്‍ ദൂരമുള്ള മസ്ജിദില്‍ പോയി തിരികെയെത്തി നേരെ   ഇസ്മായിലിന്‍റെ മക്കള്‍ കിടക്കുന്ന മുറിയിലേക്ക് തിടുക്കത്തില്‍  നടന്നു .ഇസ്മായിലിന് ഒന്‍പതും ആറും വയസ്സായ  രണ്ടു പെണ്‍കുട്ടികളും , മൂന്നു വയസ്സുള്ള  ഒരു ആണ്‍കുട്ടിയുമുണ്ട്.പെണ്‍കുട്ടികളെ   പതിവായി മദ്രസ്സയിലേക്ക് പറഞ്ഞയക്കുവാനായി വിളിച്ചുണര്‍ത്തുന്നതും. മദ്രസ്സയില്‍ കൊണ്ടാക്കുന്നതും  ഇസ്മയിലിന്‍റെ വാപ്പയാണ്. ഇസ്മയിലിന്‍റെ ഭാര്യ മുംതാസ് മക്കളെ വിളിച്ചുണര്‍ത്തിയാല്‍ മക്കള്‍ വീണ്ടും മടിപിടിച്ച്  മെത്തയില്‍ തന്നെ കിടക്കും.അതുകൊണ്ടുതന്നെയാണ്  മക്കളെ വിളിച്ചുണര്‍ത്തുന്ന ജോലി മുംതാസ് വാപ്പയെ  ഏല്പിച്ചത് .വാപ്പ വിളിച്ചാല്‍ മക്കള്‍ സടകുടഞ്ഞു എഴുന്നേല്‍ക്കും .വാപ്പ മുറിയില്‍ കടന്നപ്പോള്‍ പെണ്‍കുട്ടികള്‍ പുതപ്പിനുള്ളില്‍ തണുപ്പിനാല്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു .വിളിച്ചപ്പോള്‍ രണ്ടുപേരും   അല്‍പം മടിയോടെ എഴുന്നേല്‍ക്കുവാന്‍ വൈമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു .ഒച്ചവെച്ചു വിളിച്ചപ്പോള്‍ രണ്ടു പേരും മെത്തയില്‍ നിന്നും എഴുന്നേറ്റ് മുറിയില്‍ നിന്നും പുറത്തേക്ക് ഓടി .അപ്പോള്‍ തറയില്‍ വിരിച്ച പായയിലെ റബ്ബര്‍ ഷീറ്റില്‍ സുഖനിദ്രയിലായിരുന്നു ഇസ്മായിലിന്‍റെ മകന്‍ .അയാള്‍ നിലത്ത് കുനിഞ്ഞിരുന്ന്  കുഞ്ഞിന്‍റെ മുടിയിഴകളിലൂടെ വിരലുകളോടിച്ച്  നെറ്റിയില്‍ ചുംബനം നല്‍കി മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി .

നാട്ടില്‍ മഞ്ഞുകാലമാണെങ്കിലും സൌദിഅറേബ്യയിലെ  റിയാദില്‍ താപനില ഉയര്‍ന്നിരുന്നു .ഇസ്മായില്‍ നാട്ടില്‍ പോയിവന്നിട്ട്‌ രണ്ടുമാസം കഴിഞ്ഞിരിക്കുന്നു .മുപ്പത്തിയാറ് വയസായ അയാള്‍  ഡ്രൈവര്‍ ജോലി ചെയ്യുവാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിനഞ്ചു കഴിഞ്ഞു .പ്രതീക്ഷകളോടെ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടുമായി മണലാരണ്യത്തില്‍ കാലുകുത്തിയ ഇസ്മായിലിന്‍റെ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടിലെ പൂവണിയാത്ത സ്വപ്നങ്ങള്‍ ഇപ്പോഴും അതേപടി നില കൊള്ളുന്നു എന്നതാണ് വാസ്തവം .ഈ പതിനഞ്ചു വര്‍ഷക്കാലയളവില്‍ കുടുംബം പട്ടിണിയില്ലാതെ ജീവിച്ചുപോന്നു .രണ്ട് സഹോദരിമാരെ തരക്കേടില്ലാതെ വിവാഹം ചെയ്തയച്ചു.പഴയ വീട് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പൊളിച്ച് മൂന്ന് കിടപ്പ് മുറികളുള്ള വാര്‍ക്ക വീടിന്‍റെ പണികള്‍ തുടങ്ങി വെച്ചു .വീടിന്‍റെ പണികള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല .മേല്‍കൂരയുടെ വാര്‍ക്ക പണി കഴിഞ്ഞ്  കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ വീടിന് അകത്തെ ചുമരുകള്‍ തേയ്ക്കുകയും നിലം മുസൈക്ക് ഇടുകയും ചെയ്ത് പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു .നാട്ടില്‍ പോകുമ്പോള്‍ അയാള്‍ ഏതാനും സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ട് .കടം വാങ്ങുവാന്‍ ഇഷ്ടമില്ലാത്ത അയാള്‍ എങ്ങിനെയെങ്കിലും വീടിന്‍റെ പണികള്‍ തീര്‍ക്കുവാനായി മാത്രമാണ് പലരില്‍ നിന്നും കടം വാങ്ങിയത് .എന്നിട്ടും രൂപ തികയാതെ വന്നപ്പോള്‍ മുംതാസിന്‍റെ അവശേഷിക്കുന്ന സ്വര്‍ണ്ണ പണ്ടങ്ങള്‍  പണയംവച്ചു .ഈയിടെ അയാള്‍ തന്‍റെ ആരോഗ്യകരമായ കാലങ്ങള്‍ മണലാരണ്യത്തില്‍ മെഴുകുതിരിയുടെ അവസ്ഥയെ പോലെ മറ്റുള്ളവര്‍ക്ക് പ്രകാശമേകികൊണ്ട് സ്വയം  ഉരുകി തീരുന്നതില്‍   അതീവ ദുഖിതനായിരുന്നു .

വാപ്പ മദ്രസ്സയില്‍ നിന്നും അദ്ധ്യാപനം കഴിഞ്ഞ് ഇസ്മയിലിന്‍റെ രണ്ടു മക്കളേയും കൂട്ടി തിടുക്കത്തില്‍ വീട്ടിലേക്ക് നടന്നു .മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത് ഇസ്മായിലിന്‍റെ ഏറ്റവുംവലിയ ആഗ്രഹം മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നല്‍കുക എന്നതാണ്. അതുകൊണ്ടുതന്നെയാണ് ഉന്നതരുടെ മക്കള്‍ പഠിക്കുന്ന സ്കൂളില്‍ മക്കളെ ചേര്‍ത്തത് .മദ്രസ്സയില്‍ നിന്നും കുഞ്ഞുങ്ങളെയായി ഇസ്മായിലിന്‍റെ  വാപ്പ തിടുക്കത്തില്‍ നടന്നു .കുഞ്ഞുങ്ങള്‍ വാപ്പ  നടക്കുന്നതിനൊപ്പം  നടക്കുവാനാവാതെ  രണ്ടു പേരും വാപ്പയുടെ പുറകെ ഓടുകയായിരുന്നു .വീട്ടിലെത്തി വസ്ത്രം മാറി മക്കള്‍ എന്തെങ്കിലും കഴിക്കുമ്പോഴേക്കും മക്കള്‍ക്ക്‌ പോകുവാനുള്ള വാഹനം എത്തും. വാഹനം എത്തിയാല്‍ ഉടനെ മക്കള്‍ വാഹനത്തില്‍ കയറണം അല്ലെങ്കില്‍ ഡ്രൈവര്‍ ബഹളം വെയ്ക്കും . 
ഡ്രൈവറുടെ ചിന്ത ആദ്യ ബെല്ല് അടിക്കുമ്പോഴേക്കും കുട്ടികളെ സ്കൂളില്‍ എത്തിക്കണം എന്നത് മാത്രമാണ് .കുട്ടികള്‍ വാഹനത്തില്‍ കയറുവാന്‍ വൈകിയാല്‍ അയാള്‍ ശകാരിച്ചു കൊണ്ടിരിക്കും .

