വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ഓർമയിലെ ഖുർഷിദ് ഹസൻ

"പ്രവാസം ഒരു ശിക്ഷയാണ്
സ്വയം തീർക്കുന്ന തടവറ
പ്രിയപ്പെട്ടവരുടെ സന്തോഷത്തിനായി
സ്വപ്നങ്ങള്‍ ഹൃദയത്തില്‍ ചിതയൊരുക്കി എരിച്ചടക്കുന്നവനാണ് പ്രവാസി"
ഖുർഷിദ് ഭായിയെ ഞാന്‍ കാണുന്നത് വർഷങ്ങൾക്ക് മുൻപാണ്
റിയാദിൽ വെച്ച്
മാർക്കറ്റിൽ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങാൻ വേണ്ടി ടാക്സി കാത്തു നിൽക്കുമ്പോഴാണ്
എങ്ങോട്ടാ പോവേണ്ടതെന്നും ചോദിച്ചു അയാള്‍ വന്നത്
ഒരു അസ്സല്‍ ബംഗാളി , വേഷത്തിലും ഭാവത്തിലും
ഉച്ചവെയിലിന്റെ കാഠിന്യം കാരണം കൂടുതല്‍ ഒന്നും ചോദിക്കാതെ പോകേണ്ട സ്ഥലം പറഞ്ഞു.
കള്ള ടാക്സി ഓടിക്കുന്നവർ നഗരത്തില്‍ ഒരുപാട് ഉണ്ട് കൂട്ടത്തില്‍ മലയാളികളെയും കണ്ടിട്ടുണ്ട്, തുച്ഛവരുമാനത്തിൽ നിന്ന് ഒരു നേരിയ രക്ഷ അങ്ങനെ  ഉള്ളവരില്‍ ഒരാള്‍ മാത്രം  എന്ന എന്റെ  ചിന്തയെ മാറ്റി മറിക്കുന്നതായിരുന്നു അദ്ദേഹവുമായുള്ള പരിചയപ്പെടൽ.
 അതൊരു തുടക്കമായിരുന്നു,
പിന്നീട് അദ്ദേഹമായി ഞങ്ങളുടെ സാരഥി,
ഖുർഷിദ് ഹസൻ എന്ന ബംഗ്ലാദേശുകാരൻ!!
കൂടുതലും അദ്ദേഹത്തിന്റെ വേഷം സൗദികളുടെ വെള്ള കുർത്തയാണ്
അതിന്റെ വെളുത്ത നിറം മങ്ങി മണ്ണു നിറമായിട്ടുണ്ട്' നീണ്ട വെള്ള താടി പറ്റെ വെട്ടിയ മീശ തലയില്‍ ഒരു തൊപ്പി ചെറിയ മനുഷ്യന്‍ !!
 സംസാരിക്കുമ്പോൾ ഹിന്ദിയും അറബിയും ബംഗ്ലയും കൂടിക്കലരും
സംസാരത്തിനിടെ തമാശ ഇല്ലെങ്കില്‍ പോലും പൊട്ടിച്ചിരിക്കും
സൗദി അറേബ്യ യില്‍ എത്ര വർഷമായി എന്ന എന്റെ ചോദ്യത്തിന് തിരിച്ച് ഒരു ചോദ്യം ചോദിച്ചു അദ്ദേഹം
എത്ര വയസ്സായി . . ?
ഞാന്‍ എന്റെ പ്രായം പറഞ്ഞപ്പോള്‍ വെളുക്കെ പൊട്ടിച്ചിരിച്ചു
പിന്നെ പറഞ്ഞു
നിങ്ങള്‍ ജനിക്കുന്നതിനു മുൻപെ ഞാന്‍ ഇവിടെയുണ്ട്  പണ്ട് ഉംറയ്ക്കുള്ള വിസയിൽ വന്നിറങ്ങി പിന്നെ ജോലിക്കു കയറി  ഒന്നും രണ്ടുമല്ല മുപ്പത്തി ആറ് വർഷം കഴിഞ്ഞു ഇവിടെ "
മുപ്പത്തി ആറ് വർഷം !!
ജീവിതത്തിന്റെ പകുതിയില്‍ അധികം.
നാട്ടില്‍ പോയിട്ട് ഇപ്പോള്‍ എത്ര വർഷമായി എന്നായി എന്റെ ചോദ്യം
ആ മനുഷ്യന്‍ കുറെ സമയം ചിരിച്ചു
പിന്നെ മുൻപിലെ നീണ്ട പാതയിലേക്ക് മിഴിയയച്ചു പതിയെ പറഞ്ഞു
അത്രയും വർഷമായി ഞാനിവിടെ മുപ്പത്തി ആറ് വർഷത്തിനിടെ ഒരിക്കല്‍ പോലും പോയിട്ടില്ല  ...!!
വല്ലാത്തൊരു നിശബ്ദത പരന്ന പോലെ തോന്നി
ജന്മ നാടും സ്വന്തക്കാരെയും വിട്ട്  ഇത്രയും കാലം ഓർക്കാൻ കൂടി വയ്യ
 "അപ്പോള്‍ വീട്ടുകാരൊക്കെ "
ഖുർഷിദ് ഭായി ദീർഘമായി ഒന്നു നിശ്വസിച്ചു പിന്നെ വെറുതെ ചിരിച്ചു
എല്ലാ മനോവ്യഥകളും അതില്‍ അലിയിച്ചു കളയാനെന്ന പോലെ
പിന്നെ പറഞ്ഞു തുടങ്ങി
സ്വന്തമായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബംഗ്ലാദേശ് പാക്കിസ്ഥാൻ വിമോചന യുദ്ധം നടന്ന
1971ൽ പാക്കിസ്ഥാനിൽ നിന്ന് ഞങ്ങള്‍ ബംഗ്ലാദേശിൽ എത്തുന്നത്  അന്നത്തെ സമരത്തില്‍ അച്ചനും പങ്കാളിയായിരുന്നു  പാക്കിസ്ഥാൻ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചതാണ് അദ്ദേഹം, മറ്റു ബന്ധുക്കളൊക്കെ എവിടെ ആണെന്ന് അറിയില്ലായിരുന്നു
കണ്ടെത്താന്‍ ഒരു മാർഗവുംം ഉണ്ടായിരുന്നില്ല
പിന്നെ എങ്ങനെയൊക്കെയോ ജീവിച്ചു
ഞങ്ങള്‍ മാത്രമല്ല ഒരുപാട് പേരുണ്ടായിരുന്നു അനാഥരായവർ
അന്ന് പതിനാലു വയസ്സായിരുന്നു എനിക്ക് എന്തൊക്കെയോ ജോലി ചെയ്തു ജീവിച്ചു , അതിനിടെ ഉംറയ്ക്ക് പോകുന്നതിനെ പറ്റി അറിഞ്ഞത് അങ്ങനെ സ്വരൂപിച്ചുണ്ടാക്കിയ പണം കൊണ്ട്  പതിനെട്ടാമത്തെ വയസ്സിൽ ഇവിടെ എത്തി
തിരിച്ചു പോകണം  ഒരു വീടുണ്ടാക്കി അമ്മക്കൊപ്പം ജീവിക്കണം കല്യാണം കഴിക്കണം ഇതൊക്കെ ആയിരുന്നു സ്വപ്നങ്ങള്‍ അങ്ങനെ മൂന്ന് വർഷങ്ങൾ!! പിന്നെ തിരിച്ചു പോകാനുള്ള വെമ്പലായിരുന്നു അമ്മയെ കാണാനുള്ള മോഹം കലശലായിരുന്നു അമ്മയ്ക്ക് ഞാന്‍ മാത്രമല്ലെ ഉള്ളത് പരസ്പരം കാണാതെ മൂന്ന് വർഷം കഴിഞ്ഞു ഇടയ്ക്ക് എപ്പോഴെങ്കിലും  നാട്ടില്‍ നിന്ന് ആളുകള്‍ വരുമ്പോള്‍ കൊടുത്തു വിടുന്ന എഴുത്തുകൾ ആയിരുന്നു വിശേഷങ്ങള്‍ അറിയാനുള്ള ഏക വഴി
അങ്ങനെ പോകാനുള്ള ഒരുക്കമായിരുന്നു അതിനിടെ ആണ്‌ നാട്ടില്‍ നിന്ന് ഒരാള്‍ വന്നത് എഴുത്തുകളുടെ കൂട്ടത്തില്‍ എനിക്കും ഉണ്ടായിരുന്നു ഒരെണ്ണം
അമ്മയുടെ കത്ത് !!
ആർത്തിയോടെ പൊട്ടിച്ചു വായിക്കാന്‍ തുടങ്ങുമ്പോളറിഞ്ഞു
അമ്മയുടെതല്ല അമ്മയ്ക്ക് വേണ്ടി കത്തെഴുതുന്ന അയൽവാാസിയുടേതാണ് അമ്മ അവരെ കൊണ്ടാണ് എഴുതിക്കാറുള്ളത്
അതായിരുന്നു എന്നെ തേടിയെത്തിയ അവസാനത്തെ കത്ത്
അമ്മ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞിരുന്നു അതായിരുന്നു ഉള്ളടക്കം
പിന്നെ നാട്ടില്‍ പോകാന്‍ തോന്നിയില്ല
ഇനി ആരുണ്ട് അവിടെ..?
അമ്മ ഇല്ലാത്ത നാടും വീടും ഓർക്കാൻ കൂടി വയ്യായിരുന്നു
ആരുമില്ല അവിടെ  കാത്തിരിക്കാൻ ഇവിടെ നിന്ന് പോകുമ്പോള്‍ സ്വീകരിക്കാന്‍ സന്തോഷിക്കാൻ.
 പിന്നെ കാലം അത് ഒഴുകി കൊണ്ടേ ഇരിക്കുന്നു  ആരെയും കാത്തു നിൽക്കുന്നില്ല അതിന്റെ കുത്തൊഴുക്കിൽ പിടിച്ചു നിൽക്കാൻ പഴുതുകൾ ഒന്നുമില്ല നരകൾ ബാധിച്ചും തൊലി ചുളിഞ്ഞും മാറ്റങ്ങള്‍ ഉണ്ടാക്കി പൊയ്ക്കൊണ്ടേ ഇരിക്കുന്നു ഇനി ജീവിതത്തില്‍ ഒന്നും ഉണ്ടാക്കി എടുക്കാനോ നേടാനോ ഒന്നുമില്ല ഈ ജീവിതം ഇങ്ങനെ കഴിഞ്ഞു പോകണം,
ഇങ്ങനെ ജീവിക്കുമ്പോഴും ഒരു തോന്നലുണ്ട് അവിടെ എന്നെയും കാത്ത് അമ്മ ഉണ്ട് എന്ന തോന്നൽ, അമ്മ ഇല്ല എന്നത് എന്നെ ആരോ പറ്റിക്കാൻ പറഞ്ഞതാവാം  ഒരിക്കല്‍ ഞാന്‍ പോകും അമ്മയുടെ അടുക്കലേക്ക് എന്നൊരു തോന്നൽ അന്ന് കെട്ടിപ്പിടിച്ചു കരഞ്ഞിറങ്ങിയ അതേ പതിനെട്ടു കാരനായിട്ട് ചെല്ലും അമ്മയുടെ മുന്നിലേക്ക് അന്ന് ഞങ്ങള്‍ക്കിടയിലെ കൊഴിഞ്ഞു വീണ വർഷങ്ങൾ ഒന്നുമല്ലാതാവും എന്നൊക്കെ  വെറുതെ തോന്നും.
നിറഞ്ഞു വരുന്ന കണ്ണുകള്‍ ഒളിപ്പിക്കാൻ പണിപ്പെടുുന്നുണ്ടായിരുന്നു  അദ്ദേഹം
സൗദി അറേബ്യയിലെ ഒരുപാട് സ്ഥലങ്ങളില്‍ ജോലി ചെയ്തു നാട്ടുകാരും അല്ലാത്തവരുമായി ഒരുപാട് പേർക്കൊപ്പം ഇവിടെ റിയാദിൽ പതിനൊന്ന് വർഷമായി, വയസ്സായ സൗദിയുടെ ഡ്രൈവര്‍ ആയിരുന്നു അദ്ദേഹം മരിച്ചപ്പോൾ മക്കള്‍ തന്നതാണ് ഈ പഴയ വണ്ടി,  സ്വന്തമായി ഓടിച്ചു തുടങ്ങി ടാക്സി പോലെ
എനിക്ക് കുറഞ്ഞ ചെലവെ ഉള്ളൂ ചെറിയ മുറിയുണ്ട് അതിന്റെ വാടകയും എന്റെ ഭക്ഷണത്തിനും മാസം വേണ്ടത് നാനൂറോ അഞ്ഞൂറോ റിയാൽ.
 ബാക്കി ഉള്ളത് നാട്ടിലെ അനാഥാലയത്തിലേക്ക് അയക്കും ദൈവം സഹായിച്ച് മാസം നാൽപതിനായിരമോ മുപ്പതിനായിരമോ ബംഗ്ലാദേശ് ടാക്ക  സ്വരൂപിച്ച് അയക്കാന്‍ സാധിക്കുന്നുണ്ട്, ആർക്കെങ്കിലും ഉപകാരപ്പെടെട്ടെ ജീവിതം, ഒരുപാട് കുട്ടികള്‍ പഠിക്കുന്നുണ്ട് അവിടെ ആരുമില്ലാത്തവർ എല്ലാവരും ഉണ്ടായിട്ടും അനാഥരായവർ, ഇപ്പോള്‍ എനിക്ക് പേടി  ഉണ്ട്, ഇനി എത്ര കാലം ഞാന്‍ ഇങ്ങനെ ഉണ്ടാവും, ഞാന്‍ അയക്കുന്ന വരുമാനം നിന്നാല്‍ ആ കുഞ്ഞുങ്ങളുടെ കാര്യം വിഷമത്തിലാവും. അതാണ് എന്റെ സങ്കടം.
 റിയാദിൽ നിന്ന് വിട പറയുന്നത് വരെ ഞങ്ങൾക്ക് നല്ലൊരു സഹായി ആയിരുന്നു ആ വലിയ മനുഷ്യന്‍
 ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു
"വേണ്ട നമ്മള്‍ വെറും ചിത്രങ്ങളായി മാത്രം ബാക്കിയാവരുത് മറ്റുള്ളവരുടെ മനസ്സില്‍ നന്മയായി ശേഷിക്കണം അപ്പോള്‍ അവരുടെ പ്രാർത്ഥനയിൽ നമ്മുടെ മുഖവുമുണ്ടാവും"
ഇന്ന് ഖുർഷിദ് ഹസൻ  ഇടയ്ക്കിടെ മറവിയുടെ നിശബ്ദതയെ ഭേദിച്ച് ഒരു പൊട്ടിച്ചിരിയുമായി മനസ്സിലേക്കെത്തും.
                                                              അസീസ് ഈസ . 966 540643971