സൌദിഅറേബ്യയില്‍ സമയം പന്ത്രണ്ടു കഴിഞ്ഞു കാണും. ഇസ്മായില്‍ എണ്‍പത്  കിലോമീറ്റര്‍ ദൂരത്തുള്ള സൈറ്റിലേക്ക് തൊഴിലാളികള്‍ക്കുള്ള ഭക്ഷണം വാഹനത്തിലേക്ക് എടുത്തു വെയ്ക്കുവാന്‍ തിടുക്കം കൂട്ടി .പൊരിവെയിലില്‍  പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു മണിക്ക് മുന്‍പ്‌ ഭക്ഷണം എത്തിക്കുവാനാണ് അയാളുടെ തിടുക്കം കൂട്ടല്‍ .ഭക്ഷണ  പാത്രങ്ങള്‍ എല്ലാം വാഹനത്തില്‍ കയറ്റിയപ്പോള്‍ അയാള്‍ തിടുക്കത്തില്‍ വാഹനം ഓടിച്ചു പോയി .പട്ടണം കഴിഞ്ഞ് വിജനമായ മൂന്നുവരി  പാതയിലൂടെ അമിത വേഗതയില്‍ അയാള്‍ വാഹനം ഓടിച്ചുകൊണ്ടിരുന്നു . പാതിവഴി പിന്നിട്ടപ്പോള്‍ ഒന്നാം പാതയിലൂടെ പോകുന്ന വാഹനത്തില്‍ നിന്നും യുവാക്കളായ അറബികള്‍ ഇസ്മായിലിന് നേരെ കളിയാക്കുന്ന തരത്തില്‍ കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുകയും അയാളുടെ വാഹനത്തിന് മുന്‍പിലേക്ക് വാഹനം ഓടിക്കുകയും ചെയ്തു കൊണ്ടിരുന്നു .കുറേ നേരം ആ നില തുടര്‍ന്നു .അയാള്‍ വേഗത കുറയ്ക്കുമ്പോള്‍ അറബിയും വേഗത കുറയ്ക്കും .അറബികളുടെ വാഹനത്തെ മറികടക്കാന്‍ അയാള്‍ ശ്രമിച്ചു പൊടുന്നനെ അറബികളുടെ വാഹനം അയാളുടെ വാഹനം പോകുന്ന പാതയിലേക്ക് കയറി ബ്രൈക്ക് ചവിട്ടി ഒപ്പം അയാളും .അയാളുടെ വാഹനം നിയന്ത്രണം വിട്ട് മൂന്നാമത്തെ പാതയിലൂടെ പോകുന്ന ട്രെയിലറില്‍ ഇടിച്ചു പല തവണ മറിഞ്ഞു .

അസര്‍ ബാങ്കിനുള്ള സമയമാകാറായപ്പോള്‍  വാപ്പ വീട്ടില്‍ നിന്നും ഇറങ്ങി അല്‍പം നടന്നപ്പോള്‍ അയാളുടെ ഭാര്യ അയാളെ പുറകില്‍ നിന്നും വിളിച്ചു .അവര്‍ മുംതാസിന്‍റെ മൊബൈല്‍ഫോണ്‍ അയാളുടെ നേരെ നീട്ടി പറഞ്ഞു .

,, മോന്‍റെ സ്നേഹിതനാണ് വാപ്പാനെ ചോദിക്കുന്നു ,,

,, ഇങ്ങനെയൊരു പതിവില്ലല്ലാ ഇത്‌പ്പോ എന്താണാവോ ,,

,, ഇങ്ങള് സംസാരിച്ച് നോക്കീം മനുഷ്യാ ..,,
അയാള്‍ മൊബൈല്‍ഫോണ്‍ വാങ്ങി ചെവിയോടടുപ്പിച്ചു .

,, ഹലോ ഇസ്മായില്‍ ഇക്കാടെ വാപ്പയല്ലെ ,,

,, അതെ നിങ്ങള് ആരാ ഓന് എവിടെ ഇസ്മായില്‍ ,,

,, ഞാന്‍ ഇസ്മായില്‍ ഇക്കാടെ റൂമില്‍ താമസിക്കുന്നയാളാ ഇസ്മയില്‍ ഇക്ക ഓടിക്കുന്ന  വണ്ടി മറിഞ്ഞു.ഇസ്മയ്ല്‍ ഇക്ക ഇപ്പോള്‍ അബോധാവസ്ഥയില്‍  ആശുപത്രിയിലാണ് നില അല്‍പം സീരിയസ്സാണ് .,,

വാക്കുകള്‍ മുഴുവിപ്പിക്കുന്നത്തിനു മുന്പ് തന്നെ മൊബൈല്‍ഫോണ്‍ അയാളുടെ   കയ്യില്‍നിന്നും താഴെ വീണു .

അയാളുടെ ഭാര്യ താഴെ വീണ  മൊബൈല്‍ഫോണ്‍ എടുക്കുവാനായി തുനിഞ്ഞു കൊണ്ട് ചോദിച്ചു .

,, എന്താ .. എന്താ ഉണ്ടായെ ,,

,, നമ്മുടെ മോന്‍ ,,

,, നിങ്ങള് കാര്യം പറ നമ്മുടെ മോന് എന്താ ഉണ്ടായെ ,,

,, മോന് ഓടിക്കുന്ന  വണ്ടി മറിഞ്ഞൂന്ന്‍,,

,, ഞാനെന്താണ് ഈ കേക്കണത്    എന്‍റെ റബ്ബേ ,,

ഉമ്മ വാവിട്ടുകരയുന്നത്‌ കേട്ടപ്പോള്‍ മുംതാസ് അടുക്കളയില്‍ നിന്നും പുറത്ത് വന്ന് ക്കാര്യം തിരക്കി .വിവരമറിഞ്ഞ മുംതാസും കരയുവാന്‍ തുടങ്ങി .വാപ്പ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായനായി നിന്നു .പരിസരവാസികള്‍ ഓടിക്കൂടി വിവരമറിഞ്ഞവര്‍ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടി .ദിവസങ്ങള്‍  കൊഴിഞ്ഞു പോയികൊണ്ടിരുന്നു .ഒരു  ദിവസം ഇസ്മയിലിന്‍റെ വാപ്പയെ തേടി സൌദിഅറേബ്യയില്‍ നിന്നും  മുംതാസിന്‍റെ മൊബൈല്‍ഫോണിലേക്ക് ഒരു   ഒരു കോള്‍ വന്നു .മുംതാസ്  ഫോണ്‍ വാപ്പയ്ക്ക്‌ കൈമാറി .മറുതലയ്ക്കല്‍ നിന്നും മുന്‍പ്‌ വിളിക്കാറുള്ള ആളുടെ ശബ്ദം .വാപ്പ  മകന്‍റെ അസുഖ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയോടെ കാതോര്‍ത്തുനിന്നു .


,, ഞാന്‍  ഇസ്മായില്‍ ഇക്കയുടെ അരികില്‍ നിന്നും  വിളിക്കുന്നു .ഇപ്പോഴും ഇസ്മായില്‍ ഇക്ക അബോധാവസ്ഥയില്‍ തന്നെയാണ് .ഡോക്ടര്‍മാര്‍ പറയുന്നത് .മസ്തിഷ്കത്തിന് തകരാറ് പറ്റിയെന്നാണ് അപകടം ഉണ്ടായ ഉടനെ ഹാര്‍ട്ട്‌ അറ്റാക്കും  ഉണ്ടായി എന്ന് പറയുന്നു ,,

,, എന്‍റെ മോനെ നിങ്ങള് എങ്ങിനെയെങ്കിലും ഇവിടേക്ക് എത്തിക്കുമോ .ഞങ്ങള്‍ ഇവിടെ ചികിത്സിച്ചു അസുഖം ഭേദമാക്കിക്കോളാം ,,

,, നാട്ടിലേക്ക് ഇസ്മയില്‍ ഇക്കയെ ഈ അവസ്ഥയില്‍  കൊണ്ടു വരാന്‍ കഴിയില്ല .യന്ത്രങ്ങളുടെ സഹായത്താലാണ് ഇപ്പോള്‍  ജീവന്‍ നില നിര്‍ത്തുന്നത് .ഇവിടെയാവുമ്പോള്‍ സര്‍ക്കാരിന്‍റെ ചിലവില്‍ ചികിത്സ നടക്കും .നാട്ടില്‍ ചികിത്സിക്കുവാന്‍ ഭീമമായ തുക നമ്മള്‍ കാണേണ്ടിവരും ,,