56"


എന്നും  രാവിലെ എഴുന്നേറ്റ്‌ പതിവിൻപടി പ്രഭാതകൃത്യമായ 'പതിനഞ്ച്‌ ലക്ഷം രൂപാ അക്കൗണ്ടിലിട്ടുതാടോ കള്ളത്താടീ' എന്ന് വിവിധപോസ്റ്റുകളിലായി വാരിവിതറി ദിവസം ആരംഭിക്കുന്ന ഭൂരിഭാഗം മലയാളികളേയും പോലെ എനിക്ക്‌ അന്തം വിട്ടുനിൽക്കാനാകുമായിരുന്നില്ല.
പ്രൈവറ്റ്‌ ഹോസ്പിറ്റലുകളിലെ ഗൈനക്കോളജി വിഭാഗത്തിലെ പ്രധാനവരുമാനമാർഗ്ഗമായ ഗർഭിണികളുടെ മാസാമാസ സ്കാനിംഗിൽപ്പെടുന്ന അഞ്ചാം മാസ ഡീറ്റെയ്‌ല്ഡ് സ്കാനിംഗിന്റെ തലേന്ന് രാത്രി പ്രധാനമന്ത്രിയുടെ ഇരുട്ടടി പ്രഖ്യാപനമുണ്ടായതുകൊണ്ട്‌ നവംബറിൽ നടത്തേണ്ട അഞ്ചാം മാസ സ്കാനിംഗ്‌ ഡിസംബർ 31 കഴിഞ്ഞ്‌ നടത്തിയാൽ മതിയോയെന്ന് ചോദിക്കാനുള്ള ധൈര്യമുണ്ടായില്ലെങ്കിലും കൈയ്യിൽ സൂക്ഷിച്ചിരുന്ന പൂഴ്ത്തിവെയ്പ്പ്‌ പണമായ രണ്ട്‌ ചുവന്ന നോട്ടുകളും ഏഴ്‌ മഞ്ഞനോട്ടുകളും പോക്കറ്റിൽക്കിടന്ന് പല്ലിളിക്കാൻ തുടങ്ങിയിരുന്നു.
പ്രധാനമന്ത്രിയുടെ ഇരുട്ടടി ഉണ്ടാകുന്നതിനു ഒരു മാസം മുൻപേ തന്നെ നിശ്ചയിച്ചിരുന്ന ഭാര്യയുടെ സ്കാനിംഗും,അനിയത്തിയുടെ ജോലിസ്ഥലമായ കോഴിക്കോട്ടേയ്ക്കുള്ള യാത്രയും എങ്ങനെ ഒഴിവാക്കും?എന്തായാലും ഒമ്പതാം തിയതി രാവിലേ തന്നെ വിനയകുലശനായി ഭാര്യാസമേതം അടുത്തുള്ള (കു)പ്രസിദ്ധമായ സ്വകാര്യ ആശുപത്രിയിലെത്തി.രണ്ട്‌  ബ്ലഡ്‌ ടെസ്റ്റുകളും ,സ്കാനിംഗും,മരുന്നുമായി കൈയിലിരുന്ന അയ്യായിരം കോടിയുടെ കള്ളപ്പണം വെളുപ്പിച്ച്‌ രാഷ്ട്രപുരോഗതിയ്ക്ക്‌ സമർപ്പിച്ചു.
സ്വകാര്യശേഖരത്തിൽ ആകെയുണ്ടായിരുന്ന കള്ളപ്പണം മിഷൻ അമ്മമാരുടെ കാർഡ്‌ പേമെന്റില്ലാത്ത ആശുപത്രിയിൽ പണമായി നൽകി കള്ളപ്പണം പൂഴ്ത്താൻ കൂട്ടുനിന്ന് രാജ്യദ്രോഹം നടത്തിയ വിഷമത്തിൽ പുറത്തിറങ്ങി വിലാസിനിച്ചേച്ചിയുടെ നായർ വിലാസം ചായക്കടയിൽ കയറി നൂറ്റി ഇരുപത്തയ്യായിരം രൂപയുടെ കള്ളപ്പണം കൂടി വെളുപ്പിച്ച്‌ തിരികെ ഭാര്യാസമേതം വീട്ടിലെത്തി ഇരുന്നും കിടന്നും നടന്നും കൂലങ്കഷമായി ആലോചിച്ചു.മിച്ചമുള്ള ആയിരം രൂപയുടെ ചില്ലറപ്പണം ഇന്നത്തെ അവസ്ഥയിൽ പതിനായിരത്തിന്റെ ഗുണം ചെയ്യുമെങ്കിലും അതുമായി മാത്രം എങ്ങനെയാണു കോഴിക്കോടിനു പോകുന്നത്‌?
കൂടുതൽ ചിന്തിച്ച്‌ ടെൻഷനാകുന്നതിനു മുൻപ്‌ അളിയൻ ദീപേഷിന്റെ തന്ത്രം പ്രയോഗിക്കാമെന്ന് പറഞ്ഞത്‌ ഭാര്യ ദിവ്യ തന്നെ.പൊന്നാങ്ങള ടെൻഷൻ വന്നാൽ അപ്പോൾത്തന്നെ ഒരു പ്ലേറ്റ്‌ ചോറുണ്ണും.ആ മാർഗ്ഗം തന്നെ അവലംബിച്ചു.കൈവിരലുകൾ വൃത്തിയാക്കി ഏമ്പക്കം വിട്ട്‌ കൈകഴുകി സിറ്റൗട്ടിൽ വന്നിരുന്ന് അൽഫോൻസാമ്മയുടെ ചിത്രമുള്ള അഞ്ചുരൂപയുടെ ബ്ലാക്ക്‌ മണിയെടുത്ത്‌ മുകളിലേയ്ക്ക്‌ നൊടിച്ചെറിഞ്ഞു. ഭാര്യയുടെ അക്കൗണ്ടിൽ വെളുത്തപണമുണ്ടായിരുന്നതിനാൽ അൽഫോൻസാമ്മ എങ്ങനെ താഴെയെത്തിയാലും കോഴിക്കോട്ട്‌ പോക്കിനൊരു മാറ്റവുമില്ലെന്ന് ഉറപ്പിച്ചിരുന്നതിനാൽ മുകളിൽ കിടന്ന് കറങ്ങുന്ന ഫാനിൽത്തട്ടി കള്ളനാണയം വിരിയിലേയ്ക്ക്‌ തെറിച്ച്‌ ഒളിവിൽപ്പോയി.
"ഒന്നുകിൽ പോകാതെ നിങ്ങൾക്കിവിടെയിരുന്ന് ബ്ലോഗിൽ കമന്റുകളിടാം.,വാട്സപ്‌ ഗ്രൂപ്പുകളിൽ ചെന്ന് രാപാർക്കാം.അല്ലെങ്കിൽ ഇത്തിരി കഷ്ടപ്പെട്ടായാലും പെങ്ങളുടെ അടുത്ത്‌ ചെന്ന് സുഖാന്വേഷണം നടത്താം.ഏത്‌ വേണമെന്ന് നിങ്ങൾ തീരുമാനിക്കൂ."വിരിയ്ക്കിടയിലൂടെ തലപുറത്തേയ്ക്കിട്ട്‌ ഒരു സംഘിപ്പല്ലി ചിലച്ചു.
അകത്തേയ്ക്ക്‌ നടക്കുമ്പോൾ കുലദേവതചിത്രത്തിന്റെ പുറകിൽ നിന്ന് "ഞങ്ങളൊരു അഖിലേന്ത്യാപണിമുടക്ക്‌ പ്രഖ്യാപിച്ചാൽ നിങ്ങൾ കെട്ട്യോനും കെട്ട്യോളും പെരുവഴീൽ കുടുങ്ങും "എന്ന് ചിലച്ച സഖാപ്പിപ്പല്ലിയുടെ ജൽപനം മുഖവിലയ്ക്കെടുത്തില്ല.
കട്ടിലിനടിയിൽ അലക്ഷ്യമായിക്കിടന്നിരുന്ന ബാഗെടുത്ത്‌ അതിൽക്കിടന്നിരുന്ന സാധനങ്ങൾ പുറത്തേക്കിട്ട്‌ ബാഗിനെ ലൈഫ്‌ബോയ്‌ ഇട്ട്‌ കുളിപ്പിച്ച്‌ വെയിലത്തിട്ടുണക്കി മൂന്നാലുകർപ്പൂരക്കഷ്ണങ്ങൾ പാകി വസ്ത്രങ്ങൾ പായ്ക്ക്‌ ചെയ്തു.
നേരം വെളുത്ത്‌ എട്ടുമണിയായപ്പോൾ അഞ്ഞൂറിന്റെ കള്ളപ്പണം കൂടി ഭാരതീയ തീവണ്ടിശൃംഖല വഴി രാഷ്ട്രപുരോഗതിയ്ക്കായി വിട്ടുനൽകി കോഴിക്കോടിനു തിരിച്ചു.
ജീവിതത്തിൽ അന്നേ വരെ കഴിച്ചിട്ടില്ലാത്തത്ര അതീവരുചികരമായ ചിക്കൻ ബിരിയാണി തന്ന് സത്ക്കരിച്ച കോഴിക്കോട്‌ റെയിൽവേസ്റ്റേഷനിലെ ഹോട്ടൽമുതലാളിയുടെ അച്ഛനുമമ്മയ്ക്കും,ജനിയ്ക്കാനിരിയ്ക്കുന്ന സന്തതിപരമ്പരകൾക്കും  നന്മ മാത്രം സംഭവിക്കണമേയെന്ന് മനസ്സിൽ പ്രാർത്ഥിച്ച്‌ അനിയത്തി സിന്ധുവിന്റെ വീട്ടിലെത്തി.