വിളിച്ചയാള്‍ പിന്നീട് കുറെയേറെ സംസാരിച്ചു .മസ്തിഷ്കം നിര്‍ജീവമായ  ഇസ്മായില്‍ ഇനി ജീവിതത്തിലേക്ക് തിരികെ വരില്ല എന്നും യന്ത്രം പ്രവര്‍ത്തിക്കാതെയിരുന്നാല്‍ ജീവന്‍ നിശ്ചലമാകുമെന്നും  ഡോക്ടര്‍ പറഞ്ഞ വിവരം  അയാള്‍ വാപ്പയോട് മനപ്പൂര്‍വം പറഞ്ഞില്ല .ഇസ്മയിലിന്‍റെ കുടുംബം അസുഖങ്ങള്‍ ഭേദമായി  ഇസ്മായില്‍ വരുന്നതും കാത്തിരുന്നു .ഇസ്മായില്‍ ഇപ്പോള്‍ ഒന്നും അറിയുന്നില്ല .പ്രവര്‍ത്തനരഹിതമായ മസ്തിഷ്കവുമായി യന്ത്രങ്ങളുടെ സഹായത്താല്‍ ജീവന്‍ നിലകൊള്ളുന്ന   അയാളുടെ സ്വപ്നങ്ങള്‍ക്ക് ഇനി ഈ ജന്മത്തില്‍ സാക്ഷാത്കാരമില്ല .മനുഷ്യര്‍ ജീവിതം ആസ്വദിച്ചു ജീവിക്കുവാന്‍ തന്നെയാണ് ശ്രമിക്കുക .സ്വപ്നങ്ങളാല്‍ ജീവിതത്തില്‍ നേടാവുന്ന അത്രയും സമ്പത്ത് നേടുവാനായി മനുഷ്യര്‍ രാപകല്‍ അദ്ധ്വാനിക്കുന്നു .അപ്പോഴൊന്നും കൂടുതല്‍ പേരും മരണത്തെക്കുറിച്ച് ചിന്തിക്കുകപോലുമില്ല .അത് മനുഷ്യസഹജമാണ് .അല്ലെങ്കിലും മരണമെന്ന ഭയാനകമായ നിമിഷത്തെ ഓര്‍ത്തുകൊണ്ടിരുന്നാല്‍  ജീവിക്കുവാനുള്ള പ്രേരണ തന്നെ മനുഷ്യനില്‍ അന്യമാകും .

ഇസ്മായിലിന്‍റെ പണം വീട്ടിലേക്ക് എത്തുന്നത് നിലച്ചപ്പോള്‍ കുടുംബം ജീവിക്കുവാന്‍ നന്നേ കഷ്ടത അനുഭവിക്കുവാന്‍ തുടങ്ങി. ആ വീട്ടില്‍ എല്ലാവരും കുഞ്ഞുങ്ങളെ എങ്ങിനെയെങ്കിലും ഇപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ പഠിപ്പിക്കണം എന്ന് തീരുമാനിച്ചു .മദ്രസ്സ അദ്ധ്യാപനത്തില്‍ നിന്നും മസ്ജിദിലെ മുക്രി തൊഴിലില്‍ നിന്നും ലഭിക്കുന്ന വേതനം കൊണ്ട് ആ കുടുംബത്തെ ചിലവുകള്‍ വഹിക്കുവാന്‍ വാപ്പ നന്നെ പാടുപെട്ടു.ഗ്രാമത്തിലെ നല്ലവരായ ചിലര്‍ സഹായ ഹസ്തം നീട്ടിയപ്പോള്‍ വാപ്പ ആ സഹായങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു .എങ്ങിനെ ആയാലും കുഞ്ഞുങ്ങളെ നല്ലത് പോലെ പഠിപ്പിക്കുക എന്നത് മാത്ര മായിരുന്നു വാപ്പയുടെ ചിന്ത .

ഇസ്മായിലിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികള്‍ക്കും ഏറെക്കുറെ വാപ്പയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അറിയാം .കണ്ണുനീര്‍ തോരാത്ത അവരുടെ ഉമ്മയുടെ മുഖം ആ കുഞ്ഞുങ്ങളെ വിഷമിപ്പിച്ചു .അതുകൊണ്ട് തന്നെ കുട്ടികള്‍ വാപ്പയെ കുറിച്ച് വീട്ടില്‍ ഒന്നും സംസാരിക്കാറില്ല .പക്ഷെ മൂന്ന് വയസ്സ് കഴിഞ്ഞ മകന്‍ അങ്ങിനെ ആയിരുന്നില്ല .ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ അവന്‍റെ അരികില്‍ വന്ന് കുന്നോളം സ്നേഹിച്ച വാപ്പയുടെ ഓര്‍മകളായിരുന്നു ആ പൈതലിന്‍റെ മനസ്സ് നിറയെ  .ഒരു ദിവസ്സം മകന് ഉച്ച ഭക്ഷണം നല്‍കി അവനെ ഉറക്കാനായി കിടപ്പ് മുറിയില്‍ തറയില്‍ വിരിച്ച പായയില്‍ കിടക്കുകയായിരുന്നു .ഏറെനേരം കഴിഞ്ഞിട്ടും മകന്‍ ഉറങ്ങാതെ ആയപ്പോള്‍ മുംതാസ് പറഞ്ഞു .