സ്വച്ഛഭാരത്‌ സിദ്ധാന്തപ്രകാരം ചിക്കൻ ബിരിയാണിയെ സുരക്ഷിതമായി സൂക്ഷ്മജീവികൾക്ക്‌ വിഘടിപ്പിക്കാനായി വിട്ടുനൽകി ഹോട്ടലുകാരന്റെ പിതൃജനങ്ങൾക്ക്‌ വീണ്ടും ഭാവുകങ്ങൾ നൽകി ,ലഘുവായൊരു സ്നാനവും കഴിഞ്ഞ്‌ രുചികരമായൊരു ലെമൺ റ്റീ കുടിച്ചപ്പോൾ യാത്രാക്ഷീണം ഇരുവർക്കും പമ്പകടന്നു.
ആങ്ങളയേയും നാത്തൂനേയും കണ്ട അനിയത്തി സിന്ധുവിന്റെ സന്തോഷം കണ്ടപ്പോൾത്തന്നെ മനസ്സ് നിറഞ്ഞു.
കഥകളിലൂടെ വായിച്ചറിഞ്ഞ മിഠായിത്തെരുവിലൂടെ നടക്കാൻ ഇറങ്ങിയ ഞാൻ,അമ്മി,ഭാര്യ,അനിയത്തി നാലംഗസംഘത്തിന്റെ ലക്ഷ്യം രണ്ട്‌ ലേഡീസ്‌ ഹാൻഡ്ബാഗാണെങ്കിലും അത്രയും തിരക്കിലൂടെ നടക്കാൻ കിട്ടുന്ന അവസരം പാഴാക്കാൻ തോന്നിയില്ല.ആകെ  അസ്വാരസ്യമായി തോന്നിയത്‌ കടകളിൽ തൂക്കിയിട്ടിരുന്ന 'അഞ്ഞൂറും ആയിരവും നോട്ടുകൾ സ്വീകരിക്കുന്നതല്ല 'എന്ന ബോർഡുകളും ;അവർ പറയുന്ന മലയാളം നമ്മുടെ കോട്ടയം മലയാളവുമായി പൊരുത്തപ്പെടാത്തതുമായിരുന്നു.ഭാര്യയുടെ പാലക്കാടൻ മലയാളം പോലും തോറ്റുപോയി.
നോട്ട്‌ തിരസ്കാരമുള്ള കടകൾ കയറിയിറങ്ങി നടന്ന് നടന്ന് ക്ഷീണിച്ചപ്പോൾ അനിയത്തി പറഞ്ഞു.
"രാപകലില്ലാതെ രോഗികളെ നോക്കിയുണ്ടാക്കിയ കാശാ,ഒരു മോഡി കാരണം പൈസ നീട്ടിപ്പിടിച്ച്‌ തെണ്ടേണ്ട ഗതികേടാ."
"പൈസ ഉണ്ടേലും എന്നാ ഗതികേടാ.?കലികാലം മോഡിയായിട്ടവതരിച്ചേക്കുവാ!."അമ്മി.
കള്ളനോട്ട്‌,തീവ്രവാദം,കുഴൽപ്പണം,കള്ളപ്പണം എന്നിവ ഒരു വശത്തും;നടന്ന് നടന്ന് ദാഹിച്ചുവലഞ്ഞ്‌ ഒരടിനടക്കാനാവാത്ത അവസ്ഥ മറുവശത്തുമായി വന്ന് നിന്ന് പരിഹസിച്ചപ്പോൾ ഒരോ സോഡാനാരങ്ങാവെള്ളം കുടിച്ച്‌ രാജ്യസ്നേഹം വെളിവാക്കി.
വീണ്ടും നടന്ന് നടന്ന് പറ്റിയ ബാഗുകൾ കണ്ടെത്തി വിലപേശൽ നടത്തി "അഞ്ഞൂറിന്റെ നോട്ടെടുക്കുമോ ചേട്ടാ? " എന്ന ചോദ്യത്തിൽ മൂക്കും കുത്തിവീണ കച്ചവടക്കാരൻ "ഞങ്ങളും പണ്ട് സർജ്ജിക്കൽ അറ്റാക്ക്‌ നടത്തിയിട്ടുണ്ടെന്ന്" പറഞ്ഞ ഏ.പി.ആന്റണിച്ചേട്ടൻ ട്രോളന്മാരെ പേടിച്ച്‌ അപ്രത്യക്ഷനായതുപോലെ അപ്രത്യക്ഷനായി.
ഏഴുമാസം ഗർഭിണിയായ അനിയത്തിയേയും,അഞ്ചുമാസം ഗർഭിണിയായ ഭാര്യയേയും ,നടന്ന് നടന്ന് അവശയായ അമ്മിയേയും കൂട്ടി അതിലുമധികം അവശനായി ഞാനും അവളുടെ വീട്ടിലേയ്ക്ക്‌ നടന്നു.
അതേ പകൽ പനി പിടിച്ച അവശനായ അച്ഛൻ മരുന്ന് വാങ്ങാൻ ഫെഡറൽ ബാങ്കിന്റെ ക്യൂവിൽ നിന്നതും;അനിയൻ പെട്രോൾ പമ്പ്‌ വഴി ചില്ലറയ്ക്കായി അലഞ്ഞതും; അതേ രാത്രി അളിയൻ ധനു 'സ്വർണ്ണക്കടുവ' സിനിമ കാണിയ്ക്കാനായി അഞ്ഞൂറിന്റെ നോട്ട്‌ മാറ്റാൻ മാർഗ്ഗമില്ലാതെ രാത്രിയിൽ കൂട്ടുകാരന്റെ കൈയിൽ നിന്നും രണ്ടായിരത്തിന്റെ നോട്ടുമായി വന്ന് തീയേറ്ററിൽ കൊടുത്ത്‌ ടിക്കറ്റ്‌ എടുത്തതുമൊന്നും പിന്നീടൊരു പ്രശ്നമായി തോന്നിയില്ല.
★  ★  ★  ★  ★  ★  ★  ★  ★  ★
ഇത്‌ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ ചെറുതായി പെട്ടുപോയ കാര്യം പറഞ്ഞതാണ്.ഈ വിഷയത്തിലെ എന്റെ അഭിപ്രായം താഴെപ്പറയുന്നതുകൊണ്ട്‌ ആർക്കും പിണക്കം തോന്നണ്ട ട്ടോ.
ഞങ്ങളെപ്പോലുള്ള അതി സാധാരണക്കാരായ ആൾക്കാർക്ക്‌ വന്ന ബുദ്ധിമുട്ടുകൾ തുലോം ചുരുക്കമല്ലെങ്കിലും രണ്ടായിരത്തിന്റെ നോട്ടുകൾക്ക്‌ പകരം പുതിയ അഞ്ഞൂറുരൂപാനോട്ടുകൾ വിപണിയിലെത്തിച്ചിരുന്നെങ്കിൽ ഈ പ്രയാസമുണ്ടാകുമായിരുന്നില്ല എന്ന് മാത്രമേ എനിയ്ക്ക്‌ തോന്നുന്നുള്ളൂ.
ഒരു ലക്ഷത്തി എഴുപത്തയ്യായിരം കോടികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കോടാനുകോടികൾ കൊള്ളയടിച്ച; സ്വന്തം മക്കളേയും മരുമക്കളേയും അമേരിക്കയിലും,ബ്രിട്ടണിലും അയച്ച്‌ പഠിപ്പിച്ച്‌ ജോലി നേടി അവിടെ സെറ്റിൽ ആക്കിയിട്ട്‌ പാവങ്ങളെ സേവിയ്ക്കാനിറങ്ങുന്ന നേതാക്കളുള്ള ഈ കാലത്ത് ഒരു ഭരണാധികാരിയ്ക്കു അദ്ദേഹത്തിന്റെ അധികാരം തന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന പ്രവൃത്തി ആണ് മോഡി  നടപ്പിലാക്കിയത് . ഈ നടപടി മൂലം അടുത്ത ഇലക്ഷനിൽ മോഡിക്ക് ഭരണം നഷ്ടപ്പെടാനാണ് സാധ്യത. അത് സംഭവിച്ചാലും ഇല്ലെങ്കിലും ഇപ്പോൾ മോഡി ചെയ്തത് ശരി ആയ കാര്യം തന്നെ ആണ്.സാധാരണക്കാർക്ക് വേണ്ടി ഒരു ഭരണാധികാരിയ്ക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഒരു മഹത് കാര്യം ആയി അതിനെ നാളെ ലോകം വിധി എഴുതും.ബി.ജെ.പി പ്രസ്ഥാനത്തിന്റെ അസ്തിവാരം തന്നെ തോണ്ടിക്കളയുന്ന നടപടിയാണെങ്കിലും ഇതിലൂടെ ഈ നാടിന്റെ ഉന്നമനം ഞാൻ സ്വപ്നം കാണുന്നു..................

പുഞ്ചിരിയുടെ രഹസ്യം (കഥ)

      
രണത്തിന്റെ മണവും പേറി ചന്ദനത്തിരികളിൽ നിന്നും ഉയർന്നുപൊങ്ങിയ പുകചുരുളുകൾ ശൂന്യതയിൽ അലിഞ്ഞു ചേർന്നില്ലാതായി. മരണവീടിന്റെ വികാരാധീതമായ അന്തരീക്ഷത്തിൽ ഏതോ വൃദ്ധൻ ഉരുവിട്ടുക്കൊണ്ടിരുന്ന ഖുർആൻ വചനങ്ങൾ എല്ലാത്തിനും അതീതമായി നിറഞ്ഞു നിന്നു.

മരണവീട്ടിലേക്ക് ആളുകൾ വന്നുപൊയിക്കൊണ്ടിരിക്കുകയാണ് .

വെള്ളത്തുണിയിൽ പൊതിഞ്ഞു കിടത്തിയ പതിനാറുകാരന്റെ ശരീരം കണ്ട ആർക്കും തന്നെ അവൻ മരിച്ചു കിടക്കുന്നതുപോലെ അനുഭവപ്പെട്ടതേയില്ല, കാരണം അവന്റെ മുഖത്ത് അപ്പൊഴുമൊരു പുഞ്ചിരി അവശേഷിച്ചിരുന്നു. സ്വർഗത്തിലെ സവിശേഷ സ്ഥാനം അർഹതപ്പെട്ടവന്റെ ചുണ്ടുകൾ മരണത്തിലും പുഞ്ചിരിക്കുമത്രേ. എന്നാലും ആളുകൾക്കിടയിൽ അവന്റെ പുഞ്ചിരി നിഗൂഢമായി തുടർന്നു.

മരണത്തിനു തുല്യമായി ജീവിക്കുന്നതിലും ഭേദം മരണം തന്നെയായിരുന്നു. ആൾക്കൂട്ടത്തിൽ നിന്നാരോ അവന്റെ വിയോഗത്തെ ഇങ്ങനെ അടയാളപ്പെടുത്തി. ഉമ്മയുടേയും അടുത്ത ബന്ധുക്കളിൽ കുറച്ചുപേരുടേയുമൊഴികെ ബാക്കിയെല്ലാവരുടേയും കണ്ണിൽ കഴിഞ്ഞ രണ്ടര വർഷക്കാലം മരണത്തിനു തുല്ല്യമായിട്ടാണ് അവൻ ജീവിച്ചത്. ശരീരമൊന്നനക്കാൻ പോലും അവനു കഴിഞ്ഞിരുന്നില്ല.  ഒരിക്കൽ വീട്ടിൽ വന്ന ബന്ധുക്കളിലാരോ പറയുകയുണ്ടായി എന്റെ കുട്ടിയെ ഇങ്ങനെ കിടത്തി ഏത്രയാന്നു കരുതി നരകിപ്പിക്കാതെ റബ്ബെ അവനു വേഗം നിന്റെ വഴി കാണിച്ചു കൊടുക്കേണമേയെന്ന്. മുൻപ് പല തവണ ഇത്തരം വാക്കുകൾ കേട്ടു മടുത്തിട്ടാവണം അവന്റെ ഉമ്മാക്ക്  തന്റെ മകനെ തന്നിൽ നിന്നും  വേർപെടുത്താനുള്ള പ്രാർത്ഥനകളുമായി വരുന്നവരാരും എന്റെ വീടിന്റെ പടിക്കൽ കാലുകുത്തരുതെന്നു അറുത്തുമുറിച്ചു പറയേണ്ടിവന്നത്. ആരോടും മുഖം കറുപ്പിച്ച് സംസാരിക്കാൻ മാത്രം ശക്തയൊന്നു മായിരുന്നില്ല അവർ, കാലത്തിന്റെ വിപരീതമായ ഒഴിക്കിനൊത്ത് അതിനു പരുവപ്പെടുകയായിരുന്നു .

അത്രയും അഗാധമായി അവർ മകനെ സ്നേഹിച്ചു.
അവനിൽ ജീവന്റെ ചെറിയ തുടിപ്പു മാത്രമാണ് അവശേഷിക്കുന്നതു എങ്കിലും ജീവിതത്തിന്റെ അനന്തകാലം വരെയും അവൻ തന്നോടൊപ്പം തന്നെ വേണമെന്നാണ് ആ ഉമ്മയുടെ പ്രതിജ്ഞ.

ഈ നിമിഷത്തിൽ അവളുടെ സ്നേഹം സംശയത്തിന്റെ നിഴലിലാണ്. കാരണം ജീവൻ പൊലിഞ്ഞ മകന്റെ ദേഹത്തിനടുത്തിരിക്കുമ്പോഴും ഒരിക്കൽ പ്പോലും അവൾ കണ്ണീർ വാർത്തതില്ല, പോരാത്തതിനു മുന്നത്തേക്കാൾ കൂടുതൽ  പ്രസന്നവതിയായി കാണപെടൂകയും ചെയ്യുന്നു. അതിൽ ആളുകൾക്ക് മുറുമുറുപ്പുണ്ടായിരുന്നു. സ്ത്രീജനങ്ങൾക്കിടയിൽ അസംതൃപ്തിയുടെ അളവ് കൂടുതലായിരുന്നു. കാരണം അവരെല്ലാം തന്നെ സ്നേഹത്തെ കണ്ണീരുക്കൊണ്ട് അളക്കുന്നവരായിരുന്നു. ഒരാളുടെ വേർപാടിൽ നിങ്ങളെത്രമാത്രം കണ്ണീർ പൊഴിക്കുന്നുവോ അതിനനുസരിച്ചായിരിക്കും നിങ്ങളുടെ  സ്നേഹം കണക്കാക്കപെടുക . അതിനു മുമ്പ് ചെയ്തതുമെടുത്തതുമെല്ലാം അവരുടെ കാഴ്ച്ചയിൽ ശൂന്യമാണ്.