,, ഉമ്മച്ചീടെ പൊന്നു മോനെന്താ ഉറങ്ങാതെ കിടക്കുന്നെ ,,

,, വാപ്പച്ചി ഇനി എന്ന വരിക ഉമ്മച്ചീ .വാപ്പച്ചി ഇപ്പൊ എന്താ വിളിക്കാത്തെ .എനിക്ക് വാപ്പച്ചീടെ ശബ്ദം കേള്‍ക്കണം ,,

മേശപ്പുറത്തു നിന്നും  മൊബൈല്‍ഫോണ്‍ എടുത്ത് മുംതാസിന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ട് ആ കുരുന്ന് പറഞ്ഞു .

,, ഉമ്മച്ചി വാപ്പച്ചിക്ക് വിളിച്ചു തായോ .എനിക്ക് വാപ്പച്ചീനെ കാണണം .എനിക്ക് വാപ്പച്ചീനെ ആയി ആന കളിക്കണം ,,

കുഞ്ഞിനോട് എന്തു  മറുപടി  പറയണം എന്നറിയാതെ  മുംതാസ് എഴുന്നേറ്റുനിന്നു .അവള്‍ക്ക് സങ്കടം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ ബാത്ത്‌റൂമില്‍  കയറി പൈപ്പിലെ വെള്ളം തുറന്നിട്ട്‌ പൊട്ടിക്കരഞ്ഞു .അല്പനേരം കഴിഞ്ഞപ്പോള്‍ മുംതാസിനെ കാണാതെയായപ്പോള്‍ കുഞ്ഞ് വാതിലില്‍ ഉച്ചത്തില്‍ തട്ടുവാന്‍ തുടങ്ങി അവള്‍ മുഖം കഴുകി പുറത്തിറങ്ങി .കുഞ്ഞിനെ എടുത്തുകൊണ്ട് ചുംബനം നല്‍കി കൊണ്ട് പറഞ്ഞു .

,, മോന്‍റെ വാപ്പച്ചി വരും  ആന കളിക്കാന്‍ മോന്‍റെ വാപ്പച്ചി ഒരു ദിവസ്സം വരും എന്നിട്ട് ഈ വീടിന് അകത്ത് മുഴുവന്‍ മോന്‍റെ വാപ്പച്ചി മോനേയും പുറത്തിരുത്തി ആനയെ പോലെ നടക്കും. ഇപ്പൊ ഉമ്മച്ചീടെ പൊന്നു മോന്‍ നല്ല കുട്ടിയായി കിടന്ന് ഉറങ്ങിയെ .കുഞ്ഞ് അനുസരണയോടെ  വീണ്ടും പായയില്‍ പോയി കിടന്നു .മുംതാസ് കുഞ്ഞിന്‍റെ അരികില്‍ കിടന്ന് താരാട്ട് പാട്ട് പാടി കുഞ്ഞിനെ ഉറക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിന്നു ,,

ലാഇലാഹ  ഇല്ലള്ളാഹു     ലാഇലാഹ  ഇല്ലള്ളാ
ലാഇലാഹ  ഇല്ലള്ളാ മുഹമ്മദു റസൂലുള്ളാ
താലോലം താലോലം താലൊലം കുഞ്ഞേ
താലോലം കേട്ടു നീ ഉറങ്ങണം കുഞ്ഞേ ...
താലോലം കേട്ടു നീ ഉറങ്ങണം മോനെ  ...
                                                     
                                                                          ശുഭം
rasheedthozhiyoor@gmail.com             rasheedthozhiyoor.blogspot.com

Search This Blog