വയസ്സറിയിച്ച അതേ വർഷത്തിലായിരുന്നു റസിയയുടെ വിവാഹവും  കഴിഞ്ഞത്. ഇല്ലായ്മയിലുംവല്ലായമയിലും പൊറുതിമുട്ടിയിരുന്ന റസിയയുടെ കുടുംബത്തിനു സാമ്പത്തികമായി കുറച്ചെങ്കിലും മെച്ചപ്പെട്ട കുടുംബത്തിലേക്ക് മകളെ പറഞ്ഞയക്കുന്നത് ഒരാശ്വാസമായിരുന്നു. മകളെങ്കിലും രക്ഷപ്പെടുമല്ലോ. അങ്ങനെ അവരുടെ ദാമ്പത്യം സുഖകരമായി മുന്നേറുന്നതിനിടയിൽ മറ്റൊരു സന്തോഷം പെൺ കുഞ്ഞിന്റെ രൂപത്തിൽ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അതിന്റെ മധുരം നുകർന്ന് തുടങ്ങുമ്പോഴേക്കും സന്തോഷം ദുഖത്തിന്റെ തോളിൽ തലചായ്ച്ചു. ജനിച്ചു രണ്ടുമാസം തികയും മുമ്പ് മുലപ്പാൽ മൂക്കിൽ കയറി കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയാണുണ്ടായത് . ദുരന്തങ്ങൾ അവിടംക്കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല, അവയ്ക്ക് റസിയയുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കാനുണ്ടായിരുന്നു. സന്തോഷത്തിന്റെ നിറം കെടുത്താൻ, ആഗ്രഹങ്ങളുടെ മുനയൊടിക്കാൻ, പ്രതീക്ഷയുടെ കൂടുപൊളിക്കാൻ അവ നീണ്ടുപോയിക്കൊണ്ടിരുന്നു. അവളുടെ ജീവിതത്തിന്റെയോരോ  പകുതിയിലും ദുരന്തങ്ങൾ ദുഖം വിതക്കാനായി പതിയിരുന്നു.

പെൺകുഞ്ഞിനെ തിരികെയെടുത്തതിനു പ്രായശ്ചിത്തമായി ദൈവം നൽകിയ ആൺ കുഞ്ഞിനു മൂന്ന് വയസ്സായപ്പോഴാണ് അവളുടെ ജീവിതത്തിലേക്ക് മറ്റൊരു ദുരന്തം വിമാനാപകടത്തിന്റെ രൂപത്തിൽ വന്നത്. ആ വർഷം മംഗലാപുരത്ത് വിമാനാപകടത്തിൽപെട്ടു മരിച്ച ഇരുന്നൂറ്റിയെൺപത്തൊൻപതു പേരിലൊരാൾ അവളുടെ ഭർത്താവായിരുന്നു.

മൂത്തകുഞ്ഞ് മരണപ്പെട്ടതിന്റെ മനോവേദനയിൽ സമനില നഷ്ട്പെട്ട് സ്ഥലകാല ബോധം മറന്ന് ജീവിച്ച നാളുകളിൽ ഒരുപോള കണ്ണടക്കാതെ തനിക്ക് കൂട്ടുകിടന്നവന്റെ, ജീവിതത്തിൽ മറ്റെന്തിനേക്കാളും കൂടുതൽ സ്നേഹിച്ചവന്റെ മരണം അവളെ തളർത്തി. എങ്കിലും അവൾ മനോനില കൈവെടിഞ്ഞില്ല. ആരു കൈ നീട്ടിയാലും പോവാത്ത, മറ്റൊരാൾ ഭക്ഷണം കൊടുത്താലും കഴിക്കാത്ത, തന്റെ കുറച്ചു നേരത്തെ അസാന്നിധ്യത്തിലും കരഞ്ഞു കരഞ്ഞു ക്ഷീണിച്ചു തളർന്ന കുഞ്ഞിന്റെ മനസ്സിലുണ്ടായിരുന്നതുക്കൊണ്ടാവാം അവളുടെ ഓർമകൾ അബോധത്തിലേക്ക് ഇടറിവീഴാതിരുന്നത്.

ആകസ്മികമായി സംഭവിച്ചൊരാ ദുരന്തം അവളുടെ ജീവിതത്തിന്റെ അടിത്തറയിളക്കാൻ പോന്നതായിരുന്നു. കഠിനവ്യഥയിൽ നിന്നും സ്വല്പാൽപ്പമായി സാധാരണ ജീവിതത്തിലേക്ക് തിരികെ കയറിയ റസിയയ്ക്ക് പിന്നീടങ്ങോട്ടുള്ള നാളുകൾ തിരിച്ചറിവുകളുടേതായിരുന്നു. കെട്ടിച്ചുകൊണ്ടുപോരുന്ന വീടുകൾ പെൺക്കുട്ടികൾക്ക് ഒരിക്കലും സ്വന്തമാകില്ലെന്നും ചിലപ്പോഴെങ്കിലും അവളവിടെ അന്യയായി തിർന്നേക്കാം. പ്രത്യേകിച്ച് ഭർത്താവിന്റെ മരണശേഷം എന്നതായിരുന്നു അവളുടെ തിരിച്ചറിവുകളിൽ പ്രബലമായത്. ഭർതൃവീട്ടുകാർക്ക് അവിടേക്കു പറിചുനട്ട സ്ത്രീകളെ ജീവിച്ചിരിക്കുന്ന മക്കളുടെ ഭാര്യമാരായിട്ടു മാത്രമേ കാണാൻ കഴിയുകയുള്ളു . എല്ലാ തിരിചറിവുകൾക്കു മൊടുവിൽ മരിച്ച ഭർത്താവിന്റെ വീട്ടിൽ താനൊരു അന്യയാവുന്നുവെന്ന തോന്നാലാണ് അവൾക്ക് അവിടം വിട്ടിറങ്ങാൻ പ്രേരണയായത്.

രണ്ടാം വിവാഹത്തിനായുള്ള നിരന്തര ഓർമപ്പെടുത്തൽ സഹിക്കവയ്യാതയപ്പോൾ കൂടിയാണ്  അവൾ സ്വന്തം ഉമ്മയുടെയും വാപ്പയുടേയും അരികെ പോവാൻ നിർബന്ധിതയായത് . മറ്റൊരു വിവാഹത്തിനു അവൾക്ക് സമ്മതമാണോ അല്ലയോയെന്നതൊന്നും പ്രസക്തമല്ല. ഒൻപതാം തരത്തിലെ വാർഷിക പരീക്ഷയ്ക്ക് ഒന്നു രണ്ടുമാസം ബാക്കിയിരിക്കെയാണ് അവളുടെ നിക്കാഹ് കഴിഞ്ഞത് അതോടെ പഠിത്തം നിന്നു . അന്നു വയസ്സ് പതിനഞ്ച് കല്ല്യാണം കഴിഞ്ഞിട്ടിപ്പോ ആറേഴ് വർഷമായി. ഇന്നിപ്പൊ വയസ്സ് ഇരുപത്തിയൊന്ന് , വളരെ ചെറിയ പ്രായം. അവളുടെ കൂടെ പഠിച്ച പലരുടെയും വിവാഹം കഴിയുന്നതു തന്നെയിപ്പോഴാണ് . പച്ച മാംസത്തിന്റെ ദാഹം തീർന്നിട്ടുപോലുമുണ്ടാവില്ല. പിന്നെ ഭർത്തവൊരാളിന്റെ വരുമാനത്തിലാണ് റസിയ ഇത്രയുംകാലം കഴിഞ്ഞിരുന്നത്. അതുകൊണ്ട് മറ്റുള്ളവരുടെ കണ്ണിൽ അവൾക്കിനി ജീവിക്കണമെങ്കിൽ ഒരേയൊരു കുട്ടിയെ വളർത്തണമെങ്കിൽ  മറ്റൊരു വിവാഹം കഴിക്കുകയെ നിർവാഹമുള്ളു.

അവളെ കെട്ടാൻ അദ്യം സന്നദ്ധതയറിയിച്ചത് ഭർത്താവിന്റെ സഹോദരനായിരുന്നു . അള്ളാഹുവിന്റെ കൽപ്പന പ്രകാരം അതവന്റെ കടമക്കൂടിയാണ് . സ്വർഗരാജ്യത്തിലെ അതിനുള്ള പ്രതിഫലം മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കപ്പുറത്താണ് . പക്ഷെ ഇത്രയും കാലം സഹോദരനായി കരുതിയിരുന്നവനെ പെട്ടെന്നൊരു സുപ്രഭാതത്തിൽ ബന്ധം മാറ്റി പ്രതിഷ്ടിക്കാൻ കഴിയാത്തവരുടെ കൂട്ടത്തിലായിരുന്നു റസിയയും. മറ്റൊന്നു കൂടിയുണ്ട് ജീവിതാവസാനം വരെയും തന്റെ ജീവശ്വാസം  അറിഞ്ഞവനെ മാത്രമേ സ്നേഹിക്കുകയുള്ളൂവെന്നത് അവളുടെ ഉറച്ച തീരുമാനങ്ങളിലൊന്നായിരുന്നു .

പിന്നിടേണ്ടിയിരുന്ന പാത കരുതിയിരുന്നതിലും എത്രയോ ദുഷ്ക്കരമായിരുന്നു. എങ്കിലും അവൾ തനിയെ നടന്നു . വീട്ടുകാർക്ക് താനൊരു ബാധ്യതയാകുന്നുവെന്ന ബോധമാണ് അവളിൽ സ്വന്തം കാലിൽ നിൽക്കണമെന്ന തോന്നലുണ്ടാക്കിയത്. റസിയ ആദ്യം തയ്യൽ പടിക്കാൻ ചേർന്നു. അതിനുശേഷം വീട്ടിലിരുന്ന് ചെറിയ തോതിൽ തയ്ച്ചുകൊടുക്കാൻ തുടങ്ങി . തുടക്കത്തിൽ തയ്ക്കാൻ കൊടുക്കുന്നവരുടെ എണ്ണം വളരേ കുറവായിരുന്നു. പക്ഷേ അവളുടെ സ്റ്റിച്ചിങ്ങിലെ കൃത്യത കണ്ട് തുന്നാൻ കൊടുക്കുന്നവരുടെ  എണ്ണം പിന്നെ പിന്നെയേറിവന്നു . ഊണും ഉറക്കവും മറന്ന് , രാവെന്നോ  പകലെന്നോ ഇല്ലാതെ അവൾ കഠിനമായി അദ്ധ്വാനിച്ചു. ഇടക്കെപ്പോഴൊ ഊറിയിറങ്ങിയ നിരാശാബോധം , എല്ലാം തന്റെ മകനുവേണ്ടിയാണല്ലോയെന്ന ആശ്വാസത്തിൽ പാടേ വറ്റിപ്പോയി.

 റസിയയുടെ പ്രതീക്ഷ മുഴുവൻ മകനിലായിരുന്നു.  ആ പ്രതീക്ഷകൾക്കു നിറം പകരുന്ന തരത്തിലാണ അവൻ വളർന്നതും. പ്രതീക്ഷയുടെ നിറങ്ങളെ അവൻ ബ്രഷിൽ ചാലിച്ച് ക്യാൻവാസിലേക്ക് പകർന്നു.  സാമ്പത്തിക പരാധീനതകളെക്കുറിച്ച് അവനു ഉത്തമ ബോധ്യമുണ്ടായിരുന്നു. അതുക്കൊണ്ടു തന്നെ അവന്റെയാവശ്യങ്ങൾ നന്നേ കുറവായിരുന്നു.

അവൻ ഒന്നിനുവേണ്ടിയും ശാഠ്യം പിടിച്ചില്ല. വിദ്യാലയത്തിലെ ഏറ്റവും മിടുക്കരായ  വിദ്യാർഥികളിൽ ഒരാളായിരുന്നു അവനും. നല്ല മര്യാദ, അച്ചടക്കം, വിനയം ,സഹാനുഭൂതി, അനുകമ്പ. ക്ഷമ  ഇവയെല്ലാം ചേർന്ന മറ്റുള്ളവർക്ക് കൈചൂണ്ടികാണിക്കാൻ പോന്ന മാതൃകയായിരുന്നു റസിയയുടെ കുട്ടി. അവളോട് ഒരധ്യാപിക പറയുകയുണ്ടായി  ഇതുപൊലൊരു മകനെ കിട്ടാൻ പുണ്യം ചെയ്യണമെന്ന് . അതിനു മറുപടിയായി അവൾ ചെറുതായൊന്ന് പുഞ്ചിരിച്ചതേയുള്ളൂ. എന്താണു അവൾ ചെയ്തപുണ്യം. പുണ്യങ്ങളുടെ അളവ് കൂടിയതുക്കൊണ്ടാണോ ജീവിതത്തിൽ ജീവിതത്തിൽ ഇത്രയുമധികം ദുഖം ഒന്നിച്ച് അനുഭവിക്കേണ്ടി വന്നത്. അതിനുത്തരം നൽകാൻ ആർക്കുമാവില്ല.. ഒരു മനുഷ്യജന്മത്തിൽ അനുഭവിച്ചു തീർക്കേണ്ട ദുഖങ്ങളെല്ലാം ഒന്നിച്ചു വന്നതുക്കൊണ്ട് ഇനിയൊന്നുമേ ഈ വഴിക്കു  വരില്ലായെന്ന ഉറച്ച വിശ്വാസത്തിൽ കഠിനമെങ്കിലും സുന്ദരമായ ജീവിതം മുന്നോട്ടു നീങ്ങി. അപ്പോഴും അജ്ഞാതനായ വേട്ടക്കാരൻ ദുരന്തമെന്ന ഇരട്ട ചങ്കുള്ള തോക്കുമായി അവളുടെ പ്രതീക്ഷകൾക്കു നേരേ ഉന്നം പാർത്തു നിൽക്കുന്നുണ്ടയിരുന്നു.

രണ്ടരവർഷങ്ങൾക്കു മുമ്പ്, അവനന്ന് എട്ടാം തരത്തിൽ പഠിച്ചുക്കൊണ്ടിരിക്കുന്ന വർഷം. അസംബ്ലിയിൽ പ്രതിജ്ഞ പറഞ്ഞുകൊടുക്കുന്നതിനിടയിൽ അവനൊന്ന് തളർന്നു വീണു. അന്നതത്ര കാര്യമാക്കിയില്ല. പിന്നെ പിന്നെ ഒരോദിനങ്ങൾ കഴിയുന്തോറും അവന്റെ ചലനങ്ങൾ പതിയെ കുറഞ്ഞുക്കൊണ്ടിരുന്നു . ആശുപത്രിയിലൊക്കെ കാണിച്ചു കുറെയേറേ വൈദ്യപരിശോധനകളൊക്കെ നടത്തി പക്ഷെ എന്താണു അസുഖമെന്ന് കണ്ടെത്താനായില്ല.  വൈദ്യശാസ്ത്രത്തിന്റെ പരിധിക്കു പുറത്തു കിടന്നിരുന്ന അറിയപ്പെടാത്ത രോഗത്തിനു കുറിച്ച മരുന്നുകൾ അവന്റെ ശരീരത്തിലുണ്ടാക്കിയ പാർശ്വഫലങ്ങളുടെ തോത് കരുതിയിരുന്നതിലും കൂടുതലായിരുന്നു. ശരീരത്തിൽ അവിടവിടങ്ങളിലായി മാംസം വിണ്ടുകീറി അതിൽ നിന്നും ചോരയും ചലവും ഒഴുകിയിറങ്ങി. വേദനകൾ അസഹ്യമായതുക്കൊണ്ടാവാം  അടുത്ത ചികിത്സാ ശാഖയിലേക്കവർ കൂടുമാറിയത്. പിന്നിട് അവന്റെ ജീവിതം തൈലങ്ങളുടേയും കഷായങ്ങളുടെയുമിടയിൽ പുകഞ്ഞു നീങ്ങി.  ബാല്യം മുതൽ സ്നേഹിച്ചു തുടങ്ങിയ നിറങ്ങൾ ഒറ്റപ്പെടലിന്റെ  വേദന മറക്കാനുള്ള സൂത്രവാക്യം അവനു പറഞ്ഞു കൊടുത്തു . ചുവരിൽതൂക്കിയിട്ടിരിക്കുന്ന താൻ നിറം പകർന്ന രചനകളിലൂടെ അവൻ ഉന്മത്തനായി സഞ്ചരിച്ചു. കയ്യിന്റെ ചലനം നിലക്കുന്നതുവരേയും അവയുടെ എണ്ണം നിരന്തരം കൂടി.

മണ്ണിൽ പുതപ്പിക്കുവാനായി അവന്റെ ശരീരവുമേറ്റു വാങ്ങിക്കൊണ്ടു ഒരു കൂട്ടമാളുകൾ ദിക് റുകളുരുവിട്ടുക്കൊണ്ട് പള്ളിത്തൊടിയിലേക്കു യാത്രയായി. തന്നെ അശ്വാസിപ്പിക്കുവാനായി കാത്തു നിന്നവരുടെ വാക്കുകൾക്ക് കാതുകൊടുക്കാതെയവൾ തന്റെ മകൻ സ്വപ്നങ്ങൾ കണ്ടു കിടന്ന മുറിക്കകത്തു കയറി വാതിലടച്ചു. ദു:ഖമുള്ള മനസ്സിനല്ലേ ആശ്വാസവാക്കുകളുടെ ആവശ്യമുള്ളൂ. ലോകം വിട്ടുപോയിട്ടും തന്റെ മകൻ അവിടെ തന്നെ കിടക്കുന്നതായി റസിയ്ക്ക് അനുഭവപ്പെട്ടു. നാലു ചുവരുകളിൽ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന അവന്റെ പെയ്ന്റിംങ്ങുകളിലൂടെ അവളുടെ കണ്ണുകൾ സഞ്ചരിച്ചു. ആ നിമിഷത്തിൽ അവനൊരിക്കൽ പറഞ്ഞത് അവൾ വ്യക്തതയോടെ ഓർമിച്ചു.

''ഉമ്മാ.. ഞാൻ ഇടക്കൊകെ സങ്കല്പിക്കുന്ന ഒരു കാര്യമുണ്ട് , ഞാൻ മരിച്ചു കഴിയുമ്പോൾ ഉമ്മ ഇവിടെ വന്നു നിന്ന് എന്റെ പെയ്ന്റിംങ്ങുകൾ വെറുതെ നോക്കി നിൽക്കുന്ന രംഗം. അപ്പോൾ ഉമ്മാന്റെയുള്ളിൽ ഞാൻ മാത്രം നിറഞ്ഞു നിൽക്കും.''
''അപ്പോൾ മാത്രം എന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയില്ലാതെ സ്നേഹത്തോടെ സന്തോഷത്തോടെ ഉമ്മ ഈ മകനെക്കുറിച്ച് ഓർമിക്കും. മരണത്തിനു ശേഷമുള്ള അവസ്ഥ എന്തായിരിക്കുമെന്നറിയില്ല. അന്ന് ഇതൊക്കെ കാണാൻ കഴിയുമോ.''

അവന്റെ ചിന്തകൾ  മറ്റുള്ളവരിൽ നിന്നെല്ലാം എത്രയോ ഉയർന്നതായിരുന്നു.  അവന്റെ വാക്കുകൾ പത്തമ്പതു വർഷത്തെ നെടുനീളൻ ജീവിതം അനുഭവിച്ചു തീർത്ത മനുഷ്യന്റേതുപ്പോലെ പാകപ്പെട്ടതായിരുന്നു. ഒരിക്കൽ പാലിയേറ്റീവ് സെന്ററിൽ നിന്നു വന്ന പ്രതിനിധിയവനോട് പറഞ്ഞു ; ''നീ ബഡ്സ് സ്കൂളിൽ പടിക്കുന്നത് നല്ലതായിരിക്കും . നിന്റേതിനേക്കാൾ കൂടുതൽ കഷ്ട്പ്പെടുന്ന കുട്ടികളെ കാണുമ്പോൾ നിനക്ക് നിന്റെ അവസ്ഥ കാര്യമല്ലാത്ത കാര്യമായി തോന്നും.''
അതിനുള്ള മറുപടിയായി അവൻ പറഞ്ഞു ; ''ഒരുപക്ഷെ അങ്ങനെ തോന്നുമായിരിക്കാം പക്ഷേ കൂടുതൽ കഷ്ടപെടുന്നവരെ കാണുമ്പോൾ അവർക്കു വേണ്ടിയൊന്നും ചെയ്യാൻ കഴിയാത്ത എന്റെ നിസഹയാവസ്ഥയായിരിക്കും അപ്പോഴെന്നെ വേദനിപ്പിക്കുക.''

ആ വലിയ മനുഷ്യൻ അവനെ നമിച്ചു കടന്നു പോയി.

മരിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുമ്പ് അവൻ പറഞ്ഞു;
''ഉമ്മാ.. ഞാൻ മരിച്ചാൽ നിങ്ങള്  കരയ്‌വോ? പറയൂ ഉമ്മാ നിങ്ങള്  കരയ്‌വോ.'' അവളൊന്നും മിണ്ടിയില്ല. ഉമ്മായുടെ മറുപടിക്ക് കാത്തുനിൽ ക്കാതെ അവൻ തുടർന്നു. അപ്പോൾ ഉമ്മ കരയരുത്. ഉമ്മയുടെ ചിരിക്കുന്ന മുഖം കാണാനാണെനിക്കിഷ്ടം. അല്ലെങ്കിലും ഉമ്മാ എന്തിനാണ് കരയുന്നത്. ഒരു മനുഷ്യായുസ്സിനുള്ളതെല്ലാം കരഞ്ഞു തീർത്തതല്ലെ. ''മരിച്ചാലും ഞാനീ ലോകത്തു തന്നെ മരിക്കാതെയുണ്ടാവും.'' ''പുറം ലോകത്തെ സ്വപ്നമായി ഉള്ളിൽ കണ്ടു ജീവിക്കാൻ വിധിക്കപ്പെട്ട ഒരോ മനുഷ്യനും ഞാനായിരിക്കും''.

ജീവിതം ഇനിയെങ്ങോട്ടെന്നറിയാതെ മിഴിച്ചുനിൽക്കുന്ന ഈ നിമിഷത്തിൽ അവന്റെയവസാന വാക്കുകൾ അവളുടെ ബോധോദയമാണ്. അവന്റെ വാക്കുകളൊരു പാതയാണ്, അവിടെയവനൊരു വെളിച്ചമായി കാത്തുനിൽക്കുകയാണ് . ആ പാതയിലൂടെ തന്നെ നടക്കാൻ അവൾ തീരുമാനിച്ചു.. 

Search This Blog